ബാഗ്ദാദിയെ വകവരുത്തിയ വീരൻ ട്രംപിന്റെ പ്രിയപ്പെട്ടവൻ; ഐസിസ് മേധാവി അബൂബക്കർ ബാഗ്‌ദാദിയെ കണ്ടുപിടിക്കുന്നതിനുള്ള രഹസ്യഓപ്പറേഷനിൽ ബെൽജിയൻ മെലനോയിസ് എന്ന നായക്കും പങ്ക്

ഐസിസ് മേധാവി അബൂബക്കർ ബാഗ്‌ദാദിയെ കണ്ടുപിടിക്കുന്നതിനുള്ള രഹസ്യഓപ്പറേഷനിൽ ബെൽജിയൻ മെലനോയിസ് എന്ന നായയുടെ പങ്കുണ്ടെന്നാണ് അമേരിക്കൻ സൈന്യം നൽകുന്ന വിവരം. 2011 മേയിൽ അൽ-ഖ്വയ്ദയുടെ കൊടും ഭീകരൻ ഒസാമ ബിൻലാദനെ വധിക്കാൻ ഏറ്റവും കൂടുതൽ പങ്കുവഹിച്ചത് ബെൽജിയൻ മെലനോയിസ് എന്ന നായയായിരുന്നു. ബിൻലാദനെ കണ്ടുപിടിക്കാൻ സൈന്യത്തെ ഏറ്റവും കൂടുതൽ സഹായിച്ചത് ഈ നായയുടെ അസാമാന്യമായ ബുദ്ധിയായിരുന്നു.
സൈനികരെ നയിക്കാനും പരിരക്ഷിക്കാനും ശത്രുക്കളെയും സ്ഫോടകവസ്തുക്കളെയും തിരയാനും അമേരിക്കൻ സൈന്യം സാധാരണയായി കൂടെകൂട്ടുന്ന നായ്ക്കളാണ് ബെൽജിയൻ മെലനോയിസ്. ബുദ്ധിശക്തിയും ആഞ്ജ ലഭിച്ചാൽ ആക്രമിക്കാനുള്ള കഴിവും ഈ നായ്ക്കളുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. 2011ൽ അമേരിക്കൻ നാവികസേനയുടെ കെയ്റോ എന്ന നായയാണ് അൽ-ഖ്വയ്ദ ഭീകരൻ ഒസാമ ബിൻലാദനെ പാകിസ്ഥാനിൽ ചെന്ന് വധിക്കാൻ സഹായിച്ചത്. ബിൻലാദനെ വധിക്കാൻ പദ്ധതിയിട്ട ഓപ്പറേഷനിൽ പങ്കെടുത്ത കമാൻഡോകളെ ആദരിക്കുന്ന ചടങ്ങിൽ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ കെയ്റോയെയും ആദരിച്ചിരുന്നു.
ഇത് പോലെ തന്നെ ബാഗ്ദാദിയെ കൊല്ലാനും ഈ നായയെ ഉപയോഗിച്ചതായാണ് വിവരം . എന്നാൽ ഈ നായയ്ക്ക് ഓപ്പറേഷനിടെ പരിക്കേറ്റതായാണ് റിപ്പോർട്ട്. അമേരിക്കൻ ജോയിന്റ് ചീഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.. അതേസമയം നായയുടെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ലെന്നും ട്രംപ് പറഞ്ഞു. നായയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
മഹത്തായ ദൗത്യം' എന്ന അടികുറിപ്പോടെയാണ് നായയുടെ ചിത്രം ട്രംപ് ട്വിറ്ററിൽ പങ്കുവച്ചത്. നിലവിൽ നായ ചികിത്സയിലാണെന്നും സുഖം പ്രാപിക്കുകയാണെന്നും ജനറൽ മാർക്ക് മില്ലി അറിയിച്ചു.
