ലീഗിന് ഇരട്ട പ്രതിസന്ധി; ലീഗിനെ പ്രതിസന്ധിയിലാക്കി മഞ്ചേശ്വരം എം എൽ എ , പി.ബി. അബ്ദുൽ റസാഖിന്റെ മരണവും അഴിക്കോട് എം എൽ എ , കെ എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയും

ലീഗിന് ഇരട്ട പ്രതിസന്ധി. മഞ്ചേശ്വരം എം എൽ എ , പി.ബി. അബ്ദുൽ റസാഖിന്റെ മരണവും അഴിക്കോട് എം എൽ എ , കെ എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയുമാണ് ലീഗിനെ പ്രതിസന്ധിയിലാക്കിയത്.
ഷാജിയുടെ അയോഗ്യത ഫലത്തിൽ കുഞ്ഞാലിക്കുട്ടിക്കേറ്റ തിരിച്ചടിയാണ്. കാരണം അന്ന് നികേഷ് കുമാർ തോൽക്കേണ്ടത് കുഞ്ഞാലിക്കുട്ടിയുടെ ആവശ്യമായിരുന്നു.
അബ്ദുൾ റസാഖിന്റെ മരണം പോലെ അപ്രതീക്ഷിതമായിരുന്നു ഷാജിക്ക് സംഭവിച്ച ദുരന്തവും. സുപ്രീം കോടതിയെ സമീപിച്ചാലും ഇതിൽ എങ്ങനെ കരകയറുമെന്ന വ്യക്തത ലീഗിനില്ല. വിധി വന്നയുടൻ തന്നെ ലീഗ് നേതാക്കൾ തമ്മിൽ കൂടിയാലോചന തുടങ്ങി കഴിഞ്ഞു.
ലീഗിന്റെ മണ്ഡലമാണ് അഴിക്കോട്. എം വി നികേഷ് കുമാറിനെ സിപിഎം അവിടെ സ്ഥാനാർത്ഥിയാക്കിയത് ഷാജിയെ അട്ടിമറിക്കാനാണ്. അഛന്റെ പഴയ മണ്ഡലത്തിൽ ചാനൽ പ്രഭയിൽ തിളങ്ങിയ നികേഷിനെ സിപിഎം രംഗത്തിറക്കുമ്പോൾ അവർക്ക് വലിയ പ്രതീക്ഷയായിരുന്നു. എം.വി ആറിന്റെ മകൻ എന്ന നിലയിലാണ് നികേഷ്കുമാർ അഴിക്കോട് ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചത്. ഒരു ഘട്ടത്തിൽ ഷാജിയിൽ നിന്നും മണ്ഡലം കൈവിടുമെന്ന തോന്നൽ വരെയുണ്ടായി. അപ്പോഴാണ് ഇപ്പോൾ കണ്ടെത്തിയ ആരോപണം ഉണ്ടായതെന്നു വേണം കരുതാൻ.
സിപിഎം ഉറപ്പിച്ച വിജയമായിരുന്നു നികേഷിന്റേത് . സാക്ഷാൽ പിണറായി വിജയൻ തന്നെയാണ് നികേഷിനെ കണ്ടെത്തിയതും മത്സരിപ്പിച്ചതും .നികേഷിനെ സ്ഥാനാർത്ഥിയാക്കുമ്പോൾ തന്റെ പഴയ ഗുരുനാഥനോടുള്ള കൃതജ്ഞതയാണ് പിണറായി കാണിച്ചത്. എം വി ആറിന്റെ ശിഷ്യനായാണ് പിണറായി രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് തിരികൊളുത്തിയാണ് അഴിക്കോട്ടെ വോട്ടർമാരെ നികേഷ് നേരിട്ടത്. നികേഷ് ജയിക്കുമെന്നായിരുന്നു കോൺഗ്രസിന്റെയും കണക്കുകൂട്ടൽ. കോൺഗ്രസ് വോട്ടുകൾ വൻതോതിൽ നികേഷിന് മറിഞ്ഞെന്നും ആരോപണം ഉയർന്നിരുന്നു. ചെറുപ്പക്കാരുടെ വോട്ടും നികേഷിന് മറിഞ്ഞു.
ഷാജിയുടെ വിജയം കുഞ്ഞാലിക്കുട്ടിക്ക് നിർബന്ധമായിരുന്നു. കാരണം നികേഷ്കുമാർ ചീഫ് എഡിറ്ററായിരുന്ന ഇന്ത്യാവിഷൻ ചാനലാണ് കുഞ്ഞാലിക്കുട്ടിയെ രാഷ്ട്രീയരംഗത്ത് നിന്നും ഒരു നിശ്ചിത കാലത്തേക്കെങ്കിലും പുറത്തിറത്തിയത്. കുപ്രസിദ്ധമായ റജീന സംഭവം ഇന്ത്യാവിഷൻ വീണ്ടും കുത്തിപൊക്കിയതിനെ തുടർന്നാണ് കുഞ്ഞാലിക്കുട്ടിക്ക് മന്ത്രി സ്ഥാനം രാജീവയ്ക്കേണ്ടി വന്നത്. എം. കെ. മുനീറിന്റെ ചാനലായിരുന്നു ഇന്ത്യാ വിഷൻ. മുനീറും കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് റജീന വാർത്തക്ക് പിന്നിലുണ്ടായിരുന്നത്. നികേഷിനെ തോൽപ്പിക്കണമെന്നത് കുഞ്ഞാലിക്കുട്ടിയുടെ വ്രതമായിരുന്നു. മുനീറിനെ തോൽപ്പിക്കണമെന്നും കുഞ്ഞാലികുട്ടിക്ക് ഉണ്ടായിരുന്നു. അത് നടന്നില്ലെങ്കിലും ചാനൽ പൂട്ടിക്കാൻ കഴിഞ്ഞു.
ഇനി ലീഗിനിറക്കാൻ അഴിക്കോട് കാർഡില്ല. നല്ലൊരു സ്ഥാനാർത്ഥിയുമില്ല. നികേഷ് വീണ്ടും മത്‌സരിക്കും. ജയിക്കാനും സാധ്യത ഏറെയാണ്. മഞ്ചേശ്വരത്ത് ലീഗ് ജയിക്കുമോ കെ. സുരേന്ദ്രൻ ജയിക്കുമോ എന്ന് ഉറപ്പില്ല. അതായത് പ്രതിസന്ധി ഷാജിക്കല്ല കുഞ്ഞാലിക്കുട്ടിക്കാണ്.
https://www.facebook.com/Malayalivartha






















