പന്തയത്തില്‍ തോറ്റു; ഗ്രന്ഥകാരന്‍ സ്വന്തം പുസ്തകം തിന്ന് വാക്ക് പാലിച്ചു

തിരഞ്ഞെടുപ്പു പന്തയം തോറ്റ ഗ്രന്ഥകാരന്‍ തന്റെ പുസ്തകം ടിവി ഷോയില്‍ ആളുകള്‍ കാണ്‍കെ തിന്നു. ബ്രെക്‌സിറ്റിനെക്കുറിച്ചു പുസ്തകം എഴുതിയ മാത്യു ഗുഡ്‌വിനാണ് ടി വി ഷോക്കിടയില്‍ പുസ്തകം തിന്നത്. ബ്രിട്ടിഷ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്കു 38 ശതമാനം വോട്ടിനു മുകളില്‍ ലഭിക്കില്ലെന്നായിരുന്നു മാത്യു ഗുഡ്‌വിന്റെ പ്രവചനം. എന്നാല്‍ കൂടുതല്‍ വോട്ടു കിട്ടിയാല്‍ തന്റെ പുസ്തകം സന്തോഷത്തോടെ തിന്നുമെന്നും കഴിഞ്ഞ മാസം മാത്യു ട്വീറ്റ് ചെയ്തിരുന്നു. ഫലം വന്നപ്പോള്‍ ജെറിമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി 40.3 ശതമാനം വോട്ടും നേടി.
ലേബര്‍ പാര്‍ട്ടിക്കാരുടെ ട്രോളിനൊടുവില്‍ സ്‌കൈ ന്യൂസ് ചാനലിലാണു മാത്യു പന്തയം പൂര്‍ത്തീകരിച്ചത്. താന്‍ വാക്കുപാലിക്കുന്നവനാണെന്നും അച്ചടിച്ച പുസ്തകത്തില്‍ രാസവസ്തുക്കളുടെ അംശമുണ്ടെങ്കിലും പിന്മാറില്ലെന്നും പുസ്തകം കീറി വായിലിട്ടു ചവച്ചു മാത്യു പറഞ്ഞു. വായിലിട്ട കടലാസ് മാത്യു വിഴുങ്ങിയില്ലെന്നു സ്‌കൈ ന്യൂസ് പ്രൊഡ്യൂസറുടെ ട്വീറ്റ് അതിനു പിന്നാലെയെത്തി.
https://www.facebook.com/Malayalivartha























