പുതുവര്‍ഷപിറവിയിലും അമേരിക്കയ്ക്കെതിരെ ഭീഷണിയുമായി ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍

ഉത്തരകൊറിയന്‍ ആണവായുധങ്ങളുടെ ബട്ടണ്‍ തന്റെ മേശപ്പുറത്താണുള്ളതെന്ന് കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. തങ്ങളുടെ അണ്വായുധ ശേഷിയെ കുറിച്ചുള്ള ബോധ്യമാണ് അമേരിക്കയെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതെന്ന് കിം പറഞ്ഞു. പുതുവര്‍ഷദിനത്തില്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരകൊറിയയുടെ അണ്വായുധ ശേഷിയെ കുറിച്ച് അമേരിക്കയ്ക്ക് വ്യക്തമായ ബോധ്യമുണ്ട്. അതാണ് അവരെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.
അമേരിക്ക മുഴുവന്‍ ഞങ്ങളുടെ അണ്വായുധ പരിധിയില്‍ വരും. അതിനാല്‍ത്തന്നെ എന്നെയോ എന്റെ രാജ്യത്തെയോ ആക്രമിക്കാന്‍ അമേരിക്ക തയ്യാറാകില്ല. കിം പറഞ്ഞു. അണ്വായുധ പരീക്ഷണങ്ങളും ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവും ഈ വര്‍ഷവും തുടരുമെന്ന് കിം വ്യക്തമാക്കി. അണ്വായുധങ്ങളുടെ ഒരു ബട്ടണ്‍ എന്റെ ഡെസ്കിലുണ്ട്. അത് അമേരിക്ക മറക്കേണ്ട.
അണ്വായുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും നിര്‍മിക്കുന്നത് കൂടുതല്‍ ശക്തമാക്കും. അവയുടെ പരീക്ഷണങ്ങള്‍ വേഗത്തിലാക്കും. ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിംപിക്സിന് ഉത്തരകൊറിയന്‍ സംഘത്തെ വിടുന്ന കാര്യം പരിഗണിക്കുമെന്ന് കിം വ്യക്തമാക്കി. ദക്ഷിണകൊറിയയുമായിട്ടുള്ള ചര്‍ച്ചകളുടെ പാതകള്‍ തുറന്ന് കിടക്കുകയാണ്.
ഒളിംപിക്സ് വന്‍വിജയമാകട്ടെയെന്ന് ആശംസിക്കുന്നതായും കിം പറഞ്ഞു. ദക്ഷിണകൊറിയയിലെ പ്യോങ്ചാങില്‍ ഫെബ്രുവരിയിലാണ് ശൈത്യകാല ഒളിംപിക്സ് നടക്കുന്നത്.
https://www.facebook.com/Malayalivartha

























