ഞാന്‍ ഇപ്പോഴും പ്രസിഡന്റ് ആയിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു! അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയ വഴി അദ്ദേഹത്തിന് അറിയാം, പുടിന്‍ ഇങ്ങനെ ഒരിക്കലും ചെയ്യില്ലായിരുന്നു': അടുത്ത യുദ്ധം തായ്‌വാനിലെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

റഷ്യ-യുക്രെയ്ന്‍ യുദ്ധം രൂക്ഷമായിരിക്കെ അടുത്ത അധിനിവേശം നടക്കുന്നത് തായ്‌വാനിലെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത യുദ്ധം തായ്‌വാനിൽ ആയിരിക്കുമെന്ന് ട്രംപ് ഉറപ്പിച്ചു പറയുകയും ചെയ്തു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് നിലവില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ആഹ്ലാദിക്കുകയാണ്. ജോ ബൈഡന്‍ കാണിക്കുന്ന വിഡ്ഢിത്തം തായ്‌വാന്‍ അധിനിവേശ സാദ്ധ്യത ബലപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു. ഫോക്‌സ് ബിസിനസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.
പ്രസിഡന്റ് ഷി മികച്ച കൗശലക്കാരനായ ആളാണെന്നും ട്രംപ് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ എന്താണ് സംഭവിച്ചതെന്ന് അയാള്‍ നിരീക്ഷിച്ചു. അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയ വഴി അദ്ദേഹത്തിന് അറിയാം. യുക്രെയ്‌നില്‍ നിരവധി ആളുകള്‍ മരിക്കുന്നുവെന്നും ഇത് സംഭവിക്കാന്‍ നമ്മള്‍ അനുവദിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. താന്‍ ഇപ്പോഴും പ്രസിഡന്റ് ആയിരുന്നെങ്കില്‍ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു. താനുണ്ടായിരുന്നുവെങ്കില്‍ പുടിന്‍ ഒരിക്കലും ഇത് ചെയ്യുമായിരുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.
റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിനിടെയും തായ്‌വാനില്‍ നടക്കുന്ന ചര്‍ച്ചകള്‍ അടുത്ത യുദ്ധത്തെ കുറിച്ചാണ്. തായ്‌വാന്‍ ചൈനയുടെ അഭിവാജ്യ ഘടകമാണെന്നും കൂട്ടിച്ചേര്‍ക്കല്‍ നടത്താന്‍ വേണമെങ്കില്‍ ബലം പ്രയോഗിക്കാനും മടിക്കില്ലെന്ന് ഷി ജിന്‍ പിംഗ് പറഞ്ഞിരുന്നു. 2016ല്‍ പ്രസിഡന്റായി സായ് ഇങ്‌വെന്‍ വന്നത് മുതല്‍ ചൈനയുമായുള്ള ഉരസല്‍ കൂടിയിട്ടേയുള്ളൂ. ആക്രമണമുണ്ടായാല്‍ ജനങ്ങള്‍ക്ക് ആയുധം കൊടുക്കുന്നതും സ്ത്രീകള്‍ക്ക് സൈനിക പരിശീലനം നല്‍കുന്നതും തുടങ്ങിയവ എല്ലാം തന്നെ തായ്വാനിലും ചര്‍ച്ചയായിരിക്കുകയാണ്.
തായ്‌വാന്‍ തങ്ങളുടെ പ്രദേശമാണെന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍ ഈ വാദം തായ്വാന്‍ പൂര്‍ണമായും നിരസിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര തലത്തില്‍ സ്വയംഭരണാധികാരമുള്ള തായ്‌വാനെ ഒറ്റപ്പെടുത്താനുള്ള ശ്രമം ചൈന ശക്തമാക്കിയിരുന്നു. വേണ്ടി വന്നാല്‍ ബല പ്രയോഗത്തിലൂടെ തായ്വാനെ പിടിച്ചെടുക്കുമെന്ന് ചൈന നേരത്തെ അറിയിച്ചതാണ്. അതേസമയം തങ്ങള്‍ക്കെതിരെ സൈനിക മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് ഇരുപക്ഷവും തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗമല്ലെന്നാണ് തായ്‌വാന്റെ വിശദീകരണം.
https://www.facebook.com/Malayalivartha





















