പാക്കിസ്ഥാന് വിയന്ന ഉടമ്പടി ലംഘിച്ചുവെന്ന് രാജ്യാന്തര നീതിന്യായ കോടതി

കുല്‍ഭൂഷന്‍ ജാദവ് കേസില്‍ പാക്കിസ്ഥാന്‍ വിയന്ന ഉടമ്പടിയിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് രാജ്യാന്തര നീതിന്യായ കോടതി അധ്യക്ഷന്‍ അബ്ദുള്‍ഖവി അഹമ്മദ് യൂസഫ് വ്യക്തമാക്കി. യുഎന്‍ പൊതുസഭയിലാണ് അബ്ദുള്‍ഖവി യൂസഫ് ഇക്കാര്യം അറിയിച്ചത്. ജാദവിന് പാക്ക് പട്ടാളക്കോടതി വിധിച്ച വധശിക്ഷ പുനഃപരിശോധിക്കണമെന്നും നയതന്ത്ര സഹായം നല്‍കണമെന്നും ജൂലൈ 17-ല്‍ ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കുന്നതിന് കാര്യമായ ശ്രമങ്ങള്‍ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നു ഉണ്ടായില്ലെന്നു മാത്രമല്ല പലപ്പോഴും ധിക്കാരപരമായ സമീപനവും ഉണ്ടായി.
പാക്കിസ്ഥാന്‍ വിയന്ന ഉടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 36 ലംഘിച്ചുവെന്നാണ് ഐസിജെയുടെ കണ്ടെത്തല്‍. കുല്‍ഭൂഷന്‍ ജാദവിനു വധശിക്ഷ വിധിച്ച നടപടി പാക്കിസ്ഥാന്‍ പുനഃപരിശോധിക്കണമെന്ന് ഐസിജെ ആവശ്യപ്പെട്ടു. പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് ഉചിതമായ പ്രശ്‌ന പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടാകുമെന്നു തന്നെയായിരുന്നു പ്രതീക്ഷയെന്നും തങ്ങളുടെ വിധി ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള തര്‍ക്കങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നും രാജ്യാന്തര നീതിന്യായ കോടതി അധ്യക്ഷന്‍ മാധ്യമങ്ങളോടു പറഞ്ഞു. കുല്‍ഭൂഷന്‍ ജാദവിന്റെ ശിക്ഷ അവലോകനം ചെയ്യാനും പുനഃപരിശോധിക്കാനും യൂസഫിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു.
ഐസിജെ വിധിയുടെ പശ്ചാത്തലത്തില്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിച്ചിരുന്നുവെങ്കിലും , രാജ്യാന്തര നിയമം ലംഘിച്ച് കുല്‍ഭൂഷണ്‍ ജാദവിന് മേല്‍ പാക്കിസ്ഥാന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും ഇന്ത്യ ആരോപിച്ചിരുന്നു. ചാരവൃത്തി ആരോപിക്കപ്പെടുന്ന കേസുകളും ആര്‍ട്ടിക്കിള്‍ 36-ന്റെ പരിധിയില്‍ വരുന്നതിനാല്‍ നയതന്ത്ര സഹായം നല്‍കുന്നതില്‍ നിന്ന് പാക്കിസ്ഥാന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും അബ്ദുള്‍ഖവി യൂസഫ് പറഞ്ഞു. ജാദവിന്റെ അറസ്റ്റിന് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ പാക്കിസ്ഥാന്‍ വിജ്ഞാപനം നടത്തിയത് ഇന്ത്യന്‍ കോണ്‍സുലറെ കാലതാമസമില്ലാതെ അറിയിക്കാനുള്ള ബാധ്യതയുടെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.
ജൂലൈ 17, 2019-ല്‍ പുറപ്പെടുവിച്ച വിധിന്യായത്തിലൂടെ ചാരനെന്ന് മുദ്രകുത്തി കുല്‍ഭൂഷണ്‍ ജാദവിന് പാക്ക് സൈനിക കോടതി വിധിച്ച വധശിക്ഷ ഹേഗിലെ രാജ്യാന്തര കോടതി തടഞ്ഞിരുന്നു. വധശിക്ഷ പുനഃപരിശോധിക്കാന്‍ പാക്കിസ്ഥാനു നിര്‍ദേശം നല്‍കിയ കോടതി, ജാദവിന് നയതന്ത്ര സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടു. കുല്‍ഭൂഷണ്‍ ജാദവ് ചാരനാണെന്നതിന് തെളിവില്ലെന്ന നിലപാടെടുത്ത കോടതി സൈനികക്കോടതിവിധി റദ്ദാക്കുകയോ ജാദവിനെ വിട്ടയയ്ക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിരുന്നില്ല.
ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി 2016-ലാണ് വ്യാപാരിയും മുന്‍ നാവികസേനാ ഓഫിസറായ കുല്‍ഭൂഷന്‍ ജാദവിനെ(49) പാക്കിസ്ഥാന്‍ തടവിലാക്കിയത്. പാക്ക് പട്ടാളക്കോടതി ജാദവ് കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ 2017 ഏപ്രിലില്‍ വധശിക്ഷയ്ക്ക് വിധിച്ചു. എന്നാല്‍ ജാദവിനെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ച ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. ബലൂചിസ്താന്‍ പ്രവിശ്യയില്‍ വച്ച് ചാരവൃത്തിക്കു ശ്രമിക്കുമ്പോള്‍ 2016 മാര്‍ച്ച് 3-ന് അറസ്റ്റ് ചെയ്‌തെന്നാണ് പാക്കിസ്ഥാന്റെ വാദം. എന്നാല്‍, ഇറാനിലെ ഛബഹാര്‍ തീരത്ത് നിയമപ്രകാരമുള്ള കച്ചവടത്തിനെത്തിയ കുല്‍ഭൂഷനെ പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടു പോകുകയായിരുവെന്നാണ് രാജ്യാന്തര കോടതിയില്‍ ഇന്ത്യ വാദിച്ചത്.
https://www.facebook.com/Malayalivartha