ക്ഷേമപെന്‍ഷനുകള്‍ക്കായി സഹകരണ ബാങ്കുകളില്‍ നിന്ന് സര്‍ക്കാര്‍ 2500 കോടി രൂപ കടമെടുക്കുന്നു

ക്ഷേമപെന്‍ഷനുകള്‍ നല്‍കാന്‍ ഖജനാവില്‍ പണമില്ലാത്തതിനാല്‍ സഹകരണ ബാങ്കുകളില്‍നിന്ന് സര്‍ക്കാര്‍ 2,500 കോടി രൂപ കടമെടുക്കുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. മന്ത്രിയുടെ ചേംബറില്‍ നടന്ന യോഗത്തില്‍ സഹകരണ രജിസ്ട്രാര്‍മാര്‍, ജോയന്റ് രജിസ്ട്രാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ ഇതേ ബാങ്കുകളില്‍നിന്ന് വായ്പയായി കൈപ്പറ്റിയ കോടികള്‍ തിരിച്ചടക്കാന്‍ ബാക്കിനില്‍ക്കെയാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. സഹകരണ ബാങ്കുകളെ േഗ്രഡ് തിരിച്ച് കണ്‍സോര്‍ട്ട്യം ഉണ്ടാക്കിയാണ് പണം സ്വരൂപിക്കുക. ഇതിനായി വായ്പ തുകയേക്കാള്‍ അധിക നിക്ഷേപമുള്ള ബാങ്കുകളെ മൂന്നു വിഭാഗമാക്കി തിരിക്കും.
ജില്ലകളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള അഞ്ചു ബാങ്കുകളില്‍നിന്ന് 20 കോടി രൂപ തോതില്‍ 100 കോടി രൂപ വായ്പയായി സ്വരൂപിക്കും. അതിന് താഴെയുള്ള അഞ്ചു ബാങ്കുകളില്‍നിന്ന് 10 കോടി തോതില്‍ 50 കോടി, ഇതില്‍ താഴെ നിക്ഷേപമുള്ള അഞ്ചു ബാങ്കുകളില്‍നിന്ന് അഞ്ചുകോടി രൂപ തോതില്‍ 25 കോടി എന്നിങ്ങനെയും സ്വരൂപിക്കും. ഇപ്രകാരം ഓരോ ജില്ലയില്‍നിന്നും 175 കോടി രൂപ വീതം വായ്പയായി സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ബാങ്ക് വായ്പക്ക് സര്‍ക്കാര്‍ ഗാരന്റിയും 8.75 ശതമാനം പലിശയും നല്‍കാനും ധാരണയായി. ഓണത്തിന് മുമ്പുതന്നെ പണം സ്വരൂപിക്കും. ഇതിനായി ഓരോ ജില്ലയിലും സഹകരണ ബാങ്കുകളുടെ പ്രത്യേക യോഗം ആഗസ്റ്റ് രണ്ടുമുതല്‍ വിളിച്ചുചേര്‍ക്കാനും യോഗതീരുമാനങ്ങളെകുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജോയന്റ് രജിസ്ട്രാര്‍മാരെ ചുമതലപ്പെടുത്തി.കഴിഞ്ഞ ഒരു വര്‍ഷമായി കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വാര്‍ധക്യവിധവ പെന്‍ഷനുകളെല്ലാം വിതരണം ചെയ്യുന്നത് സഹകരണ ബാങ്കുകള്‍ വഴിയാണെങ്കിലും ഈ പണം സര്‍ക്കാര്‍ നേരിട്ട് അടക്കുന്നതിനാല്‍ ബാങ്കുകള്‍ക്ക് പ്രത്യേക ബാധ്യതയില്ല.
എന്നാല്‍, ഈ ഓണം മുതല്‍ പണം കണ്ടെത്തേണ്ട ബാധ്യതയും സഹകരണ ബാങ്കുകളുടെ ചുമലിലാകും. ഇ.എം.എസ് ഭവനപദ്ധതി പലിശ തിരിച്ചടവും കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ വിതരണത്തിന് നല്‍കിയ വായ്പയുടെ തിരിച്ചടവും കുടിശ്ശിക നില്‍ക്കെ സര്‍ക്കാറിന്റെ പുതിയ തീരുമാനത്തോട് ബാങ്കുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.
https://www.facebook.com/Malayalivartha

























