രാജ്യാന്തര കമ്പനികള്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ ചൈനയില്‍നിന്ന് ഇന്ത്യയിലേക്കു മാറ്റാന്‍ ചര്‍ച്ച തുടങ്ങി

പല രാജ്യാന്തര കമ്പനികളും ഉല്‍പാദന കേന്ദ്രങ്ങള്‍ ചൈനയില്‍നിന്ന് ഇന്ത്യയിലേക്കു മാറ്റാന്‍ ചര്‍ച്ച ആരംഭിച്ചു. ലോക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ ഇതു നടപ്പാക്കാനാണ് ആലോചന. ഈ കമ്പനികള്‍ക്കു പ്രത്യേക പരിഗണനയും സൗകര്യങ്ങളും നല്‍കി പ്രോത്സാഹിപ്പിക്കാന്‍ മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. നയപരമായും നികുതിതലത്തിലും നല്‍കാവുന്ന ഇളവുകള്‍ കേന്ദ്ര ധന, വ്യവസായ മന്ത്രാലയങ്ങളും നീതി ആയോഗും പരിഗണിക്കുന്നുണ്ട്.
രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ഫാക്ടറികള്‍ ചൈനയില്‍ നിന്നു മാറ്റാന്‍ ആലോചിക്കുന്നത്. 1) ഒട്ടേറെ മരുന്നുനിര്‍മാതാക്കള്‍ക്കും ഇലക്ട്രോണിക് ഉല്‍പന്ന നിര്‍മാതാക്കള്‍ക്കും ചൈനയില്‍നിന്നാണ് അടിസ്ഥാന അസംസ്‌കൃത വസ്തുക്കളും ഉല്‍പന്ന ഘടകങ്ങളും വന്നിരുന്നത്. കോവിഡ് മൂലം ചൈനയില്‍ നിന്നുള്ള വിതരണ ശൃംഖല പൂര്‍ണമായും നിലച്ചു. 2) കോവിഡ് വിഷയത്തില്‍ യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ചൈനയോടു പുലര്‍ത്തുന്ന കര്‍ക്കശ നിലപാട് ഭാവിയില്‍ വ്യാപാര, വ്യവസായ ബന്ധങ്ങളെ ബാധിച്ചേക്കാം എന്ന ആശങ്ക.
ഇന്ത്യക്കു പുറമേ വിയറ്റ്‌നാം, ജപ്പാന്‍ എന്നീ രാജ്യങ്ങളിലേക്കു ചേക്കേറുന്നതും കമ്പനികള്‍ ആലോചിക്കുന്നുണ്ട്. ഇക്കാരണത്താല്‍ അവരെ ആകര്‍ഷിക്കാവുന്ന വിധം സൗകര്യങ്ങളും നികുതി ഇളവുകളും നല്‍കാനാകുമോയെന്നാണു സര്‍ക്കാര്‍ നോക്കുന്നത്.
കോര്‍പറേറ്റ് നികുതി 30% ആയിരുന്നത് 22 ശതമാനമായി കുറച്ചതും 2023 മാര്‍ച്ച് 31-നു മുന്‍പു തുടങ്ങുന്ന പുതിയ വ്യവസായങ്ങള്‍ക്കു നികുതി 25 ശതമാനത്തില്‍ നിന്ന് 15% ആയി കുറച്ചതും ഇത്തവണത്തെ ബജറ്റില്‍ കൊണ്ടുവന്ന വ്യവസായങ്ങള്‍ക്കു ഗുണകരമായ രണ്ടു നിര്‍ദേശങ്ങളാണ്.
ലോക്ഡൗണ്‍ അവസാനിച്ചാലുടന്‍ 'മെയ്ക് ഇന്‍ ഇന്ത്യ' പദ്ധതിയെ കൂടുതല്‍ ആകര്‍ഷകമാക്കി അവതരിപ്പിക്കാനും വിദേശത്തുനിന്നെത്തുന്ന വ്യവസായികള്‍ക്കു കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാനും കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണ്. അസംസ്‌കൃത വിഭവങ്ങളുടെ ഇറക്കുമതിതീരുവ കുറയ്ക്കാനും ആലോചനയുണ്ട്.
https://www.facebook.com/Malayalivartha
























