പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ നവകേരള യാത്രയ്ക്കു നേരെ പ്രതിഷേധിച്ചതിന് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ സുരക്ഷാസംഘം മര്‍ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച പ്രതികളില്‍ 3 പേര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ലഭ്യമായ തെളിവുകളും വസ്തുതകളും പൂര്‍ണ്ണമായി അവഗണിച്ചുകൊണ്ട് തികച്ചും അപ്രസക്തമായ കാര്യങ്ങളെ മുന്‍നിര്‍ത്തിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതെന്ന് അപ്പീലില്‍ പറയുന്നു. പിണറായി വിജയന്റെ സുരക്ഷാ സംഘത്തിലെ അംഗങ്ങളായിരുന്ന വി.കെ.ഷൈജു, ആര്‍.അരുണ്‍, വി.വി.വിപിന്‍ എന്നിവര്‍ക്ക് ആലപ്പുഴ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെയാണ് അപ്പീല്‍. ഇവരെ കൂടാതെ ഗണ്‍മാനായിരുന്ന എസ്.അനില്‍കുമാര്‍, സുരക്ഷാ സംഘത്തിലെ എസ്.സന്ദീപ് എന്നിവര്‍ക്കും സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
ലഭ്യമായ തെളിവുകള്‍ക്ക് വിരുദ്ധവും തെറ്റായ വിവരങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതുമാണ് സെഷന്‍സ് കോടതിയുടെ കണ്ടെത്തലുകള്‍ എന്ന് അപ്പീലില്‍ പറയുന്നു. ഗണ്‍മാനും അകമ്പടി സേനയും മര്‍ദിക്കാനായി ഉപയോഗിച്ച സാധനങ്ങള്‍ ഇതിനകം തന്നെ സറണ്ടര്‍ ചെയ്തു എന്ന തെറ്റായ ധാരണയുടെ പുറത്താണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ നിരീക്ഷണം നിലവില്‍ നടക്കുന്ന അന്വേഷണത്തെ ദോഷകരമായി ബാധിക്കും. അതിനാല്‍, പ്രത്യേക അന്വേഷണ സംഘത്തിന് കൃത്യമായും നിഷ്പക്ഷമായും അന്വേഷണം നടത്താന്‍ അവസരമൊരുക്കണം. ഇതിനായി സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























