അവസാനിച്ചത് ലൈംഗികാടിമത്തം; ഇനി രക്ഷപ്പെടാനാവില്ല എന്നുറപ്പായപ്പോള്‍ സ്വന്തം ഭാര്യമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമൊപ്പം ചാവേര്‍ബോംബായി പൊട്ടിത്തെറിച്ച് തീരുകയായിരുന്നു ബാഗ്ദാദിയെന്ന തീവ്രവാദിയുടെ ജീവിതം

2014 -ല്‍ ഇറാഖിലും സിറിയയിലുമായി ഇതാ തങ്ങളുടെ ഖിലാഫത്ത് സ്ഥാപിതമായിരിക്കുന്നു എന്ന് ഐസിസ് പ്രഖ്യാപിച്ച ശേഷം മൊസൂളിലെ ഒരു പള്ളിയില്‍ ബാഗ്ദാദി വിശ്വാസികളോട് വയള് പ്രഭാഷണം നടത്തി. ആദ്യമായി പരസ്യമായി, മുഖം മൂടാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട ബാഗ്ദാദി താനാണ് ഈ ഇസ്ലാമികരാഷ്ട്രത്തിന്റെ ഖലീഫയെന്നും പ്രഖ്യാപിച്ചു. എന്നാല്‍, മധ്യപൂര്‍വേഷ്യയിലെ എല്ലാ മത, രഷ്ട്ര നേതാക്കളും, ഭരണകര്‍ത്താക്കളും ഒരേസ്വരത്തില്‍ ബാഗ്ദാദിയെ തള്ളിപ്പറഞ്ഞു.
എന്നാല്‍, അന്നുതൊട്ടിങ്ങോട്ട് മതത്തിനുവേണ്ടി പോരാടാന്‍ നാടുവിട്ടോടിവരുന്ന നൂറുകണക്കിന് യുവാക്കളെ ഐസിസിലേക്ക് ആകര്‍ഷിച്ചുപിടിച്ച നേതൃത്വമായി ബാഗ്ദാദി മാറി. സ്ത്രീകളും പുരുഷന്മാരുമായ നിരവധിപേര്‍ ദൈവവഴിയില്‍ ജിഹാദ് നടത്താന്‍ എന്നും പറഞ്ഞ് ബാഗ്ദാദിയുടെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പുറപ്പെട്ടുവന്നു. ഒരു പ്രദേശത്തെ ആക്രമിച്ചു കീഴടക്കുക മാത്രമല്ല ഇസ്ലാമിക് സ്റ്റേറ്റ് ചെയ്തത്, അവിടെ വളരെ ആധികാരികമായ ഒരു ഭരണയന്ത്രം തന്നെ അവര്‍ കെട്ടിപ്പടുത്തു. ശരീയത്ത് നിയമം നടപ്പിലാക്കി. കടുത്ത ശിക്ഷകള്‍ വിധിച്ചു. പലരെയും നിഷ്‌കരുണം വധിച്ചു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരത പ്രദേശത്തെയാകെ കീഴടക്കി. അന്നത്തെ ആ പ്രഭാഷണത്തിന് ശേഷം രണ്ടാമതൊരിക്കല്‍ കൂടി മാത്രമാണ് അബൂബക്ര്‍ അല്‍ ബാഗ്ദാദി പൊതുജനസമക്ഷം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അത് ഈ വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്യപ്പെട്ട പതിനെട്ടുമിനിറ്റ് നീണ്ടുനില്‍ക്കുന്ന പ്രസംഗം നടത്തിയപ്പോഴാണ്. നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഉത്തരവാദിയാണ് ഈ അല്‍ ബാഗ്ദാദി. അതില്‍, യസീദികളെ കൊന്നൊടുക്കിയതും, ലൈംഗികാടിമത്തത്തിന് യസീദിയുവതികളെ നിര്‍ബന്ധിതരാക്കിയതും, കൂട്ടബലാത്സംഗങ്ങള്‍ക്ക് ആഹ്വാനം ചെയ്തതും, നിരവധി പേരെ ചാട്ടയടിക്ക് വിധേയരാക്കിയതും, കുറ്റക്കാരെന്ന് തോന്നിയവരെ നിഷ്‌കരുണം കഴുത്തറുത്തു കൊന്നുകളഞ്ഞതും ഒക്കെ ഉള്‍പ്പെടും. ഈ കുറ്റങ്ങളുടെ പേരില്‍ ഏറെക്കാലമായി സിഐഎ തെരഞ്ഞുകൊണ്ടിരുന്ന ഒരു ഭീകരനായിരുന്നു അല്‍ ബാഗ്ദാദി.
2015 -ല്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഏറ്റ പരിക്കുകളില്‍ നിന്ന് സുഖം പ്രാപിക്കുന്നതിനിടെയായിരുന്നു ബാഗ്ദാദിക്കെതിരെ അമേരിക്കയുടെ ഏറ്റവും പുതിയ ആക്രമണം. ഒക്ടോബര്‍ 26 -ന് വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്ലിബില്‍ വെച്ച്, അമേരിക്കന്‍ ഡെല്‍റ്റാ സ്പെഷല്‍ ഫോഴ്സിനാല്‍ വളയപ്പെട്ട്, ഇനി രക്ഷപ്പെടാനാവില്ല എന്നുറപ്പായപ്പോള്‍ സ്വന്തം ഭാര്യമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമൊപ്പം ചാവേര്‍ബോംബായി പൊട്ടിത്തെറിച്ച് തീരുകയായിരുന്നു ബാഗ്ദാദിയെന്ന തീവ്രവാദിയുടെ ജീവിതം.
https://www.facebook.com/Malayalivartha