കിം യോ ജാങ് ; ഉത്തരകൊറിയ ഇനി ഈ കൈകളിലോ

ഉത്തര കൊറിയൻ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ കണ്ണുകളെല്ലാം ഒരാളിലേക്കാണ്, കിമ്മിന്റെ സഹോദരി കിം യോ ജാങ്. കിം ജോങ് ഉന്നിന് ശേഷം കിം യോ ജോങ് കൊറിയയുടെ ഭരണം കയ്യാളുമോയെന്നതാണ് എല്ലാവർക്കും അറിയേണ്ടത്. കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഇപ്പോഴും ലോകത്തിന് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ലെങ്കിലും കിമ്മിന് ശേഷം ഉത്തര കൊറിയ ആരു ഭരിക്കുമെന്ന ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.
കിം മരിച്ചോ ഇല്ലയോ എന്നതിനൊപ്പം തന്നെ ആരാകും ഉത്തരകൊറിയയുടെ അടുത്ത ഭരണാധികാരിയെന്ന ചോദ്യത്തിനും ഉത്തരം തേടുകയാണ് ലോകം. കിമ്മിെൻറ പിൻഗാമിയായി ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടുന്നത് ഇളയ സഹോദരി കിം യോ ജോങ്ങിനെയാണ്.
സഹോദരനു ശേഷം കിം യോ ജാങ് ഭരണം കയ്യാളാനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല. കിമ്മിനൊപ്പം ഉത്തര കൊറിയയുടെ രാഷ്ട്രീയ നേതൃത്വത്തിലുള്ള അവരുടെ ഇടപെടലുകളാണ് അതിനുള്ള മുഖ്യകാരണം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് എന്നിവരുമായി കിം ജോങ് ഉന്‍ ചർച്ചകൾ നടത്തിയപ്പോള്‍ സഹോദരിയാണ് ഒപ്പമുണ്ടായിരുന്നത്. 2018 വിന്റർ ഒളിംപിക്സിൽ ഉത്തര കൊറിയയുടെ പ്രതിനിധിയായി യുഎസ് വൈസ് പ്രസിഡന്റായ മൈക്ക് പെൻസിന്റെ പിന്നിലായി ഇരുന്നതും കിം യോ ജാങ്ങാണ്. ദക്ഷിണകൊറിയയിലെത്തിയ ഇവർ സഹോദരന്റെ സന്ദേശവുമായി ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നിനെ ഉച്ചകോടിക്കു ക്ഷണിക്കുകയും ചെയ്തിരുന്നു.
കിം യോ ജാങ് ഭരണത്തിലേക്കു വരുന്ന സാഹചര്യം വന്നാൽ തന്നെ എല്ലാ മേഖലകളിലും പുരുഷന്മാർ സമഗ്രാധിപത്യം വഹിക്കുന്ന ഉത്തരകൊറിയൻ സമൂഹത്തില്‍ ഇത് എങ്ങനെ സാധ്യമാകുമെന്നതും ചോദ്യമാണ്. അതേസമയം ആൺ–പെൺ വ്യത്യാസത്തെക്കാൾ ഉത്തര കൊറിയയിൽ രക്തബന്ധത്തിനായിരിക്കും പ്രാധാന്യമെന്നു പലരും വാദിക്കുന്നു. യോ ജാങ്ങിന്റെ റോൾ എന്നതു പരമാവധി ഒരു റീജന്റ് സ്ഥാനം വരെയായിരിക്കുമെന്ന് കൊറിയ സർവകലാശാലയിലെ അധ്യാപകനും ദക്ഷിണ കൊറിയൻ ഐക്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ ഉപദേശകനുമായ യോ ഹോ യോൾ പറയുന്നു. പുരുഷ മേധാവിത്വമുള്ള ഭരണകൂടം എന്നതു കൂടാതെ ഉത്തരകൊറിയയിലെ സാധാരണക്കാരും ഒരു വനിതാ നേതാവിനെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കിമ്മിന്റെ ആരോഗ്യനിലയെക്കുറിച്ചു കൃത്യമായ വിവരങ്ങളൊന്നുമില്ലാത്തതിനാൽ കിം യോ ജാങ് ഉത്തരകൊറിയയുടെ ആദ്യ വനിതാ നേതാവാകുമോയെന്ന ചോദ്യങ്ങളും വ്യാപകമാണ്. രണ്ടാഴ്ചയായി കൊറിയൻ ദേശീയ മാധ്യമത്തിൽ കിം ജോങ് ഉന്നിനെ കാണാൻ സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാണെന്നും മരിച്ചെന്നും വരെ പ്രചാരണങ്ങളുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം മൂന്ന് തലമുറയായി കിം കുടുംബമാണ് ഉത്തരകൊറിയയിൽ ഭരണത്തിൽ.
