യു.എസ് പ്രതിരോധ സെക്രട്ടറി എത്തിയതിനു തൊട്ടുപിന്നാലെ കാബൂള്‍ വിമാനത്താവളത്തില്‍ റോക്കറ്റ് ആക്രമണം

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് അഫ്ഗാനിസ്ഥാനില്‍ കാലുകുത്തിയതിനു പിന്നാലെ കാബൂള്‍ വിമാനത്താവളത്തില്‍ റോക്കറ്റ് ആക്രമണം ഉണ്ടായി.
കാബൂള്‍ ഹമീദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തില്‍ നിരവധി റോക്കറ്റുകളാണ് വന്നുപതിച്ചത്. ഇതേതുടര്‍ന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.
ആക്രമണത്തില്‍ ആളപായമൊന്നും ഇല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ആക്രമണത്തെ തുടര്‍ന്ന് ജനങ്ങളെ ഒഴിപ്പിച്ചു. അജ്ഞാത കേന്ദ്രത്തില്‍ നിന്ന് 20-30നുമിടയില്‍ റോക്കറ്റുകളാണ് വിമാനത്താവളത്തിലും സമീപപ്രദേശത്തും പതിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. നാറ്റോയുടെ എയര്‍ബേസ് ക്യാംപ് ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് സൂചനയുണ്ട്.
മുന്‍കൂട്ടി പ്രഖ്യാപിക്കാതെയായിരുന്നു യു.എസ് പ്രതിരോധ സെക്രട്ടറി ഇന്ന് കാബൂളില്‍ എത്തിയത്. നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗുമായി കൂടിക്കാഴ്ച നടത്താനും അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഘാനിയെ ട്രംപിന്റെ യുദ്ധതന്ത്ര ദൗത്യം അറിയിക്കുകന്നതിനുമായിരുന്നു ആഗമനം. രണ്ടു ദിവസത്തെ ഇന്ത്യന്‍ പര്യടനത്തിനു ശേഷമാണ് മാറ്റിസ് അഫ്ഗാനില്‍ എത്തിയത്.
https://www.facebook.com/Malayalivartha






















