അമേരിക്കയില് ക്ഷേത്രത്തില് വെടിവെപ്പിന് പദ്ധതിയിട്ട 19 വയസ്സുകാരന് അറസ്റ്റില്

അമേരിക്കയിലെ ഇല്ലിനോയ്സിലുള്ള ഒറോറയിലെ ക്ഷേത്രത്തില് വന് വെടിവെപ്പ് നടത്താന് പദ്ധതിയിട്ട 19 വയസ്സുകാരന് അറസ്റ്റിലായി. അക്രമത്തിനായി ക്ഷേത്രത്തിലെത്തിയ പ്രതി വെടിയുതിര്ക്കാന് ശ്രമിച്ചെങ്കിലും തോക്ക് തകരാറിലായതിനെത്തുടര്ന്ന് രക്ഷപ്പെടുകയായിരുന്നു. അലക്സാണ്ട്രോസ് പാപ്പോരാക്കിസ് എന്ന യുവാവാണ് ഒക്ടോബര് 11ന് അറസ്റ്റിലായത്. ഔട്ട്ലെറ്റില് കാഷ്യറായി ജോലി ചെയ്തുവരികയായിരുന്ന ഇയാള്, വെളുത്ത വംശജരാണ് സമൂഹത്തില് മുന്നിരയില് നില്ക്കേണ്ടവരെന്ന ചിന്താഗതിക്കാരനായിരുന്നു.
ആക്രമണം നടത്തുന്നതിന് മുന്പ് ഒക്ടോബര് 11 ഞായറാഴ്ച 'പ്രത്യേകതയുള്ള ഒരു ദിവസമായിരിക്കും' എന്ന് ഇയാള് സഹപ്രവര്ത്തകരോട് പറഞ്ഞിരുന്നു. ക്ഷേത്രത്തില് വെച്ച് തോക്ക് പ്രവര്ത്തിക്കാതായതിനെ തുടര്ന്ന് ഓടിരക്ഷപ്പെട്ട ഇയാള്, പിന്നീട് തോക്കിന്റെ തകരാര് പരിഹരിക്കാന് ശ്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങള് സഹപ്രവര്ത്തകന് അയച്ചുകൊടുക്കുകയും ചെയ്തു. വിവരം ലഭിച്ച പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും, വീടിനുള്ളില് നടത്തിയ പരിശോധനയില് എ.ആര് റൈഫിള്, ബോഡി ആര്മര്, നാസി ചിഹ്നങ്ങളുള്ള വെസ്റ്റ്, നൂറുകണക്കിന് വെടിയുണ്ടകള് എന്നിവ കണ്ടെത്തുകയും ചെയ്തു.
ഇന്ത്യക്കാര് ഉള്പ്പെടെയുള്ള ദക്ഷിണേഷ്യന് വംശജര്ക്കെതിരെയുള്ള വിദ്വേഷവും വധഭീഷണിയും അടങ്ങിയ എട്ടു പേജുള്ള മാനിഫെസ്റ്റോയും ഇയാളില് നിന്നും കണ്ടെടുത്തിട്ടുണ്ട്. മേഖലയിലെ ഏറ്റവും വലിയ ക്ഷേത്രമായ ശ്രീ വെങ്കിടേശ്വര സ്വാമി (ബാലാജി) ക്ഷേത്രമാണ് ഇയാള് ലക്ഷ്യമിട്ടതെന്ന് കരുതപ്പെടുന്നു. സംഭവത്തെ തുടര്ന്ന് ക്ഷേത്രത്തിന് സായുധ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























