ലോകസമൂഹത്തെ ആശങ്കയുടെ മുള്‍മുനയിലാക്കിയ ഉത്തര കൊറിയ വീണ്ടും പ്രകോപനവുമായി രംഗത്ത്

ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച് ലോകസമൂഹത്തെ ആശങ്കയുടെ മുള്‍മുനയിലാക്കിയ ഉത്തര കൊറിയ വീണ്ടും പ്രകോപനവുമായി രംഗത്ത്. അമേരിക്കയ്ക്ക് വേണ്ടി കൂടുതല്‍ സമ്മാനങ്ങള്‍ റെഡിയാണെന്നും അത് ഉടന്‍ എത്തിച്ചു കൊടുക്കാമെന്നും ഉത്തര കൊറിയ വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയിലെ ഉത്തര കൊറിയന്‍ പ്രതിനിധി ഹാന്‍ തേ സോംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിരായുധീകരണം സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സോംഗ്. സ്വയം പ്രതിരോധം എന്ന നിലയില്‍ തന്റെ രാജ്യം വികസിപ്പിച്ച ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് അമേരിക്കയ്ക്കുള്ള സമ്മാനമായിരുന്നു. പ്രകോപനപരമായ പ്രസ്താവനകളും സമ്മര്‍ദ്ദ നിലപാടുകളും അമേരിക്ക തുടര്‍ന്നാല്‍ കൂടുതല്‍ സമ്മാനങ്ങള്‍ അവര്‍ക്ക് സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പതിറ്റാണ്ടുകള്‍ നീണ്ട അമേരിക്കന്‍ ആണവ ഭീഷണിയില്‍ നിന്ന് സ്വന്തം ജനതയെ രക്ഷിക്കാനാണ് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചത്. സമ്മര്‍ദ്ദവും വിരട്ടലും തങ്ങളോട് വേണ്ട. ഒരു സാഹചര്യത്തിലും ആണവ ആയുധങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ പ്രയോഗിക്കാന്‍ ഉത്തര കൊറിയ തയ്യാറാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