1948ൽ രണ്ടാം ലോകയുദ്ധത്തിന് ശേഷം രാജ്യം രൂപീകൃതമായത് മുതൽ കിം കുടുംബമാണ് ഭരിക്കുന്നത്. മുത്തച്ഛനും അച്ഛനും ഒടുവില്‍ കിമ്മുമടക്കം മൂന്ന് തലമുറയുടെ ഏകാധിപത്യ ഭരണത്തിന് കീഴിലായിരുന്നു രാജ്യം. 2011ൽ അച്ഛെൻറ മരണശേഷം സ്ഥാനമേറ്റപ്പോൾ കിമ്മിെൻറ ഭരണേശഷിയെക്കുറിച്ച് പലരും സംശയമുയർത്തി. .. പ്രായം ഇരുപതുകളിലുള്ള ഒരു പയ്യൻ രാജ്യത്തെ നയിക്കാൻ പ്രാപ്തനാണോയെന്ന ചോദ്യങ്ങൾ ആ സമയത്തു ചിലയിടങ്ങളിൽനിന്നെങ്കിലും ഉയർന്നിരുന്നു. എന്നാൽ കൃത്യമായ മേധാവിത്തം ഉറപ്പിച്ച കിം എതിരാളികളാകുമെന്നു തോന്നിയവരെയെല്ലാം അടിച്ചമർത്തി. സ്വന്തം അമ്മാവനായ ജാങ് സോങ് തേക്കിന് കിം വധശിക്ഷയാണു വിധിച്ചത്. കിമ്മിന്റെ നാടുകടത്തപ്പെട്ട അർധ സഹോദരന്‍ മലേഷ്യയിൽവച്ചു കൊല്ലപ്പെട്ട സംഭവത്തിലും ഉത്തരകൊറിയന്‍ ഭരണാധികാരിയുടെ പങ്കുള്ളതായി സംശയിക്കുന്നു.36കാരെൻറ കീഴിൽ ആണവായുധ പരീക്ഷണങ്ങളുമായി മുന്നോട്ടു നീങ്ങിയ ഉത്തരകൊറിയ അമേരിക്കക്ക് കനത്തവെല്ലുവിളി ഉയർത്തി
കിം കുടുംബത്തിലെ രക്തബന്ധമായതുകൊണ്ടുതന്നെ കിം യോ ജാങ്ങിന് ജനങ്ങൾക്കിടയിൽ സ്വീകാര്യതയുണ്ടാകില്ലെന്ന ആശങ്ക ആവശ്യമില്ലെന്ന് കൊറിയൻ നയങ്ങൾ വിശകലനം ചെയ്യുന്ന സൂ കിം വ്യക്തമാക്കുന്നു. ഉത്തരകൊറിയയുടെ വിധി തുടങ്ങുന്നതും അവസാനിക്കുന്നതും കിം കുടുംബത്തിലായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കിം യോ ജാങ് അല്ലെങ്കിൽ ഭരണത്തിൽ വരാൻ സാധ്യതയുള്ള മറ്റൊരാൾ കിമ്മിന്റെ സഹോദരനായ കിം ജോങ് ചോൾ ആണ്. എന്നാൽ രാഷ്ട്രീയപരിചയം തീരെ കുറവാണ്. ഔദ്യോഗിക ചുമതലകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലാത്ത കിം ജോങ് ചോളിന് രാഷ്ട്രീയത്തേക്കാൾ ഇഷ്ടം ഗിത്താർ വായനയാണെന്നും പറയപ്പെടുന്നു.
