പിടിവാശി മൂക്കുംകുത്തി വീണു... ശബരിമല ഭക്തരുടെ പ്രിയപ്പെട്ട അരവണ പ്രസാദ നിര്‍മ്മാണം നിര്‍ത്തിവച്ചു; കോടിക്കണക്കിന് ആള്‍ക്കാരെ പ്രതീക്ഷിച്ച ദേവസ്വം ബോര്‍ഡിന് തിരിച്ചടിയായി ഭക്തരെത്താതായതോടെ ഉണ്ടാക്കിയവ വിറ്റു തീര്‍ക്കാന്‍ ശ്രമം; പുഷ്പാഭിഷേകത്തിനും വന്‍തോതില്‍ കുറവ്

ശബരിമല ഭക്തരുടെ പ്രിയ പ്രസാദമാണ് അരവണ. എത്ര മണിക്കൂര്‍ ക്യൂ നിന്നാണ് ഒരു അരവണ സംഘടിപ്പിക്കുന്നത്. സീസണില്‍ ഒരാള്‍ക്ക് നിശ്ചിത എണ്ണം മാത്രമേ നല്‍കാറുമുള്ളൂ. ആ അരവണ വാങ്ങാന്‍ ആളില്ലാതെ ബുദ്ധിമുട്ടുകയാണ്.
വില്‍പന കുറഞ്ഞതോടെ അപ്പത്തിന് പിന്നാലെ അരവണയുടെയും ഉല്‍പാദനം നിര്‍ത്തിവച്ചു. പോലീസിന്റെ കടുത്ത നിയന്ത്രണം മൂലം നട തുറന്ന ആദ്യ ദിവസങ്ങളില്‍ തീര്‍ഥാടകരുടെ വരവ് കുറഞ്ഞതാണ് അരവണ വില്‍പനയെ പ്രതികൂലമായി ബാധിച്ചത്. ദിനംപ്രതി 50 കൂട്ട് അരവണ മാത്രമാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. 30 ലക്ഷം ടിന്‍ അരവണയാണ് സ്‌റ്റോക്കുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് ദിനംപ്രതി 100 മുതല്‍ 120 കൂട്ട് അരവണ വരെ ഉല്‍പാദിപ്പിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ദിനംപ്രതി ഒരു ലക്ഷം കണ്ടെയ്‌നറും മകരവിളക്ക് തിരക്ക് സമയത്ത് രണ്ടര ലക്ഷം കണ്ടെയ്‌നറും വരെ അരവണ വിറ്റു പോയിരുന്നു.
കഴിഞ്ഞ വര്‍ഷം പലപ്പോഴും ദര്‍ശനത്തിനായുള്ള തീര്‍ത്ഥാടകരുടെ നിര ശരംകുത്തി പിന്നിട്ട് ശബരിപീഠം വരെ എത്തിയിരുന്നു. അരവണ അപ്പം വിതരണ പ്രസാദ കൗണ്ടറിലും മണിക്കൂറുകളോളം കാത്ത് നില്‍ക്കേണ്ടതായി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വലിയ നടപ്പന്തലില്‍ പോലും ആളില്ലാത്ത അവസ്ഥയാണ് മിക്കപ്പോഴും പകല്‍ 12 മണി കഴിഞ്ഞാല്‍ ഉച്ചയ്ക്ക് ഒന്നിന് നട അടയ്ക്കുന്നത് വരെ പതിനെട്ടാം പടി കയറാന്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഉണ്ടാകുക.
തീര്‍ഥാടകരുടെ തിരക്ക് കുറഞ്ഞതോടെ പ്രധാന വഴിപാടായ പുഷ്പാഭിഷേകത്തിനും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വന്‍തോതില്‍ കുറവ്. കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് ദിനംപ്രതി 40 പുഷ്പാഭിഷേകങ്ങള്‍ നടന്നിടത്ത് ഇപ്പോള്‍ പത്തു മുതല്‍ ഏഴു വരെ മാത്രമാണ് നടക്കുന്നത്. 17 ന് ഏഴും 18 ന് നാലും 19 ന് പതിനഞ്ചും 20 ന് പത്തും 21 ന് എട്ടും കൂടാതെ നേരിട്ട് ബുക്ക് ചെയ്ത ഏഴും ഉള്‍പ്പെടെ 51 പുഷ്പാഭിഷേകങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ ഒരു വര്‍ഷക്കാലം 3400 പുഷ്പാഭിഷേകമാണ് നടന്നത്. മകരവിളക്കിന് തലേ ദിവസം മാത്രം 195 പുഷ്പാഭിഷേകം ഉണ്ടായിരുന്നു. പുഷ്പാഭിഷേകത്തിന് 10,000 രൂപയാണ് ദേവസ്വം ബോര്‍ഡിന് അടയ്‌ക്കേണ്ടത്. പൂക്കള്‍ ദേവസ്വം ബോര്‍ഡ് ലഭ്യമാക്കും. ഭക്തര്‍ കൊണ്ടു വന്നാല്‍ 3000 രൂപ ബോര്‍ഡിന് അടയ്ക്കണം. കൂടാതെ കിരീടം, മാല എന്നിവ യ്ക്കുള്ള തുകയും നല്‍കണം.
https://www.facebook.com/Malayalivartha

