ഒസാമ ബിൻ ലാദനു ശേഷം ലോകം ഏറ്റവും ഭയപ്പെട്ട കൊടുംഭീകരനും ഐസിസ് തലവനുമായ അബുബക്കർ അൽ ബാഗ്ദാദി സിറിയയിൽ ശനിയാഴ്ച രാത്രി അമേരിക്കൻ ആക്രമണത്തിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ ബാഗ്ദാദിയുടെ രണ്ട് ഭാര്യമാരും മൂന്ന് മക്കളും കൊല്ലപ്പെട്ടിരുന്നു. വധിക്കാനായി അമേരിക്കൻ ദൗത്യസംഘമെത്തിയതോടെ പരിഭ്രാന്തനായി ഓടിയ ബാഗ്ദാദിക്ക് പിന്നാലെ ദൗത്യ സംഘത്തിനൊപ്പമുള്ള നായ്ക്കളും ഓടിയിരുന്നു. ജാക്കറ്റ് ബോംബ് പൊട്ടുന്നതിനിടെയിൽ അകപ്പെട്ട നായയ്ക്കാണ് പരിക്കേറ്റത്
ഒസാമ ബിൻ ലാദനെ പ്രസിഡന്റ് ഒബാമയുടെ കാലത്ത് പാകിസ്ഥാനിലെ അബോട്ടാ ബാദിലെ ഒളിസങ്കേതത്തിൽ ചെന്ന് അമേരിക്കൻ കമാൻഡോകൾ വധിക്കുകയായിരുന്നു. അതിനെക്കാൾ രൂക്ഷമായ ആക്രമണത്തിനിടെയാണ് ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചത്. ബാഗ്ദാദിയെ പിടികൂടാൻ അമേരിക്ക 25 ദശലക്ഷം ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു. ബിൻ ലാദനെ വധിച്ചത് ഒബാമ വൈറ്റ് ഹൗസിൽ ഇരുന്ന് കണ്ടതുപോലെ ഓപ്പറേഷൻ ബാഗ്ദാദി പ്രസിഡന്റ് ട്രംപും തത്സമയം കാണുന്നുണ്ടായിരുന്നു. അമേരിക്കയുടെ പോർവിമാനങ്ങളും ഹെലികോപ്റ്ററുകളും കരസേനയും സംയുക്തമായാണ് ആക്രമണം നടത്തിയത്. ഒളിത്താവളത്തിലുണ്ടായിരുന്ന ബാഗ്ദാദിയുടെ നിരവധി കൂട്ടാളികളെയും അമേരിക്കൻ സേന വധിച്ചു. ബഗ്ദാദിയുടെ ശരീരാവശിഷ്ടങ്ങളുടെ ഡി.എൻ.എ, ബയോമെട്രിക് ടെസ്റ്റുകൾ പൂർത്തിയാക്കിയാണ് മരണം സ്ഥിരീകരിച്ചത്.
അതേസമയം ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരൻ അബൂബക്കർ അൽ ബഗ്ദാദിയെ വധിക്കാൻ യുഎസിന് സഹായമായത് അടുത്ത സഹായിയില്‍നിന്നു ലഭിച്ച നിർണായക വിവരങ്ങളെന്നു റിപ്പോര്‍ട്ട് ഉണ്ട്. ബഗ്ദാദിയുടെ അടുത്ത അനുയായിയായ ഇസ്മായിൽ അൽ എതാവിയിൽനിന്ന് ഇറാഖി ഇന്റലിജൻസ് സംഘമാണു ലോകത്തെ വിറപ്പിച്ച ഭീകരന്റെ നീക്കങ്ങൾ ചോർത്തിയെടുത്തത് എന്നാണ് റിപ്പോർട്ടുകൾ. സിറിയയിലും ഇറാഖിലുമാകെ ‘ഭീകര സാമ്രാജ്യം’ വളര്‍ത്താനിറങ്ങിയ കൊടുംഭീകരനെ വധിക്കാൻ വിവരങ്ങൾ നൽകിയതില്‍ അറബ്, പാശ്ചാത്യ രാജ്യങ്ങളിലെ ഇന്റലിജൻസ് ഏജൻസികൾക്കും ഒരുപോലെ പങ്കുണ്ട്. ബഗ്ദാദിയെ എങ്ങനെ കണ്ടെത്തുമെന്നു തല പുകച്ചുകൊണ്ടിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കു ലഭിച്ച നിർണായക സഹായമായിരുന്നു എതാവി. ഇസ്‍ലാമിക് സയൻസില്‍ പിഎച്ച്ഡി ഉള്ള എതാവി ഐഎസ് മേധാവിയുടെ അഞ്ചു പ്രധാന സഹായികളിൽ ഒരാളായിരുന്നു.
https://www.facebook.com/Malayalivartha