ശബരിമല വിഷയത്തിൽ കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ ജാഥയില്‍ പങ്കെടുക്കും,വിധി നടപ്പാക്കേണ്ടത് കൃത്യമായ ആലോചനകൾക്ക് ശേഷo ശശി തരൂർ എം.പി

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന വിശ്വാസ സംരക്ഷണ ജാഥയുടെ സമാപന ചടങ്ങിൽ പങ്കെടുക്കുമെന്ന് ശശി തരൂര്‍ എംപി. യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കേണ്ടത് കൃത്യമായ ആലോചനകൾക്ക് ശേഷമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ നടന്ന അക്രമ സംഭവങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. അവിടുത്തെ പവിത്രതയെ നശിപ്പിക്കുകയാണ് ഇത്തരം അക്രമങ്ങള്‍. അക്രമമല്ല പരിഹാരം. ബിജെപി ശബരിമലയില്‍ നടത്തുന്നത് രാഷ്ട്രീയനാടകമാണ്.
വിഷയത്തില്‍ കോണ്‍ഗ്രസിന് സ്വതന്ത്രനിലപാടാണുളളത്, ബിജെപിക്ക് ഒപ്പമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉളളതിനാലാണ് ഇപ്പോള്‍ ജാഥയില്‍ പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര ഇന്നലെ കാസര്‍കോട് നിന്ന് ആരംഭിച്ചു . കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരനാണ് ജാഥ നയിക്കുന്നത്.
സ്ത്രീയ്ക്കും പുരുഷനുമുള്ള തുല്യ നീതി ഉറപ്പാക്കുന്നതാണ് സുപ്രീം കോടതി വിധിയെന്ന് ശശി തരൂര്‍ എംപി നേരത്തെ പറഞ്ഞിരുന്നു. ആഗ്രഹം ഉള്ളവര്‍ ശബരിമലയില്‍ പോകട്ടെ. അല്ലാത്തവര്‍ മാറി നില്‍ക്കട്ടെ. പോകുന്നവരെ തടയരുതെന്നാണ് കോടതി പറഞ്ഞതെന്നും തരൂര്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























