ചൈനയുടെ ഒബോറിനോട് യു.എസിനും എതിര്‍പ്പ്; പദ്ധതി കടന്നുപോകുന്നത് തര്‍ക്കഭൂമിയിലൂടെയെന്ന് യു.എസ്സ്

ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴി വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിന് പിന്തുണയുമായി അമേരിക്ക. ചൈനയുടെ സ്വപ്ന പദ്ധതിയായ വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് (ഒരു മേഖല, ഒരു പാത) കടന്നുപോകുന്നത് പ്രശ്‌നബാധിത മേഖലയിലൂടെയാണെന്ന് യു.എസ് ഭരണകൂടം. ഇതുപോലെയുള്ള പ്രശ്‌നബാധിത മേഖലകളിലും പാതയിലും ഒരു രാജ്യത്തിനും തങ്ങളുടെ അധീശത്വം സ്ഥാപിക്കാന്‍ കഴിയില്ലെന്നും യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പറഞ്ഞു. സെനറ്റ് ആംഡ് സര്‍വീസസ് കമ്മിറ്റിക്കു മുമ്പാകെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയെ തുടക്കം മുതല്‍ എതിര്‍ക്കുന്ന നിലപാടാണ് ആണ് ഇന്ത്യയുടേത്. 60 ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി സംബന്ധിച്ച് മേയില്‍ നടന്ന ബെല്‍റ്റ് ആന്റ് റോഡ് ഫോറത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. പാകിസ്താന്‍ അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്ന വണ്‍ വെല്‍റ്റ്, വണ്‍ റോഡ് ചൈനയുടെ അഭിമാന പദ്ധതിയുമാണ്.
കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ എത്തിയിരുന്ന ജിം മാറ്റിസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് ചൈനയുടെ പദ്ധതിക്കെതിരെ ജിം മാറ്റിസ് രംഗത്തുവരുന്നത്. ആഗോളവത്കരണത്തിന്റെ ഇന്നത്തെ കാലത്ത് പല മേഖലകളും പല പാതകളുമുണ്ട്. എന്നാല്‍ ഒരു രാജ്യത്തിനു മാത്രമായി ഏകപക്ഷീയമായി ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയില്ല.
https://www.facebook.com/Malayalivartha
























