യു കെയിലെ കറുത്തവരുടെ നാവായി മാറിയ സഷാ ജോണ്‍സണ്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍

ശബ്ദമുയര്‍ത്താന്‍ ഭയക്കുന്ന കറുത്തവരുടെ നാവായിരുന്നു ബ്ലാക്ക് പാന്ഥര്‍ ഓഫ് ഓക്സ്ഫോര്‍ഡ് എന്നറിയപ്പെട്ടിരുന്ന സാഷാ ജോണ്‍സണ്‍. ബ്ലാക് ലൈവ്സ് മാറ്റര്‍ സമരങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന സാഷ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രി ചികിത്സയിലാണ്.
ഞായറാഴ്‌ച്ച അതിരാവിലെയാണ് ഇവര്‍ക്ക് വെടിയേല്‍ക്കുന്നത്. നിരവധി ഭീഷണികള്‍ ഇതിനു മുന്‍പ് ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ഇവര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം പറയുന്നത്. 26 കാരിയായ സാഷയ്ക്ക് വെടിയേറ്റ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട് എന്നതല്ലാതെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് നല്‍കുന്നില്ല.
രണ്ടു കുട്ടികളുടെ അമ്മ കൂടിയായ ഈ ഓക്സ്ഫോര്‍ഡ് ബ്രൂക്ക്സ് ബിരുദധാരി കഴിഞ്ഞ വേനല്‍ക്കാലത്ത് ബി എല്‍ എം പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു കൊണ്ടാണ് പ്രശസ്തയായത്. ഒരു പാര്‍ട്ടി നടക്കുന്ന വീടിന്റെ പരിസരത്താണ് വെടിവയ്പ് നടന്നതെന്നും അവിടെ കുറച്ചുപേര്‍ കൂട്ടം കൂടിയിരുന്നു എന്നും പൊലീസ് പറയുന്നു.
എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച് ഇവരെ ഇല്ലാതെയാക്കാനായി വെടിയുതിര്‍ത്തതാണോ എന്നകാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, തന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ സാഷയ്ക്കെതിരെ ധാരാളം വധഭീഷണി ഉയര്‍ന്നിരുന്നു എന്ന് അവര്‍ സ്ഥാപിച്ച ടേക്കിങ് ദി ഇനീഷിയേറ്റീവ് പാര്‍ട്ടിയുടെ വക്താക്കള്‍ അറിയിച്ചു.
സാഷാ ജോണ്‍സന് വെടിയേറ്റ കാര്യവും ആദ്യം പുറത്തറിയിച്ചത് അവരുടെ പാര്‍ട്ടി വക്താക്കള്‍ തന്നെയായിരുന്നു. സാഷാ വളരെ ക്രൂരമായി ആക്രമിക്കപ്പെട്ടു എന്നു പറഞ്ഞ അവര്‍ തന്നെയാണ് സാഷയെ ആശുപത്രിയില്‍ അടിയന്തര ചികിത്സാ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പറഞ്ഞത്.
കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടിയുള്ള നിതാന്ത പോരാട്ടത്തിലായിരുന്നു സാഷ. വംശീയാടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ക്കും അനീതികള്‍ക്കും എതിരെ അവര്‍ ശക്തമായി പ്രതികരിച്ചിരുന്നു.
ലെസ്റ്റര്‍ എം പിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ക്ലോഡിയ വെബ്ബെ ഉള്‍പ്പടെ പല ഉന്നത രാഷ്ട്രീയ നേതാക്കളും സാഷയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രക്ഷോഭത്തിന്റെ സജീവ പ്രവര്‍ത്തക എന്ന നിലയില്‍ സാഷയെടുത്ത
രാഷ്ട്രീയ നിലപാടുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു എന്നു പറഞ്ഞ വെബ്ബെ ഇവര്‍ക്ക് വെടിയേറ്റ സംഭവം എത്രയും പെട്ടെന്ന് അന്വേഷിച്ച് പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ടു.
അതേസമയം പെക്ഹാമില്‍ ഒരു വെടിവയ്പുണ്ടായി എന്നും അതില്‍ ഗുരുതരമായി പരിക്കേറ്റ ഒരു യുവതി തീവ്ര പരിചരണവിഭാഗത്തില്‍ ഉണ്ടെന്നും അല്ലാതെ സാഷയുടെ പേരുപോലും പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ഈ വെടിവയ്പിനു പിന്നിലെ കാരണങ്ങളോ ഉദേശ്യലക്ഷ്യങ്ങളോ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടുമില്ല.
https://www.facebook.com/Malayalivartha

























