ഇംഗ്ലണ്ടിലെ ഓവല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മല്‍സരം കാണാനെത്തിയ വിവാദ വ്യവസായി വിജയ് മല്യയ്ക്ക് ക്രിക്കറ്റ് ആരാധകരുടെ പരിഹാസം

ഇംഗ്ലണ്ടിലെ ഓവല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ചാംപ്യന്‍സ് ട്രോഫി മല്‍സരം കാണാനെത്തിയ വിവാദ വ്യവസായി വിജയ് മല്യയ്ക്ക് ക്രിക്കറ്റ് ആരാധകരുടെ കൂക്കുവിളിയും പരിഹാസവും. മല്‍സരം കാണാനെത്തിയ മല്യയെ സ്‌റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകര്‍ 'കള്ളന്‍, കള്ളന്‍' എന്നു വിളിച്ച് ആക്ഷേപിച്ചു.
ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍നിന്ന് 9,000 കോടി രൂപയോളം വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ മല്യ ഇപ്പോള്‍ ബ്രിട്ടനിലാണുള്ളത്. ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം കാണാന്‍ സ്‌റ്റേഡിയത്തിനുള്ളിലേക്കു കടക്കാന്‍ ശ്രമിക്കുമ്പോഴാണ് മല്യ ഇന്ത്യന്‍ ആരാധകരുടെ കണ്ണില്‍പെട്ടത്.
തുടര്‍ന്നു പിന്നാലെ കൂടിയവര്‍ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും കൂക്കിവിളിക്കുകയുമായിരുന്നു. മല്യ സ്‌റ്റേഡിയത്തിലേക്ക് കടക്കുമ്പോള്‍ 'കള്ളന്‍, കള്ളന്‍' എന്നു വിളിച്ച് ആരാധകര്‍ പരിഹസിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്. അപമാനം സഹിക്കാനാകാതെ ആരാധകര്‍ക്കിടയില്‍നിന്നും മല്യ തിരക്കിട്ട് നടന്നുനീങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മല്‍സരം കാണാനും മല്യയെത്തിയത് വാര്‍ത്തയായിരുന്നു. മല്‍സരശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നടത്തിയ ചാരിറ്റി വിരുന്നിലും മല്യ പങ്കെടുത്തിരുന്നു. സംഭവം വിവാദമായതോടെ മല്യയെ ക്ഷണിച്ചിരുന്നില്ലെന്ന വിശദീകരണവുമായി ബിസിസിഐ രംഗത്തെത്തുകയും ചെയ്തു.
അതേസമയം, ഇന്ത്യയുടെ എല്ലാ മല്‍സരങ്ങളും കാണാന്‍ താനെത്തുമെന്ന് മല്യ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. അതിനിടെയാണ് വിവാദനായകനു നേരെ ആരാധകരുടെ പരിഹാസം.
https://www.facebook.com/Malayalivartha























