കേരളം വീണ്ടും പ്രളയഭീതിയിലേയ്‌ക്കോ? കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടതോടെ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; വടക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ്, മൂന്നാറില്‍ വെള്ളപ്പൊക്കം, കനത്ത മഴയില്‍ നിലമ്ബൂര്‍ ടൗണും പരിസരപ്രദേശങ്ങളും വെള്ളത്തിനിടിയില്‍, കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍, പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്നു, ചപ്പാത്ത് വെള്ളത്തിനടിയില്‍- നാന്നൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടതോടെ സംസ്ഥാനത്ത് വ്യാപക നഷ്ടം. ഇടുക്കിയിലെ മൂന്നാറില്‍ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തു. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. വീടുകളില്‍ വെള്ളം കയറി. ഇരവികുളം റോഡിലെ പെരിയവര പാലം തകര്‍ന്ന് മറയൂര്‍ മേഖല ഒറ്റപ്പെട്ട അവസ്ഥയിലാണ്. സംസ്ഥാനത്തെ നദികളില്‍ ജല നിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നദീതിരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിര്‍ത്താതെ പെയ്യുന്ന മഴയില്‍ സംസ്ഥാനത്ത് വ്യാപകനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മിക്കയിടങ്ങളിലെയും വീടുകളില്‍ വെള്ളം കയറിയതിനാല്‍ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി. നിരവധി വാഹനങ്ങളിലും വെള്ളം കയറി. അഴുത ചെക്ക് ഡാം നിറഞ്ഞൊഴുകി. മണികണ്ഠന്‍ ചാല് വെള്ളത്തില്‍ മുങ്ങിയ കോതമംഗലം ജവഹര്‍ കോളനിയിലും വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. ഇടുക്കിയില്‍ പലയിടത്തും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തു. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ഉയര്‍ന്നു. ലോവര്‍ പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. നദീതീരങ്ങളിലുള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത കാറ്റിലും മഴയിലും വടക്കന്‍ കേരളത്തിലും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.
കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്ത്രത്തില്‍ വെള്ളം കയറി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കണിച്ചാറില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. സ്‌കൂളിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. ചാലിയാറും വളപട്ടണം പുഴയും കരകവിഞ്ഞ് ഒഴുകി. കക്കയം ഡാം സൈറ്റ് റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയില്‍ നിലമ്ബൂര്‍ ടൗണും പരിസരപ്രദേശങ്ങളും വെള്ളത്തിനിടിയിലായിരിക്കുകയാണ്. നിലമ്ബൂര്‍ ടൗണിലെ ഭൂരിപക്ഷം പ്രദേശങ്ങളും വെള്ളത്തിനടിയിലായതോടെ ജനങ്ങള്‍ സുരക്ഷിത കേന്ദരങ്ങളിലേയ്ക്ക് താമസം മാറി തുടങ്ങി. നിലമ്ബൂര്‍ ടൗണിലെ പ്രധാന റോഡില്‍ രണ്ടാള്‍പ്പൊക്കത്തില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളുടെ ഒന്നാംനില പൂര്‍ണമായും വെള്ളത്തിനടിയിലാണ്.
ബുധനാഴ്ച രാത്രിമുതല്‍ നിലമ്ബൂരിലും സമീപപ്രദേശങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. കൂടാതെ വനമേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കം രൂപപ്പെടുന്നതിന് കാരണമായി. അതേ സമയം ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലും പലയിടങ്ങളില്‍നിന്നും ജനങ്ങള്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറാന്‍ കൂട്ടാക്കുന്നില്ല എന്നാണ് വിവരം. വെള്ളമിറങ്ങുമെന്ന പ്രതീക്ഷയില്‍ പലരും വീടുകളുടെ രണ്ടാംനിലയില്‍ കഴിയുകയാണ്. ഇവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിന് നിലമ്ബൂരില്‍ വലിയ വെള്ളപ്പൊക്കം ഉണ്ടായിരുന്നു. നിലമ്ബൂര്‍ വനമേഖലയിലെ നെടുങ്കയത്ത് ഉരുള്‍പ്പൊട്ടലുണ്ടായതിനാല്‍ ചാലിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കനത്ത മഴയെ തുടര്‍ന്ന് പമ്പ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ട്. മുക്കൂട്ടുതറ അരയാഞ്ഞിലിമണ്ണിലെ ചപ്പാത്ത് വെള്ളത്തിനടിയിലായി. പ്രദേശത്തെ നാന്നൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. നദി തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. കനത്ത മഴയെ തുടര്‍ന്നുള്ള സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. റവന്യൂ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha

