ഭരണകൂടത്തെ തള്ളിപ്പറഞ്ഞ കിമ്മിന്റെ അനന്തരവൻ കിം ഹാൻ സോൾ വിദേശത്തു ജീവിക്കുന്നുണ്ടെന്നാണു കരുതുന്നത്. കിം ജോങ് ഉന്നിന് പത്തുവയസ്സുള്ള ഒരു മകനുണ്ടെന്ന് ദക്ഷിണ കൊറിയയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം കിമ്മിന്റെ മറ്റു മക്കളെക്കുറിച്ചൊന്നും എവിടെയും പരാമർശങ്ങളില്ല. അതേസമയം ഉത്തരകൊറിയയുടെ സ്ഥാപകനായ കിം ഇൽ സങ്ങിന്റെ മകൻ കിം പ്യോങ് ഇൽ ആണ് കിം ജോങ് ഉന്നിന്റെ പിൻഗാമിയാകാൻ സാധ്യതയെന്ന് ലണ്ടനിലെ ഉത്തരകൊറിയൻ എംബസിയിൽ ഉയർന്ന സ്ഥാനം വഹിച്ചിരുന്ന തേ യോങ് ഹോ ഒരു റേഡിയോ അഭിമുഖത്തിൽ പറഞ്ഞു. നയതന്ത്ര ഉദ്യോഗസ്ഥനായി നാൽപത് വർഷം വിദേശരാജ്യങ്ങളിൽ പ്രവർത്തിച്ച കിം പ്യോങ് ഇൽ കഴിഞ്ഞ വർഷമാണ് ഉത്തരകൊറിയയിൽ തിരിച്ചെത്തിയത്.
കിം ജോങ് ഉന്നിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രായമായ ഉന്നത ഉദ്യോഗസ്ഥരുടെ കണ്ണിൽ കിം യോ ജാങ് ഒരു തുടക്കക്കാരി മാത്രമായിരിക്കുമെന്നാണ് തേ യോങ് ഹോയുടെ നിരീക്ഷണം. എന്നാൽ കിം ജോങ് ഉൻ അധികാരത്തിലെത്തിയപ്പോഴും ഇതേ വാദഗതികൾ ഉയർന്നിരുന്നു. എന്നാൽ ഉരുക്കുമുഷ്ടി ഉപയോഗിച്ച് കിം ജോങ് ഉൻ വിമർശനങ്ങളെയെല്ലാം അടിച്ചമർത്തുന്നതാണ് ഉത്തരകൊറിയ പിന്നീടു കണ്ടത്. കിം യോ ജാങ്ങിനെ ‘യോ ജാങ് രാജകുമാരി’ എന്നാണ് മുൻ ഏകാധിപതിയും പിതാവുമായ കിം ജോങ് ഇൽ വിളിച്ചിരുന്നതെന്ന് കിം ജോങ് ഉന്നിന്റെ ജീവചരിത്രത്തിൽ എഴുത്തുകാരിയായ അന്ന ഫിഫീൽഡ് പറയുന്നുണ്ട്. കിം ജോങ് ഉന്നിനൊപ്പം 2000 വരെ സ്വിറ്റ്സർലൻഡിലെ ബേണിൽ പഠിച്ച കിം യോ ജാങ് അതിനു ശേഷം ഉത്തരകൊറിയയിൽ തിരിച്ചെത്തി പഠനം തുടരുകയായിരുന്നു.1988ലോ 1989ലോ ജനിച്ചുവെന്ന് കരുതപ്പെടുന്ന കിം യോ ജോങ് സഹോദരൻ കിം ജോങ് ഉൻ പഠിച്ച സ്വിറ്റസർലൻഡിലെ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അന്ന് മുതൽ നിലനിർത്തിപ്പോരുന്ന ആത്മബന്ധമാണ് അവർക്ക് സഹോദരെൻറ ഗുഡ്ബുക്കിൽ ഇടം നേടിക്കൊടുത്തത്. 2000ത്തിൽ വീണ്ടും സ്വരാജ്യത്ത് തിരിച്ചെത്തിയെങ്കിലും പിതാവിെൻറ മരണവേളയിൽലാണ് അവരെ സ്വന്തം ജനത ആദ്യമായി തിരിച്ചറിഞ്ഞത്. ശേഷം വർക്കേഴ്സ് പാർട്ടിയുടെ പ്രൊപഗാൻഡ ആൻഡ് അജിറ്റേഷൻ വിഭാഗത്തിെൻറ തലപ്പത്തെത്തി. ലോകമാധ്യമങ്ങൾക്കിടയിൽ കിമ്മിെൻറ ഇമേജ് ‘നന്നാക്കിയെടുക്കുന്നതിന്’ പിന്നിൽ അവരുടെ ബുദ്ധിയാണെന്നാണ് പറയപ്പെടുന്നത്. ശേഷം സഹോദരെൻറ വിശ്വസ്ഥരിൽ ഒരാളായി മാറിയ അവർ ഉന്നത പദവികൾ ചവിട്ടിക്കയറുകയും, കിം ഫാക്ടറുകളും ഫാമുകളും സൈനിക താവളങ്ങളും സന്ദർശിക്കുേമ്പാൾ സന്തതസഹചാരിയായി മാറുകയും ചെയ്തു.
