ദ്വീപില്‍ മനുഷ്യവാസമില്ല, പക്ഷേ റബര്‍ ബാന്‍ഡുകള്‍ കൂമ്പാരം കൂടികിടപ്പുണ്ട് ! ഗവേഷകരെ അമ്പരപ്പിച്ച നിഗൂഢത

മനുഷ്യവാസമില്ലാത്ത യുകെയിലെ കോര്‍ണിഷ് മേഖലയിലെ മുല്യന്‍ സംരക്ഷിത ദ്വീപില്‍ ലക്ഷക്കണക്കിന് റബര്‍ ബാന്‍ഡുകള്‍ കണ്ടെത്തിയത് അധികൃതരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും ആശങ്കപ്പെടുത്തി. കടല്‍ പക്ഷികളുടെ ആവാസ മേഖലയായതിനാലാണ് ഈ ദ്വീപിനെ സംരക്ഷിത പ്രദേശമായി നിലനിര്‍ത്തിയിരിക്കുന്നത്.
എന്നാല്‍ റബര്‍ബാന്‍ഡുകള്‍ ദ്വീപിലെത്തിക്കുന്നത് മനുഷ്യരല്ല പക്ഷികള്‍ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. ചെറുകീടങ്ങളെന്നു തെറ്റിദ്ധരിച്ചാണ് പക്ഷികള്‍ ഇവ ദ്വീപിലേക്കു കൊണ്ടുവരുന്നത്. എന്നാല്‍ ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തുന്നതോടെ ഇവയെ പക്ഷികള്‍ ദ്വീപില്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഇങ്ങനെയെത്തിയ ലക്ഷക്കണക്കിന് റബര്‍ ബാന്‍ഡുകള്‍ ദ്വീപിലുണ്ടെന്നാണ് അധികൃതര്‍ കരുതുന്നത്.
കഴിഞ്ഞ വര്‍ഷം പ്രജനന സീസണിലെ പരിശോധനയ്ക്കിടെയാണ് ആദ്യമായി റബര്‍ ബാന്‍ഡുകളുടെ ശേഖരം ദ്വീപില്‍ കിടക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ഇത് വര്‍ധിച്ച് വരുന്നതായി പിന്നീടുള്ള സന്ദര്‍ശനങ്ങളിലൂടെ ഗവേഷകര്‍ മനസ്സിലാക്കി.
പല തവണ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇവിടെനിന്ന് റബര്‍ ബാന്‍ഡുകള്‍ നീക്കം ചെയ്തെങ്കിലും ലക്ഷക്കണക്കിന് റബര്‍ ബാന്‍ഡുകള്‍ പലയിടത്തായി ദ്വീപിലുണ്ടെന്ന് ഇവര്‍ പറയുന്നു. സംരക്ഷിത പ്രദേശമായതിനാല്‍ തന്നെ ഇവിടേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിയ്ക്കുന്ന ആളുകളുടെ എണ്ണം കുറവാണ്. ഇക്കാരണം കൊണ്ട് തന്നെ ഒരേ സമയത്ത് നിരവധി പേര്‍ക്ക് കൂട്ടമായെത്തി ശുദ്ധീകരണം നടത്താന്‍ സാധ്യമല്ല. ഇതിനിടെ തന്നെ ഇപ്പോഴും ദ്വീപിലേക്ക് പക്ഷികള്‍ റബര്‍ ബാന്‍ഡ് എത്തിക്കുന്നത് തുടരുകയും ചെയ്യുന്നുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
കടല്‍ക്കാക്കയുടെ ഇനത്തില്‍പ്പെട്ട പക്ഷികളാണ് ഇവിടെ കൂടുതലുള്ളത്. മിക്ക യൂറോപ്യന്‍ തീരപ്രദേശങ്ങളിലും കാണുന്ന പക്ഷികളാണെങ്കിലും ഇവയുടെ എണ്ണം കുറഞ്ഞു വരികയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. മിക്ക ഇടങ്ങളിലും പ്രജനനമേഖലകളില്‍ മനുഷ്യരുടെ കടന്നു കയറ്റം രൂക്ഷമാകുന്നതാണ് ഈ പക്ഷികളുടെ പുതിയ തലമുറ കുറഞ്ഞു വരുന്നതിന് കാരണമാകുന്നത്. മാത്രമല്ല ചെറുജീവികളെന്ന് തെറ്റിദ്ധരിച്ച് പ്ലാസ്റ്റിക്കും റബര്‍ബാന്‍ഡും തിന്നുന്നതും ഇവ ചത്തൊടുങ്ങാന്‍ കാരണമാകുന്നു.
ഇത്തരത്തില്‍ പക്ഷികള്‍ കൊണ്ടുവരുന്ന റബര്‍ ബാന്‍ഡുകള്‍ പൂര്‍ണമായും പ്രകൃതി ദത്ത റബറില്‍ നിന്ന് നിര്‍മ്മിക്കുന്നവയല്ല. അതിനാല്‍ തന്നെ ഇവ മണ്ണില്‍ കിടന്ന് ദ്രവിച്ചു പോകാനും സാധ്യതയില്ല. പല റബര്‍ബാന്‍ഡുകളിലും പ്ലാസ്റ്റികിന്റെ അംശം ധാരാളമായുണ്ട്. ഇക്കാരണം കൊണ്ടു തന്നെ ദ്വീപില്‍നിന്ന് ഈ വസ്തുക്കള്‍ നീക്കം ചെയ്തില്ലെങ്കില്‍ തെറ്റിദ്ധരിച്ച് ഇവ തന്നെ വീണ്ടും ഭക്ഷണമാക്കാന്‍ ശ്രമിച്ചേക്കുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha























