സങ്കടക്കാഴ്ചയായി... യുവ സുവിശേഷ ഗായകന്‍ ഗാനാലാപന പരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

സങ്കടക്കാഴ്ചയായി...യുവ സുവിശേഷ ഗായകന്‍ ഗാനാലാപന പരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ബ്രസീലിയന്‍ സുവിശേഷ ഗായകനായ പെഡ്രോ ഹെന്റിക്വസാണ് ലൈവ് പെര്‍ഫോര്‍മന്‍സിനിടെ മരിച്ചത്. ബ്രസീലിലെ വടക്കുകിഴക്കന്‍ നഗരമായ ഫെയ്‌റ ഡി സന്റാനയിലെ മതചടങ്ങിനിടിയില്‍ തന്റെ ഹിറ്റ് ഗാനമായ 'വയ് സേര്‍ തയാവോ ലിന്‍ഡോ' ആലപിക്കവെയാണ് 30കാരനായ പെഡ്രോ കുഴഞ്ഞുവീണത്.
ഗാനം പകുതിയെത്തിയപ്പോഴാണ് പാടിക്കൊണ്ടിരിക്കെ പിന്നിലേക്ക് കുഴഞ്ഞുവീണത്. സ്‌റ്റേജിന്റെ മുന്നില്‍നിന്ന് പാടുന്നതിനൊപ്പം കാണികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനിടയിലായിരുന്നു സംഭവം നടന്നത്. ബാന്‍ഡ് സംഘത്തിലെ അംഗങ്ങളും ചടങ്ങിനെത്തിയ നൂറുകണക്കിനാളുകളും ഞെട്ടിത്തരിച്ചുനില്‍ക്കേ, സംഘാടകര്‍ ഓടിയെത്തി പെഡ്രോയെ ഉടന്‍ അടുത്തുള്ള ക്ലിനിക്കിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചിട്ടുണ്ടായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പെഡ്രോയുടെ ബാന്‍ഡ് സംഘം പിന്നീട് അറിയിച്ചു.
'ജീവിതത്തില്‍ ഒരു വിശദീകരണവും നല്‍കാന്‍ കഴിയാത്ത ഇത്തരം ദുര്‍ഘട നിമിഷങ്ങളുണ്ടാകാറുണ്ട്. ദൈവത്തിന്റെ തീരുമാനം അംഗീകരിക്കുകയെന്നതു മാത്രമേ നമുക്ക് ചെയ്യാനുള്ളൂ' ടോദാ മ്യൂസിക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഹെന്റിക് വളരെ ഊര്‍ജസ്വലനായ ചെറുപ്പക്കാരനായിരുന്നു. എല്ലാവരുടെയും സുഹൃത്തുമായിരുന്നു അവന്‍' കുറിപ്പില്‍ ചൂണ്ടിക്കാട്ടി. പെഡ്രോക്ക് ഭാര്യയും ഒരു മകളുമുണ്ട്.
https://www.facebook.com/Malayalivartha






















