നേപ്പാളിന്റെ മൂന്നാമത്തെ പ്രസിഡന്റായി റാം ചന്ദ്ര പൗഡലിനെ തിരഞ്ഞെടുത്തു... നിലവിലെ പ്രസിഡന്റ് ബിദ്യാ ദേവി ബണ്ഡാരിയുടെ കാലാവധി മാര്‍ച്ച് 12ന് അവസാനിക്കും

നേപ്പാളിന്റെ മൂന്നാമത്തെ പ്രസിഡന്റായി റാം ചന്ദ്ര പൗഡലിനെ തിരഞ്ഞെടുത്തു. നേപ്പാളി കോണ്‍ഗ്രസും സിപിഎന്‍ (മാവോയിസ്റ്റ് സെന്റര്‍) ഉള്‍പ്പെടുന്ന എട്ട് കക്ഷി സഖ്യത്തിന്റെ പൊതു സ്ഥാനാര്‍ത്ഥിയായ പൗഡലിന് 214 പാര്‍ലമെന്റ് നിയമസഭാംഗങ്ങളുടെയും 352 പ്രവിശ്യാ അസംബ്ലി അംഗങ്ങളുടെയും വോട്ട് ലഭിച്ചു
പാര്‍ലമെന്റിലെ 332 അംഗങ്ങളും ഏഴ് പ്രവിശ്യാ അസംബ്ലികളിലെ 550 അംഗങ്ങളും ഉള്‍പ്പെടെ 882 വോട്ടുകളാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനായി ഉള്ളത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 518 പ്രവിശ്യാ അസംബ്ലി അംഗങ്ങളും 313 പാര്‍ലമെന്റ് അംഗങ്ങളും വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് ഷാലിഗ്രാം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് പൗഡല്‍ നേരത്തെ തന്നെ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ടായിരുന്നു. പാര്‍ലമെന്റിലേയും പ്രവിശ്യകളിലേയും അംഗങ്ങള്‍ തനിക്ക് വോട്ടു ചെയ്യുമെന്ന് പൂര്‍ണ്ണമായും ഉറപ്പുണ്ടായിരുന്നു. എന്റെ ദീര്‍ഘകാല സമരജീവിതത്തില്‍ അവര്‍ കൃത്യമായ നിലപാട് സ്വീകരിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1944 ഒക്ടോബര്‍ 14ന് ബഹുല്‍പൊഖാരിയിലെ മധ്യവര്‍ഗ കര്‍ഷക കുടുംബത്തിലാണ് പൗഡല്‍ ജനിച്ചത്. 16ാം വയസ്സിലാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. നേപ്പാളി കോണ്‍ഗ്രസിന്റെ സ്റ്റുഡന്റ് വിങ് നേപ്പാളി സ്റ്റുഡന്റ് യൂണിയന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു പൗഡല്‍. 1970ലായിരുന്നു യൂണിയന്റെ രൂപീകരണം. 1991ലാണ് പൗഡല്‍ ആദ്യമായി നിയമനിര്‍മ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
അതേസമയം അഞ്ചു വര്‍ഷമാണ് ഒരു പ്രസിഡന്റിന്റെ കാലാവധി. ഓരോ വ്യക്തിക്കും രണ്ടു തവണയാണ് മത്സരിക്കാനുള്ള അവസരം ലഭിക്കുന്നത്.
https://www.facebook.com/Malayalivartha























