ട്രംപിന് വേണ്ടി ഇന്ത്യന്‍ പതാക വിശീയത് മലയാളി; അക്രമിക്കാനല്ല, മാന്യമായ സമരത്തിനാണ് പോയത് എന്ന് വിന്‍സന്റ് പാലത്തിങ്കല്‍; ഡെമോക്രാറ്റ് തീവ്ര ഇടതുപക്ഷമായ 'ആന്റിഫ'യിലെ അംഗങ്ങളാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്ന് ആരോപണം

ചന്ദ്രനില്‍ പോയാലും അവിടെ ഒരു മലയാളിയുണ്ടാകുമെന്നാണ് ചൊല്ല്. പിന്നെ അമേരിക്കയില്‍ നടന്ന പ്രക്ഷോഭത്തില്‍ ഒരു മലയാളി ഉണ്ടാകാതിരിക്കുമമോ? ഇന്ത്യന്‍ പാതകയുമായി തന്നെ മലയാളി പ്രക്ഷോഭത്തിനെത്തി. പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാക വിശുന്നത് വളരെയധികം വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. ഇതാരെന്ന് അന്വേഷണമാണ് ഒരു മലയാളിയില്‍ ചെന്ന് അവസാനിച്ചിരിക്കുന്നത്. വിന്‍സന്റ് പാലത്തിങ്കല്‍ എന്ന വൈറ്റില ചമ്പക്കര സ്വദേശിയാണ് ഇന്ത്യന്‍ പതാകയുമായി പ്രതിഷേധിച്ചത്.
അക്രമിക്കാനല്ല, മാന്യമായ സമരത്തിനാണ് പോയതതെന്ന് വിന്‍സന്റ് പാലത്തിങ്കല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പത്തുലക്ഷത്തോളം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതെന്നും തങ്ങളെ അക്രമികളായി മുദ്രകുത്തരുതെന്നും വിന്‍സന്റ് പാലത്തിങ്കല്‍ പറയുന്നു. അമ്പതോളം പേരാണ് നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കിയത്. ഡെമോക്രാറ്റ് തീവ്ര ഇടതുപക്ഷമായ 'ആന്റിഫ'യിലെ അംഗങ്ങളാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നും വിന്‍സന്റ് ആരോപിക്കുന്നു. പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാകയുമായി വിന്‍സന്റ് നില്‍ക്കുന്ന പടം വൈറലായിരുന്നു. സമരവേദികളില്‍ ഓരോ രാജ്യക്കാരും സ്വന്തം ദേശീയപതാകയുമായി വരാറുണ്ടെന്നും ആദ്യമായാണ് ഇന്ത്യന്‍ പതാകയുമായി പ്രതിഷേധിക്കുന്നതെന്നും വിന്‍സന്റ് പറഞ്ഞു.
വംശീയവാദികളാണ് പ്രതിഷേധത്തിനു പിന്നിലെന്ന പ്രചാരണത്തിന്റെ മുനയൊടിക്കാനാണ് ഇന്ത്യന്‍ പതാകയുമായി പോയതെന്നും വിന്‍സന്റ് പറയുന്നു. അതേസമയം തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാന്‍ കാപ്പിറ്റോള്‍ മന്ദിരത്തില്‍ അതിക്രമം കാട്ടിയ ട്രംപ് അനുകൂലികള്‍ക്കൊപ്പം ഗൂഢാലോചന സിദ്ധാന്തക്കാരായ ക്യുഅനോന്‍, പ്രൗഡ് ബോയ്‌സ് അംഗങ്ങളും ഉണ്ടായിരുന്നതായി തെളിഞ്ഞു. കറുത്തവര്‍ഗക്കാരെ ആക്രമിക്കാറുള്ള യുഎസിലെ ഈ രണ്ടു തീവ്രവംശീയവാദി സംഘടനകളെയും അപലപിക്കാന്‍ ട്രംപ് തയാറായിരുന്നില്ല. 'ക്യൂ അനോന്‍ ഷമാന്‍'എന്നറിയപ്പെടുന്ന തീവ്രവംശീയവാദി നേതാവ് ജെയ്ക് ഏഞ്ചലിയാണ് ഇക്കൂട്ടത്തിലെ പ്രമുഖന്‍.
