വിദേശികള്‍ക്കുള്ള പൊതു ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ത്തലാക്കാന്‍ ശുപാര്‍ശ

രാജ്യത്തെ വിദേശികള്‍ക്കുള്ള പൊതു ആരോഗ്യ ഇന്‍ഷൂറന്‍സ് സംവിധാനം നിര്‍ത്തലാക്കാന്‍ ശുപാര്‍ശ
സുപ്രീം കൗണ്‍സില്‍ ഫോര്‍ പ്ളാനിങ് ആന്‍റ് ഡെവലപ്മെന്‍റ് നിയോഗിച്ച പൊതുനയ സമിതിയാണ് രാജ്യത്തെ പൊതു ആരോഗ്യ സംവിധാനത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ത്തലാക്കാന്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തത്.
ആരോഗ്യ ഇന്‍ഷൂറന്‍സ് പോലുള്ള സംവിധാനങ്ങള്‍ രാജ്യത്തെ സ്വദേശികളും വിദേശികളും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ വര്‍ഷത്തില്‍ താമസരേഖ പുതുക്കുന്നതിനോടൊപ്പം വിദേശികള്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് ഫീസായി 50 ദീനാര്‍ അടക്കുന്നുണ്ട്.
ഇതോടെ മിക്ക പൊതു ആരോഗ്യ സേവനങ്ങളും സൗജന്യമായി ലഭിക്കുന്നു. ഇത് പൊതു ആരോഗ്യ സംവിധാനത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും അതുവഴി രാജ്യത്തെ സ്വദേശി സമൂഹത്തിനുള്ള ആരോഗ്യ സേവനങ്ങള്‍ കുറയുന്നു എന്നുമാണ് സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്.
സര്‍ക്കാര്‍ നല്‍കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ത്തലാക്കുമ്പോള്‍ പകരമായി സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികളുമായും സ്വകാര്യ ആശുപത്രികളുമായും സഹകരിച്ച് ഇന്‍ഷൂറന്‍സ് സംവിധാനം പുന:ക്രമീകരിക്കാവുന്നതാണെന്നും ശിപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനുവേണ്ടി സര്‍ക്കാര്‍ മുന്‍കൈയടുത്ത് ഷെയര്‍ഹോള്‍ഡിങ് കമ്പനി രൂപവല്‍ക്കരിച്ചിട്ടുണ്ട്.
കമ്പനിയുടെ കീഴില്‍ രാജ്യത്തിന്‍െറ വ്യത്യസ്ത ഭാഗങ്ങളിലായി മൂന്ന് വന്‍ ആശുപത്രികള്‍ നിര്‍മിക്കാനാണ് നീക്കം. ഇതുവഴി രാജ്യത്തെ വിദേശികള്‍ക്ക് മുഴുവന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. എന്നാല്‍, ഇത് നടപ്പാവുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വാര്‍ഷിക നിരക്കായി ചുരുങ്ങിയത് 150 ദീനാറെങ്കിലും ഈടാക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇത് വിദേശി സമൂഹത്തിലെ ഭൂരിഭാഗത്തിനും താങ്ങാവുന്നതിനപ്പുറമായിരിക്കും.
ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ത്തലാക്കുന്നതിനെ '80കളില്‍ രാജ്യത്തെ പൊതുവിദ്യാലയങ്ങളില്‍ വിദേശികള്‍ ചേര്‍ന്നുപഠിക്കുന്നത് നിര്‍ത്തലാക്കിയ നടപടിയോടാണ് റിപ്പോര്‍ട്ടില്‍ ഉപമിക്കുന്നത്. ഇതോടെ സ്വദേശി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കാനായിരുന്നു. കൂടാതെ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ കൈവശം ഏറെ സ്കൂള്‍ കെട്ടിടങ്ങള്‍ അവശേഷിക്കുകയും അവ സ്വകാര്യ സ്കൂളുകള്‍ക്ക് വാടകക്ക് നല്‍കാനും മറ്റു പൊതുസംവിധാനങ്ങളായി ഉപയോഗിക്കാനും അവസരം തുറക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha