19-ാം തീയതി നിർണായകം! ലോകം ഉറ്റുനോക്കുന്നു...

എന്നാൽ ഒരുതരത്തിൽ പറഞ്ഞാൽ അമേരിക്ക ഇസ്രയേലിന്റെ കാലുവാരിക്കൊണ്ടാണ് ഇറാനുമായി ധാരണ പത്രം ഒപ്പിടാൻ ശ്രമിക്കുന്നത് .
യുദ്ധത്തിന് പൂർണസജ്ജമാകുന്നതിന് മുൻപ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേലിനെ പിന്തിരിപ്പിക്കുകയാണെന്നും പറയുന്നുണ്ട് .
പൊതുവെ യുദ്ധക്കൊതിയൻ എന്ന് പേരുകേട്ട ട്രമ്പിനുപോലും ഇപ്പോൾ യുദ്ധം മടുത്തിരിക്കുന്നു . വരാനിരിക്കുന്ന തെരഞ്ഞെടുപ്പും ട്രാമിനെ പുറകോട്ട് വലിയ്ക്കുന്ന ഘടകമാണ് അമേരിക്കയ്ക്കുള്ളിൽ നിന്ന് തന്നെ ട്രംപിനെതിരെ യുദ്ധവിഷയത്തിൽ എതിർപ്പുകൾ വരുന്നുണ്ട് . അതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും ഇറാനെ അനുനയിപ്പിച്ച് തടിതപ്പാനാണ് ട്രംപിന്റെ തീരുമാനം . മാത്രമല്ല നെതന്യാഹുവിന്റെ നിശിതമായി വിമർശിക്കാനും ട്രംപ് മടിച്ചില്ല .
കഴിഞ്ഞ ഫെബ്രുവരിയിൽ യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തോടെയാണ് ഇറാൻ ഇസ്രായേൽ സംഘർഷം യുദ്ധത്തിലേക്ക് വഴിമാറിയത്. ആഗോള എണ്ണ-വാതക വിതരണത്തിന്റെ പ്രധാന ചരക്കുപാതയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇറാൻ പൂർണ്ണമായും അടച്ചിട്ടിരിക്കുകയായിരുന്നു. ധാരണാപത്രം പ്രാബല്യത്തിൽ വരുന്നതോടെ ഈ പാതയിലൂടെയുള്ള കപ്പൽ ഗതാഗതം ഉടനടി പുനരാരംഭിക്കും. ഇത് ഘട്ടംഘട്ടമായി പൂർണ്ണതോതിലാകും.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ലോകത്തെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തിയ വിഷയങ്ങളിലൊന്നായിരുന്നു അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം. പശ്ചിമേഷ്യയിലെ ഈ പ്രതിസന്ധി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് പോലും നീങ്ങുമോ എന്ന ഭയം പല രാജ്യങ്ങൾക്കും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ പ്രകാരം ഇരുരാജ്യങ്ങളും ഒരു സമാധാന ധാരണയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. പക്ഷേ, ഒരു ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുന്നു.
യഥാർത്ഥത്തിൽ യുദ്ധം അവസാനിച്ചോ? അതോ ഇത് താൽക്കാലിക ഇടവേള മാത്രമാണോ? ഇന്ന് അതാണ് നമുക്ക് പരിശോധിക്കാനുള്ളത്.
അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുത ഒരു ദിവസമോ ഒരു വർഷമോ പഴക്കമുള്ളതല്ല. 1979-ലെ ഇറാൻ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം ഇരുരാജ്യങ്ങളും പരസ്പരം കടുത്ത എതിർപ്പിലാണ്. പതിറ്റാണ്ടുകളായി ഉപരോധങ്ങൾ, ഭീഷണികൾ, സൈനിക ഏറ്റുമുട്ടലുകൾ, രഹസ്യ ഓപ്പറേഷനുകൾ എന്നിവ നടന്നിട്ടുണ്ട്.
