കുവൈറ്റിൽ വിദേശികളുടെ വിസ പുതുക്കാൻ പുതിയ സംവിധാനവുമായി കുവൈറ്റ് താമസാനുമതികാര്യ വിഭാഗം

വിദേശികളുടെ വിസ പുതുക്കുന്നതിനായി പുതിയ സംവിധാനം ആവിഷ്‌ക്കരിക്കാനൊരുങ്ങുകയാണ് കുവൈറ്റ്. ഇതിനായി ഓട്ടോമാറ്റിക് റിന്യുവൽ സംവിധാനം ആവിഷ്കരിക്കുമെന്ന് കുവൈറ്റ് താമസാനുമതികാര്യ വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അൽ മറാഫി അറിയിച്ചു.
വിവിധ കമ്പനികളുടെ അഭ്യർത്ഥന കണക്കിലെടുത്താണ് പുതിയ തീരുമാനം. കമ്പനികളിൽ ജോലി ചെയ്യുന്നവരുടെയും കുടുംബാംഗങ്ങളുടെയും വിസ പുതുക്കുന്നതിന് ഓട്ടോമാറ്റിക് റിന്യുവൽ സംവിധാനം വരുന്നതോടെ ചെലവ് ചുരുക്കാനാവും. ഓഫീസുകളിൽ ഓഡിറ്റർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ എണ്ണം കുറയ്ക്കാനാവും. സമയവും അധ്വാനവും കുറച്ചുമതിയെന്നതാണ് പുതിയ സംവിധാനം നിലവിൽ വരുന്നതോടെയുള്ള നേട്ടം.
ആശ്രിത വിസയിൽ കുവൈറ്റിൽ കഴിയുന്നവർക്ക് 21 വയസ് പൂർത്തിയായാൽ തൊഴിൽ വിസയിലേക്ക് മാറ്റുന്നതിന് മാൻപവർ അതോറിറ്റിക്ക് അധികാരമുണ്ടാകും. എന്നാൽ വിവാഹമോചിതരായ വനിതകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. വിസ പുതുക്കാത്ത വിവാഹമോചിതർ രാജ്യം വിടേണ്ടിവരും.
21വയസിനു മുകളിലുള്ളവർ ആശ്രിതവിസയിൽ തുടരണമെങ്കിൽ അവർ വിദ്യാർത്ഥികളായിരിക്കണം. പ്രായവും അവർ പഠിക്കുന്ന കാലവും പരിഗണിച്ചാകും ആനുകൂല്യം ലഭിക്കുക. അല്ലാത്തപക്ഷം അവർ ആശ്രിത വിസയിൽനിന്ന് മാറേണ്ടി വരും.
https://www.facebook.com/Malayalivartha























