യുക്രയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഒരു കാഴ്ച; റോക്കറ്റ് ലോഞ്ചറില്‍ ഇന്ത്യന്‍ പതാക ഒഴികെ മറ്റ് രാജ്യങ്ങളുടെ പതാകകള്‍ മായ്ച്ച് റഷ്യന്‍ ബഹിരാകാശ വകുപ്പ്

യുക്രയ്ന്‍ യുദ്ധം ശക്തമാകുന്നതിനിടെ ഒരു വാര്‍ത്ത. തങ്ങള്‍ വിക്ഷേപിക്കുന്ന റോക്കറ്റില്‍ നിന്നും ഇന്ത്യയുടേത് ഒഴികെ അതില്‍ പങ്കാളികളാകുന്ന എല്ലാ രാജ്യങ്ങളുടേയും പതാകകള്‍ നീക്കം ചെയ്തിരിക്കുകയാണ് റഷ്യ. യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന അധിനിവേശത്തിന് പിന്നാലെ ലോകരാജ്യങ്ങളെല്ലാം റഷ്യയ്ക്ക് വലിയ രീതിയിലുള്ള ഉപരോധങ്ങളാണ് ഏര്‍പ്പെടുത്തിയത്. യുദ്ധം ഒഴിവാക്കണമെന്ന മുന്നറിയിപ്പ് അവഗണിച്ചതോടെയാണ് വിവിധ ലോകരാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ തിരിഞ്ഞത്.
എന്നാല്‍ യുക്രെയ്‌നും റഷ്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. അതേസമയം യുക്രെയ്‌നും തങ്ങള്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടേണ്ടെന്നും, അങ്ങനെ ചെയ്യുന്നവര്‍ക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും റഷ്യ നല്‍കിയിരുന്നു. യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് റഷ്യ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
റഷ്യന്‍ സ്‌പേസ് ഏജന്‍സിയായ റോസ്‌കോസ്‌മോസ് മേധാവി ദിമിത്രി റോഗോസിന്‍ ആണ് ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ബൈക്കോനൂര്‍ ലോഞ്ച് പാഡിലുള്ള റോക്കറ്റില്‍ നിന്നും അമേരിക്ക, ജപ്പാന്‍, യുകെ എന്നീ രാജ്യങ്ങളുടെ പതാകകളാണ് ഇവിടുത്തെ ജീവനക്കാര്‍ നീക്കം ചെയ്യുന്നത്. അതേസമയം ഇന്ത്യയുടെ പതാക യാതൊരു കേടുപാടും കൂടാതെ സൂക്ഷിച്ചിട്ടുമുണ്ട്.
' ചില രാജ്യങ്ങളുടെ പതാകകള്‍ ഒഴിവാക്കി ബൈക്കോനൂരിലെ ലോഞ്ചറുകള്‍ ഒന്നു മനോഹരമാക്കാന്‍ തീരുമാനിച്ചുവെന്നാണ്' റോഗോസിന്‍ ഈ വീഡീയോയ്ക്ക് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് റോക്കറ്റിന്റെ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. സോയൂസ് റോക്കറ്റില്‍ മറ്റ് രാജ്യങ്ങളുടെ പതാകകള്‍ക്ക് മുകളില്‍ വൈറ്റ് വിനൈല്‍ ഉപയോഗിച്ചാണ് മറയ്ക്കുന്നത്.
https://www.facebook.com/Malayalivartha





