ഈ വർഷം സ്ഥിതി കൂടുതൽ സങ്കീർണ്ണമായി. പശ്ചിമേഷ്യയിലെ വിവിധ സംഘർഷങ്ങൾക്കിടയിൽ അമേരിക്കയും ഇറാനും പരസ്പരം കുറ്റപ്പെടുത്തലുകൾ ഉയർത്തി. ഹോർമുസ് കടലിടുക്കിലെ സുരക്ഷാ പ്രശ്നങ്ങളും എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ഭീഷണികളും ആഗോള വിപണിയെ ബാധിച്ചു.
ലോക എണ്ണയുടെ വലിയൊരു ഭാഗം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടയുകയോ അപകടത്തിലാകുകയോ ചെയ്താൽ അതിന്റെ ആഘാതം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയിലും പ്രതിഫലിക്കും.
ഇതോടെയാണ് ലോക ശക്തികൾ ഇടപെടൽ ശക്തമാക്കിയത്. ഐക്യരാഷ്ട്രസഭയും വിവിധ മധ്യസ്ഥ രാജ്യങ്ങളും ചർച്ചകൾക്ക് പിന്തുണ നൽകി.
ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം അമേരിക്കയും ഇറാനും ഒരു പ്രാഥമിക സമാധാന ധാരണയിലെത്തിയെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇത് പൂർണമായ അന്തിമ കരാറല്ല. ഇനിയും നിരവധി കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇറാന്റെ ആണവ പദ്ധതിയാണ്.
അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായക സമാധാന കരാറിന്റെ ഭാഗമായി ഇരുരാജ്യങ്ങളും ഡിജിറ്റലായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കരാർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ജനീവയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഇരുരാജ്യങ്ങളും നേരിട്ട് കരാറിൽ ഔദ്യോഗികമായി ഒപ്പുവെക്കും.(US and Iran have digitally signed a preliminary peace agreement)
ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, യുറേനിയം സമ്പുഷ്ടീകരണം, ഉപരോധങ്ങൾ പിൻവലിക്കൽ തുടങ്ങിയ വിഷയങ്ങളിൽ സമവായത്തിലെത്താൻ തുടർചർച്ചകൾ ആവശ്യമാണെന്നും ഇറാൻ വ്യക്തമാക്കി
ഇറാൻ തന്റെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കാണെന്ന് ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും അതിനെ സംശയത്തോടെ കാണുന്നു. ഭാവിയിൽ ആണവായുധ വികസനത്തിലേക്ക് ഇത് നയിക്കുമോ എന്ന ആശങ്കയാണ് അവർക്കുള്ളത്.
അതിനാൽ തന്നെ അടുത്ത ഘട്ട ചർച്ചകളിൽ പ്രധാന വിഷയമാകുക ആണവ പദ്ധതിയായിരിക്കും. മറ്റൊരു നിർണായക വിഷയം സാമ്പത്തിക ഉപരോധങ്ങളാണ്.വർഷങ്ങളായി അമേരിക്ക ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഉപരോധങ്ങൾ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ വലിയ രീതിയിൽ ബാധിച്ചു. എണ്ണ കയറ്റുമതി മുതൽ ബാങ്കിംഗ് ഇടപാടുകൾ വരെ പല മേഖലകളും നിയന്ത്രണങ്ങൾ നേരിട്ടു. സമാധാന കരാർ മുന്നോട്ട് പോകണമെങ്കിൽ ഈ ഉപരോധങ്ങളിൽ ഇളവുകൾ നൽകേണ്ടി വരും. എന്നാൽ അതിന് പകരമായി ഇറാൻ ചില ഉറപ്പുകൾ നൽകണമെന്ന് അമേരിക്ക ആവശ്യപ്പെടും. ഇതാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം.
ഇറാന്മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കുന്നതും, മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാൻ ഫണ്ടുകൾ വിട്ടുകൊടുക്കുന്നതും ടെഹ്റാന്റെ ആണവപദ്ധതി നിലപാടുകളെ ആശ്രയിച്ചിരിക്കും. മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകൾക്ക് ഇറാൻ ഫണ്ട് നൽകുന്നത് അവസാനിപ്പിക്കണമെന്നതാണ് യു.എസിന്റെ പ്രധാന വ്യവസ്ഥ. ഈ ധാരണാപത്രത്തിന്റെ പൂർണ്ണരൂപം 48 മണിക്കൂറിനുള്ളിൽ പൊതുജനങ്ങൾക്ക് മുന്നിൽ ലഭ്യമാക്കുമെന്ന് യു.എസ് വ്യക്തമാക്കുന്നു.
അതേസമയം വിപണികൾ ഇതിനകം തന്നെ പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ട്. സമാധാന സാധ്യത ഉയർന്നതോടെ എണ്ണവിലയിൽ ചില ഇടിവുകൾ രേഖപ്പെടുത്തി. യുദ്ധഭീഷണി കുറയുന്നതോടെ നിക്ഷേപകരും ആശ്വാസത്തിലാണ്. എന്നാൽ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത് മറ്റൊന്നാണ്.
പല തവണ മുമ്പും അമേരിക്കയും ഇറാനും തമ്മിൽ ചർച്ചകൾ പുരോഗമിച്ചതായി തോന്നിയിട്ടുണ്ടെങ്കിലും അവസാന നിമിഷങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ ഇപ്പോൾ ലഭിക്കുന്ന വാർത്തകൾ പ്രതീക്ഷ നൽകുന്നവയാണെങ്കിലും അന്തിമ കരാർ ഒപ്പുവെക്കുന്നതുവരെ പൂർണമായ ആശ്വാസം പ്രഖ്യാപിക്കാൻ കഴിയില്ല. മറ്റൊരു പ്രശ്നം ഇസ്രായേൽ ലെബനൻ വിഷയമാണ്
ലെബനനിൽ നിന്നുള്ള ഇസ്രായേലിന്റെ സൈനിക പിന്മാറ്റം ഈ യു.എസ്-ഇറാൻ കരാറിലെ ഒരു വ്യവസ്ഥയല്ലെന്ന് മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഹിസ്ബുള്ളയിൽ നിന്നും ഉണ്ടാകുന്ന ഏതൊരു ആക്രമണത്തിനെതിരെയും സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് പൂർണ്ണ അവകാശമുണ്ടായിരിക്കുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ ലെബനാനിലെ സമ്പൂർണ യുദ്ധവിരാമമാണ്. ദക്ഷിണ ലെബനാനിലും തലസ്ഥാനമായ ബെയ്‌റൂത്തിലും ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ പൂർണമായും അവസാനിപ്പിക്കണമെന്നാണ് അമേരിക്ക മുഖേന ഇറാൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് ഉറപ്പാക്കേണ്ട ബാധ്യത അമേരിക്കൻ പ്രസിഡന്റിനാണ്. ലെബനാനിൽ വീണ്ടും ആക്രമണമുണ്ടായാൽ കരാർ ദുർബലപ്പെടുത്താനും ഇതിൽ നിന്നും പിന്മാറാനും ഇറാന് സാധിക്കും. കടുത്ത പ്രതിസന്ധികൾ മറികടന്ന് ഇത്തരം ഒരു ധാരണയിലേക്ക് ഇരുരാജ്യങ്ങളെയും എത്തിക്കുന്നതിൽ പാകിസ്താനും ഖത്തറും വലിയ പങ്കാണ് വഹിച്ചത്.
സമാധാന നീക്കങ്ങളോട് അമേരിക്കയും ഇറാനും പൂർണമായും ചേർന്നുനിൽക്കുമ്പോഴും, ഇസ്രായേൽ ഇതിൽ വലിയ അതൃപ്തിയിലാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ളവർ കരാറിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ഈ കരാർ പശ്ചിമേഷ്യയിൽ ഇറാൻ്റെ സ്വാധീനവും മേൽക്കോയ്മയും വർധിപ്പിക്കുമെന്നും, ഇസ്രായേലിന്റെ താൽപര്യങ്ങളെ അമേരിക്ക പൂർണമായും അവഗണിച്ചുവെന്നുമാണ് ഇസ്രായേൽ മാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നത്. ബെൻ ഗ്വിറിനെപ്പോലുള്ള തീവ്ര വലതുപക്ഷ ഇസ്രായേൽ മന്ത്രിമാർ ഇറാനെതിരെ സ്വന്തം നിലയ്ക്ക് ആക്രമണം തുടരണമെന്ന് വാദിക്കുന്നവരാണ്.
