മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും പി.തിലോത്തമനും പ്രളയബാധിത പ്രദേശങ്ങളില്‍ ശുചീകരണം നടത്തുന്നത് കണ്ട് ജര്‍മന്‍ കമ്പനി ക്ലീനിംഗ് യന്ത്രങ്ങള്‍ സൗജന്യമായി എത്തിച്ചു

ആലപ്പുഴ കുട്ടാനാട്ടില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ ശുചീകരണത്തിനിറങ്ങിയ മന്ത്രിമാര്‍ക്ക് കടല്‍ കടന്ന് കൈയ്യടി. സി.എന്‍.എന്‍ ചാനലിലൂടെ വാര്‍ത്തയറിഞ്ഞ ജര്‍മ്മന്‍ കമ്പനി നാലര ലക്ഷം രൂപയുടെ ക്ലീനിങ്ങ് മെഷിനും ഇവിടെ എത്തിച്ചു. മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും കുട്ടനാട്ടിലെ കൈനകരിയില്‍ വെള്ളം കയറിയിറങ്ങിയ വീടുകളില്‍ നടത്തിയ ശുചീകരണമാണ് അന്താരാഷ്ട്ര ചാനലില്‍ പ്രാധാന്യത്തോടെ പ്രചരിച്ചത്. വെള്ളവും ചെളിയും നിറഞ്ഞ വീടിന്റെ അകത്തളങ്ങളില്‍ മറ്റുള്ളവര്‍ക്കൊപ്പം ചൂലും ബ്രഷുമായി ശുചീകരണം നടത്തുന്ന മന്ത്രിമാരുടെ ചിത്രങ്ങള്‍ അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയാവുകയായിരുന്നു.
മന്ത്രിമാര്‍ യാതൊരു സങ്കോചവും കൂടാതെ പ്രളയാനന്തര ശുചീകരണ പ്രക്രിയയില്‍ പങ്കാളിയാവുന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ചിത്രങ്ങളാണ് സി.എന്‍.എന്‍ ചാനല്‍ കാണിച്ചത്. ദ്യശ്യങ്ങള്‍ ചാനലില്‍ കാണാനിടയായ കാര്‍ക്കര്‍ ക്ലീനിങ്ങ് സിസ്റ്റംസ് കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടര്‍ റൂഡിഗര്‍ ഷ്രൂഡറാണ് ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന പതിനഞ്ച് ആധുനിക ക്ലീനിങ്ങ് മെഷിനുകളുമായി ആലപ്പുഴയിലേക്ക് നേരിട്ടെത്തിയത്.സംസ്ഥാനത്തെ മന്ത്രിമാര്‍ തന്നെ നേരിട്ട് ഇങ്ങനെ നാടിന്റെ ശുചിത്വപ്രക്രിയയില്‍ ഇടപെടുന്നത് തങ്ങെളെ അത്്ഭുതപ്പെടുത്തയതായി ഷ്രൂഡര്‍ പറഞ്ഞു.

വാര്‍ത്ത കണ്ട ഉടനെ കേരളത്തിലെ ചാനല്‍ പാര്‍ടണറായ ഗിരീഷ് നായരുമായി ഷ്രൂഡര്‍ ബന്ധപ്പെടുകയായിരുന്നു. ജനറല്‍ മാനേജറായ ശ്രീജിത്ത് മുഖേന മന്ത്രിമാരെ നേരിട്ട് കാണാനുള്ള താല്‍പ്പര്യവും അറിയിച്ചു. തുടര്‍ന്ന് ശ്രീജിത്ത്് സുഹൃത്തായ ചെങ്ങന്നൂരിലെ അഡ്വ.ജയചന്ദ്രന്‍ മുഖേന മന്ത്രിയെ നേരിട്ട് കാണാന്‍ അവസരമൊരുക്കുകയായിരുന്നു. മന്ത്രി ജി.സുധാകരന്‍ ക്ലീനിങ്ങ് മെഷിന്‍ ഷ്രൂഡറില്‍ നിന്നും ഏറ്റുവാങ്ങി. പതിനഞ്ച് മെഷിനുകളില്‍ ആവശ്യമുള്ളവ ഫയര്‍ഫോഴ്‌സിന്റെ വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കാന്‍ മ്ന്ത്രി നിര്‍ദ്ദേശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലീനിങ്ങ് യന്ത്രങ്ങള്‍ ഇനിയും ആവശ്യമുണ്ടെങ്കില്‍ എത്തിക്കാമെന്ന വാഗ്ദാനവും നല്‍കിയാണ് കമ്പനി എം.ഡി മടങ്ങിയത്. ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ പി.വേണുഗോപാല്‍ , ജില്ലാ കളക്ടര്‍ എസ്.സുഹാസും സന്നിഹിതരായിരുന്നു.
https://www.facebook.com/Malayalivartha