കാളക്കൊമ്പുകള്‍ കിരീടമാക്കി, കുന്തത്തിനു മുകളില്‍ കുത്തിയ ദേശീയ പതാകയുമായി സെനറ്റ് ചേംബറിനു മുന്നില്‍ പൊലീസിനെ വെല്ലുവിളിക്കുന്ന ജെയ്ക്കിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ജനപ്രതിനിധി സഭാ സ്പീക്കറും മുതിര്‍ന്ന ഡെമോക്രാറ്റ് നേതാവുമായ നാന്‍സി പെലോസിയുടെ (80) ഓഫിസിലേക്കു കടന്നു കയറിയ റിച്ചാര്‍ഡ് ബിഗോ ബാര്‍നറ്റ് എന്നയാളും ഈ സംഘത്തിലുള്ളതാണ്. ഇയാള്‍ പെലോസിയുടെ മേശമേല്‍ കാല്‍വച്ചിരിക്കുന്ന ചിത്രവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പെലോസിയുടെ ഓഫിസിലെ വലിയ കണ്ണാടിയും തകര്‍ത്തു. പേരെഴുതിയ ഫലകം ഇളക്കിമാറ്റി.
തന്നെ അട്ടിമറിക്കാന്‍ യുഎസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ ശ്രമമാണ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ കണ്ടതെന്നാണ് ഡോണള്‍ഡ് പ്രക്ഷോഭത്തെ കുറിച്ച് ട്രംപ് പറഞ്ഞത്. എന്നാല്‍ ജനുവരി ആറിലെ പൊട്ടിത്തെറി നടക്കുന്നതിന് ആഴ്ചകള്‍ക്കു മുന്‍പേതന്നെ അതിനുള്ള വെടിമരുന്നൊരുക്കിയത് ട്രംപാണെന്നതിന് തെളിവുകളേറെ. നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തോല്‍വിയില്‍നിന്ന് ആരംഭിക്കുന്നു ആ പ്രകോപനമെന്ന് 'റോയിട്ടേഴ്‌സ്' റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്നായിരുന്നു ആദ്യ ആരോപണം. 306232 വോട്ടു വ്യത്യാസത്തിലായിരുന്നു ട്രംപിനെതിരെ ബൈഡന്റെ വിജയം. ഇതിനെതിരെ ട്രംപ് അനുകൂലികള്‍ വിവിധ സ്റ്റേറ്റുകളിലെ കോടതികളെ സമീപിച്ചെങ്കിലും തെളിവുകളില്ലാത്തതിനാല്‍ അനുകൂല വിധി എവിടെനിന്നുമുണ്ടായില്ല.
തോല്‍വി ഇതുവരെ അംഗീകരിക്കാന്‍ ട്രംപ് തയാറായിട്ടില്ല. അതിനാല്‍ത്തന്നെ തരംകിട്ടുമ്പോഴെല്ലാം അണികളോട് പലതരത്തിലുള്ള ആഹ്വാനങ്ങളും നടത്തി. ജോ ബൈഡനെ ഔദ്യോഗികമായി പ്രസിഡന്റായി തിരഞ്ഞെടുക്കാന്‍ ഇരു സഭകളും സമ്മേളിക്കുന്ന ജനുവരി ആറിന് വാഷിങ്ടനിലെത്താന്‍ അണികളോട് നടത്തിയ ആഹ്വാനമായിരുന്നു അതില്‍ പ്രധാനപ്പെട്ടത്. ഇതെല്ലാം ട്രംപ് തന്നെയാണ് പ്രക്ഷോഭത്തിന് പിന്നിലെന്ന് തെളിക്കുന്നതാണ്. അതുകൊണ്ട് തന്നെ സംഭവത്തെ കുറിച്ച് അന്വേഷണം വന്നാല്‍ ട്രംപ് പ്രതിചേര്‍ക്കപ്പെടാനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha


