കരാർ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയാനുള്ള പോരാട്ടം തുടരുമെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. താൻ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തോളം ഇറാൻ ആണവായുധം നേടില്ല. ഇസ്രയേലിന് നേരെയുണ്ടായിരുന്ന ഉന്മൂലന ഭീഷണി ഇല്ലാതാക്കാൻ കഴിഞ്ഞതാണ് സർക്കാരിൻ്റെ നേട്ടം. ഡൊണാൾഡ് ട്രംപുമായി ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ഇസ്രയേലിൻ്റെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും നെതന്യാഹു വിശദീകരിച്ചു. രാജ്യത്തിൻ്റെ സുരക്ഷയ്ക്കായി ഗസയിലും ലബനാനിലും സിറിയയിലും സുരക്ഷാ മേഖലകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും തെക്കൻ ലബനാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നെതന്യാഹുവിൻ്റെ അഹങ്കാരത്തിൻ്റെയും അന്ധതയുടെയും വിലയാണ് ഇസ്രയേൽ ഇപ്പോൾ നൽകുന്നതെന്ന് മുൻ പ്രധാനമന്ത്രി എഹൂദ് ബരാക് കുറ്റപ്പെടുത്തി. കരാറിലൂടെ ഇറാൻ കൂടുതൽ കരുത്താർജിച്ചപ്പോൾ ഇസ്രയേൽ ദുർബലമായെന്നും ഇതിൻ്റെ പൂർണ ഉത്തരവാദിത്തം നെതന്യാഹുവിനാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിൻ്റെ വിദേശ-സുരക്ഷാ നയങ്ങളിലുണ്ടായ ഏറ്റവും വലിയ പരാജയമാണിതെന്ന് പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് വിമർശിച്ചു. ഒക്ടോബർ ഏഴിലെ കൂട്ടക്കുരുതിക്ക് ശേഷം ഇറാനു മുന്നിൽ ഇസ്രയേൽ ചരിത്രപരമായ പരാജയം ഏറ്റുവാങ്ങിയെന്ന് മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ആരോപിച്ചു. താനായിരുന്നു സ്ഥാനത്തെങ്കിൽ ട്രംപുമായുള്ള ബന്ധം ഉപയോഗിച്ച് ഇസ്രയേലിൻ്റെ താത്പര്യങ്ങൾ സംരക്ഷിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയും ഇറാനും തമ്മിലുള്ള കരാർ ഇസ്രയേലിന് ബാധകമല്ലെന്ന് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ വ്യക്തമാക്കി. ഇസ്രയേൽ സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും ഹിസ്ബുല്ലയെ പൂർണമായി ഇല്ലാതാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. ലബനാനിൽ സൈനിക സാന്നിധ്യം തുടരുമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും വ്യക്തമാക്കിയിട്ടുണ്ട്. ലബനാനിൽ നിന്നുള്ള ഹിസ്ബുല്ലയുടെ ഒരു റോക്കറ്റ് ആക്രമണം മതി നെതന്യാഹുവിനുമേൽ കടുത്ത സമ്മർദം സൃഷ്ടിക്കാനെന്നും ഇത് ഇറാനാണ് മുൻതൂക്കം നൽകുന്നതെന്നും മുൻ യുഎസ് അംബാസഡർ ഡാനിയൽ ഷാപ്പിറോ നിരീക്ഷിച്ചു.
ഇറാൻ ആണവ-മിസൈൽ പദ്ധതികൾ പുനരാരംഭിച്ചാൽ അമേരിക്കയുടെ സഹായമില്ലാതെ തന്നെ ഇസ്രയേൽ ആക്രമണം നടത്തുമെന്ന് ജറുസലേം സെൻ്റർ ഫോർ സെക്യൂരിറ്റി ആൻഡ് ഫോറിൻ അഫയേഴ്സ് സിഇഒ സഗീവ് സ്റ്റെയ്ൻബെർഗ് മുന്നറിയിപ്പ് നൽകി. ഇറാനിൽ തന്നെ കുറഞ്ഞ തോതിൽ യുറേനിയം സമ്പുഷ്ടീകരിക്കാൻ കരാർ അനുവദിക്കുന്നത് ഭാവിയിൽ വലിയ ഭീഷണിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ലബനാൻ ഈ കരാറിൻ്റെ ഭാഗമല്ലെന്നും ഹിസ്ബുല്ലയ്ക്കെതിരായ നടപടികൾ തുടരുമെന്നും ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി റൂവൻ അസാർ വ്യക്തമാക്കി. ഇറാനിലെ ഭരണമാറ്റമല്ല, മറിച്ച് ആണവ-മിസൈൽ ഭീഷണികൾ ഇല്ലാതാക്കുകയാണ് ഇസ്രയേലിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസിലെ ഡെമോക്രാറ്റിക് പ്രതിനിധികളും കരാറിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. 2015ൽ ബരാക് ഒബാമ ഒപ്പുവെച്ച കരാറിനേക്കാൾ മികച്ചതാണ് ഇതെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും, ഇത് അമേരിക്കൻ താൽപര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഡെമോക്രാറ്റുകൾ മുന്നറിയിപ്പ് നൽകുന്നത്. അതേസമയം, കരാറുമായി ബന്ധപ്പെട്ട് നെതന്യാഹുവുമായി ട്രംപ് കടുത്ത ഭാഷയിൽ സംസാരിച്ചുവെന്നും, നിലവിലെ രീതിയിലാണ് ഇസ്രായേൽ മുന്നോട്ട് പോകുന്നതെങ്കിൽ മറ്റ് ചില തീരുമാനങ്ങൾ അമേരിക്കയ്ക്ക് എടുക്കേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകളുണ്ട്. എതിർപ്പുകൾ നിലനിൽക്കുന്നുണ്ടെങ്കിലും, അമേരിക്കയുടെ കർശന നിലപാടുകൾ കാരണം ഇസ്രായേലിന് ഈ കരാറുമായി സഹകരിക്കേണ്ടി വരുമെന്നും സമാധാന കരാർ വലിയ ആശങ്കകളില്ലാതെ മുന്നോട്ട് പോകുമെന്നുമാണ് വിലയിരുത്തൽ.
ലോക രാജ്യങ്ങൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് അടുത്ത ഏതാനും ദിവസങ്ങളിലേക്കാണ്. പ്രത്യേകിച്ച് ജൂൺ 19 ഏറെ നിർണായക ദിവസമായി കണക്കാക്കപ്പെടുന്നു. അന്നുണ്ടാകുന്ന തീരുമാനങ്ങൾ പശ്ചിമേഷ്യയുടെ ഭാവി രാഷ്ട്രീയത്തെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും സ്വാധീനിച്ചേക്കും.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ സംഭവവികാസങ്ങൾ വളരെ പ്രധാനമാണ്. ഇന്ത്യയുടെ ഊർജസുരക്ഷയും എണ്ണ ഇറക്കുമതിയും പശ്ചിമേഷ്യയിലെ സ്ഥിരതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ സംഘർഷം കുറയുന്നത് ഇന്ത്യയ്ക്കും ഗുണകരമാണ്.
അവസാനമായി പറയുകയാണെങ്കിൽ, അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ അധ്യായം തുറക്കപ്പെടുന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. എന്നാൽ ആ വഴിയിൽ ഇപ്പോഴും നിരവധി വെല്ലുവിളികൾ ബാക്കിയുണ്ട്.
സമാധാന കരാർ യാഥാർത്ഥ്യമാകുമോ? ആണവ വിഷയത്തിൽ ഒത്തുതീർപ്പ് ഉണ്ടാകുമോ? ഉപരോധങ്ങൾ നീക്കപ്പെടുമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് അടുത്ത ദിവസങ്ങളിൽ ലോക രാഷ്ട്രീയം നിർണയിക്കാൻ പോകുന്നത്.
https://www.facebook.com/Malayalivartha























