തടവിലാക്കിയവരെ വിട്ടയയ്‌ക്കുന്നതിന് മുമ്പായി ഹമാസ് ഭീകരർ മയക്ക് മരുന്ന് നൽകിയതായി ആരോപിച്ച് ഇസ്രായേൽ...

ഹമാസ് തടവിലാക്കിയവരെ വിട്ടയയ്‌ക്കുന്നതിന് മുമ്പായി, ഭീകരർ അവർക്ക് മയക്കു മരുന്ന് നൽകിയെന്ന ആരോപണവുമായി ഇസ്രായേൽ. ഇത്തരത്തിൽ മയക്കുമരുന്ന് ഉള്ളിൽ ചെന്നതിന്റെ ഫലമായി അവർ വളരെ സന്തോഷത്തോടെയും ശാന്തസ്വഭാവത്തിലും ആയിരുന്നുവെന്നും ഇസ്രായേൽ ആരോഗ്യ മന്ത്രാലയത്തിലെ ജനറൽ മെഡിസിൻ മേധാവി ഹാഗർ മിസ്രാഹി പറഞ്ഞു. ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രായേലിൽ നിന്ന് ഹമാസ് ഭീകരർ 240ഓളം പേരെയാണ് ഭീകരർ തട്ടിക്കൊണ്ടു പോയത്.
കഴിഞ്ഞ മാസം അവസാനം നടന്ന വെടിനിർത്തൽ കരാറിന്റെ അടിസ്ഥാനത്തിൽ ഇവരിൽ 105 പേരെ വിട്ടയച്ചിരുന്നു. ഇവരെ മോചിപ്പിക്കുന്നതിന് തൊട്ടുമുൻപായി ചില ബന്ദികൾക്ക് ക്ലോനെക്സ് എന്നറിയപ്പെടുന്ന റിവോട്രിൽ പോലുള്ള മയക്കമരുന്ന് നൽകിയിരുന്നതായി ഇസ്രായേൽ ആരോഗ്യ മന്ത്രാലയത്തിലെ ജനറൽ മെഡിസിൻ മേധാവി ഹാഗർ മിസ്രാഹി പറയുന്നു. രക്തപരിശോധനയുടെ അടിസ്ഥാനത്തിലാണോ സാക്ഷികളുടെ വിവരണങ്ങളുടെ അടിസ്ഥാനത്തിലാണോ ഈ വിവരം പുറത്ത് വിട്ടതെന്നും, എത്ര ബന്ധികൾക്കാണ് മയക്ക് മരുന്ന് നൽകിയതെന്നും സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
അതേ സമയം, സാധാരണക്കാരുടെ വീടുകളും ആശുപത്രികളുമൊക്കെ ആക്രമിക്കുകയാണ് ഇസ്രായേൽ. ഇതിന് കാരണം തുരങ്കങ്ങൾ ഉപയോഗപ്പെടുത്തി ഹമാസ് നടത്തുന്ന യുദ്ധതന്ത്രമാണ്. ബന്ദികളുമായി ഹമാസ് പോരാളികൾ തുരങ്കങ്ങളിലും ഇതര സുരക്ഷിത ഇടങ്ങളിലുമാണ് ഒളിച്ചിരിക്കുന്നതായാണ് കരുതപ്പെടുന്നത്. വെടിനിർത്തലിനു ശേഷം ഒരാഴ്ചയ്ക്കിടെ 105 ബന്ദികളെ ഹമാസ് വിട്ടയിച്ചിട്ടുണ്ട്.
പകരം ഫലസ്തീൻ തടവുകാരെ ഇസ്രായേലും വെറുതെവിട്ടു. ഇതോടെ ഹമാസിനെ കീഴടക്കാനുള്ള വഴികൾ തേടുകയാണ് ഇസ്രായേൽ. ഇതിനായി ഗാസ മുനമ്പിലെ ഹമാസിന്റെ വിശാല തുരങ്ക ശൃംഖലയിൽ കടൽവെള്ളം നിറയ്ക്കാൻ ഇസ്രായേൽ സൈന്യം പദ്ധതിയിടുന്നതായാണ് വാർത്തകൾ.
വെള്ളമടിച്ചു കയറ്റാനായി വലിയ പമ്പുകൾ ഒരുക്കിയതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണലടക്കം റിപ്പോർട്ടുചെയ്തു. ഇതിലൂടെ തുരങ്കങ്ങൾ നശിപ്പിക്കാനും പോരാളികളെ അവരുടെ ഭൂഗർഭ അഭയകേന്ദ്രത്തിൽ നിന്ന് ഓടിക്കാനും കഴിയുമെന്നും ഗാസയുടെ ജലവിതരണത്തിന് ഭീഷണിയാകാനും കഴിയുന്ന തന്ത്രമാണിതെന്നും ഒരു യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസം പകുതിയോടെ അൽ-ഷാതി അഭയാർത്ഥി ക്യാമ്പിന് ഏകദേശം ഒരു മൈൽ വടക്ക് അഞ്ച് വലിയ കടൽജല പമ്പുകൾ ഇസ്രായേൽ പ്രതിരോധ സേന സജ്ജീകരിച്ചിരുന്നു. പമ്പുകളിൽ ഓരോന്നിനും മെഡിറ്ററേനിയൻ കടലിൽ നിന്ന്, മണിക്കൂറിൽ ആയിരക്കണക്കിന് ക്യുബിക് മീറ്റർ വെള്ളം തുരങ്കങ്ങളിലേക്ക് നീക്കാനും ആഴ്ചകൾക്കുള്ളിൽ വെള്ളപ്പൊക്കമുണ്ടാക്കാനും കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha