വിമാനം വാടകയ്ക്കെടുത്ത് കോടികളുടെ ആഡംബരം; ടോം പ്രൈസ് രാജിവച്ചു

വിമാനം വാടകയ്ക്കെടുത്ത് കോടികളുടെ ആഡംബരം നടത്തിയത് വിവാദമായതിനെത്തുടർന്ന് അമേരിക്കയിലെ ആരോഗ്യവകുപ്പ് സെക്രട്ടറി ടോം പ്രൈസ് രാജിവച്ചു. ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യ വിമാനം വാടകയ്ക്ക് എടുക്കുകയായിരുന്നു.
പ്രൈസിന്റെ രാജി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിക്കുകയും ചെയ്തു. ഡോൺ ജെ. റൈറ്റിനെ താത്കാലിക ആരോഗ്യ സെക്രട്ടറിയായി നിയമിച്ചുവെന്നും വൈറ്റ്ഹൗസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ മെയ് മുതൽ ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ടോം പ്രൈസ് 26 തവണ സ്വകാര്യ വിമാനയാത്ര നടത്തി. പൊതുഖനാവിൽ നിന്ന് നാലു ലക്ഷം ഡോളർ(2.61 കോടി രൂപ) ചെലവിട്ടായിരുന്നു വിമാനയാത്ര.
ഇത്രയധികം തുക ചെലവിട്ടത്തിൽ ട്രംപ് നീരസം പ്രകടിപ്പിച്ചിരുന്നു. ഇതോടെ പ്രൈസ് ക്ഷമാപണം നടത്തിയിരുന്നു. എന്നാൽ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന കാര്യങ്ങൾ അസ്വസ്ഥതയുണ്ടാക്കിയെന്നും സ്ഥാനമൊഴിയുകയാണെന്നും രാജിക്കത്തിൽ പ്രൈസ് പറഞ്ഞു. രാഷ്ട്രീയ വാർത്താ വെബ്സൈറ്റായ പൊളിറ്റിക്കോ നടത്തിയ അന്വേഷണത്തിൽ പ്രൈസ് വിമാനയാത്രകൾക്ക് വേണ്ടി 10 ലക്ഷം ഡോളർ(6.52 കോടി രൂപ) ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. സ്വകാര്യ വിമാനത്തിന്റെ വാടകയിനത്തിൽ ചെലവിട്ടതിനു പുറമെ സൈനിക വിമാനം ഉപയോഗിച്ചതിന്റെ ചെലവും കൂടി ഉൾപ്പെടുത്തിയാണ് കണക്കുകളെന്ന് പൊളിറ്റിക്കോ റിപ്പോർട്ടിൽ പറയുന്നു. ട്രംപ് മന്ത്രിസഭയിലെ മറ്റു മൂന്നു പേരും സ്വകാര്യ വിമാനയാത്ര നടത്തുന്നതുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്നുണ്ട്.
https://www.facebook.com/Malayalivartha
























