യുഎസ് നാവിക കപ്പല്‍ എണ്ണക്കപ്പലുമായി കൂട്ടിയിടിച്ച് 10 നാവികരെ കാണാതായി

യുഎസ് നാവികസേനയുടെ ആര്‍ലീഗ് ബുര്‍ക് ക്ലാസിലുള്ള ഡിസ്‌ട്രോയര്‍ കപ്പല്‍ എണ്ണക്കപ്പലുമായി കൂട്ടിയിടിച്ച് 10 നാവികരെ കാണാതായി. അഞ്ചുപേര്‍ക്കു പരുക്കേറ്റു. സിംഗപ്പൂരിനു കിഴക്ക് മലാക്കാ കടലിടുക്കിനു സമീപമാണ് അപകടം. യുഎസ്എസ് ജോണ്‍ എസ്. മക്കെയ്ന്‍, ലൈബീരിയന്‍ എണ്ണക്കപ്പലായ അല്‍നിക് എംസിയുമായാണ് കൂട്ടിയിടിച്ചത്. പ്രാദേശിക സമയം പുലര്‍ച്ചെ 5.24നായിരുന്നു അപകടം. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
നാവിക കപ്പലിനു കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. എന്നാല്‍ സിംഗപ്പൂരിലേക്കുള്ള യാത്രയിലാണ് മക്കെയ്ന്‍. കേടുപാടുകളുടെ ആഴവും മറ്റും പരിശോധിക്കുന്നതേയുള്ളെന്ന് ഏഴാം കപ്പല്‍പ്പട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
തിരച്ചിലിന് യുഎസ് നാവിക സേനയുടെ സീഹ്വാക് ഹെലിക്കോപ്റ്ററുകളും സിംഗപ്പൂര്‍ നാവിക കപ്പലും ഹെലിക്കോപ്റ്ററുകളും സിംഗപ്പൂര്‍ പൊലീസ് കോസ്റ്റ് ഗാര്‍ഡ് കപ്പലും രംഗത്തുണ്ട്. യുഎസ് നാവികസേനയുടെ ഏഴാം കപ്പല്‍പ്പടയുടെ ഭാഗമായി ജപ്പാനിലെ യോകോസുകയുടെ തുറമുഖം കേന്ദ്രീകരിച്ചായിരുന്നു മക്കെയ്ന്‍ പ്രവര്‍ത്തിച്ചിരുന്നത്.
ഏഷ്യന്‍ കടലില്‍ യുഎസിന്റെ യുദ്ധക്കപ്പല്‍ ഉള്‍പ്പെടുന്ന നാലാമത്തെ അപകടമാണ് ഇത്. ജൂണില്‍ യുഎസ്എസ് ഫിറ്റ്‌സ്‌ഗെറാള്‍ഡ് ജപ്പാന് തെക്ക് മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് ഏഴു നാവികര്‍ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