പിതാവിന്റെ മരണത്തെ തുടർന്ന് കിം ജോങ് ഉന്നിന് സമീപം യോ ജാങ്ങും നിൽക്കുന്നതു കണ്ടപ്പോഴാണ് യോ ജാങ്ങും കിം കുടുംബത്തിൽനിന്നുള്ളതാണെന്ന് ഉത്തരകൊറിയക്കാർ മനസ്സിലാക്കുന്നത്. വർക്കേഴ്സ് പാർട്ടിയിലും ഭരണകൂടത്തിലും യോ ജാങ്ങിനു സ്ഥാനങ്ങള്‍ ലഭിച്ചു. ഫാക്ടറികൾ, കൃഷിയിടങ്ങൾ, സൈനിക യൂണിറ്റുകൾ എന്നിവയെല്ലാം കിം സന്ദർശിക്കുമ്പോൾ കിം യോ ജാങ്ങും ഒപ്പമുണ്ടായിരുന്നു. രാജ്യാന്തര വേദികളിലും അവർ സജീവ സാന്നിധ്യമായി. കിം യോ ജാങ് ഭരണ നേതൃത്വങ്ങളിൽ ഉന്നത സ്ഥാനത്ത് ഇപ്പോൾ തന്നെ ഉള്ളതിനാൽ വനിത എന്നതിനേക്കാളും മറ്റാരെക്കാളും അവർക്ക് ഭരണത്തിനുള്ള അർഹതയാണു കാണുകയെന്ന് ദക്ഷിണകൊറിയയുടെ മുൻ സ്ഥാനപതി ചുൻ യുങ്‍വൂ പ്രതികരിച്ചു.
ലോകത്തു തന്നെ ഏറ്റവും അധികം പുരുഷമേധാവിത്തമുള്ള രാജ്യമാണ് ഉത്തരകൊറിയ. എന്നാൽ രക്തബന്ധത്തിനു പ്രാധാന്യം നൽകുന്ന കൊറിയ വർക്കേഴ്സ് പാർട്ടിയുടെ നയം കിം യോ ജാങ്ങിന്റെ കാര്യത്തിൽ ഇതു മറികടക്കുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അയച്ച കത്തിനു മറുപടി നൽകിയത് കിം യോ ജാങ്ങായിരുന്നു. കിം യോ ജാങ്ങിന്റെ പ്രവർത്തന മികവിനെക്കുറിച്ച് ദക്ഷിണ കൊറിയയിൽ നിന്ന് പ്യോങ്യാങ്ങിലെത്തിയ സർക്കാർ പ്രതിനിധികൾ തന്നെ തുറന്നു സമ്മതിച്ചിട്ടുള്ളതും പുതിയ വിലയിരുത്തലുകൾക്ക് ശക്തി പകരുന്നു.
നിലവിലെ സാഹചര്യത്തിൽ ഒരുവനിതയെ നേതാവാക്കുന്നതിൽ ഉത്തരകൊറിയയിൽ യാതൊരു തടസവുമില്ല. ലോകത്ത് പുരുഷാധിപത്യത്തിന് കേൾവികേട്ട രാഷ്ട്രമാണെങ്കിലും ഭരണ ഘടന പ്രകാരം സ്ത്രീകൾക്ക് തുല്യ പദവിയും അവകാശവും വിഭാവനം ചെയ്യുന്നുണ്ട്. റബ്ബർ സ്റ്റാംപ് പാർലമെൻറിലെ അംഗങ്ങളിൽ ഭൂരിഭാഗവും വയോധികരായതിനാൽ ആ ഭാഗത്ത് നിന്നും എതിർപ്പ് ഉയരുകയില്ല. ഏത് സമയത്തും യുദ്ധസാധ്യത മുന്നിൽ കാണുന്നതിനാൽ ഒരുവനിതയേക്കാൾ സൈനിക ഉദ്യോഗസ്ഥൻ രാജ്യത്തെ നയിക്കണമെന്ന മോഹം ചിലരിലെങ്കിലുമുണ്ടെന്ന് ദക്ഷിണകൊറിയയുടെ ഇൻറലിജൻസ് വിഭാഗം മുൻ ഡെപ്യൂട്ടി ഡയറക്ടർ രാ ജോങ് ഇൽ പറഞ്ഞു. മികച്ച തന്ത്രജ്ഞയായ കിം യോ ജോങ് സൈന്യത്തിലെ അധികാരമോഹികളായ ജനറൽമാരെ എങ്ങനെ ഒതുക്കുമെന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha
























