ശ്രീറാമിനെ സെക്രട്ടേറിയറ്റിൽ കയറ്റില്ലെന്ന് പിണറായി മന്ത്രിസഭായോഗത്തിൽ; ജാമ്യം നേടി സസ്പെൻഷനും പിൻവലിച്ച് സർവീസിൽ തിരിച്ചെത്തിയാലും മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് സർക്കാർ ജോലി നൽകില്ല

ജാമ്യം നേടി സസ്പെൻഷനും പിൻവലിച്ച് സർവീസിൽ തിരിച്ചെത്തിയാലും മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് സർക്കാർ ജോലി നൽകില്ല. ഒരു കാരണവശാലും ശ്രീറാമിന് ലാവണം നൽകരുതെന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ശ്രീറാമിനെ കേസിൽ തളയ്ക്കണമെന്നും അതിന് കഴിയാതെ വന്നാൽ അദ്ദേഹത്തെ സെക്രട്ടേറിയറ്റിൽ കയറ്റരുതെന്നും ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നാലും ഇത് തന്നെയായിരിക്കും അവസ്ഥ. മാധ്യമപ്രവർത്തകരെ എതിർക്കാൻ അവർ തയ്യാറാവില്ല. ബിജെപിയുമായി അടുപ്പം പുലർത്തുന്ന ഉ ദ്യോഗസ്ഥനായതിനാൽ ചിലപ്പോൾ കേന്ദ്ര സർക്കാരിലേക്ക് ഒരു മാറ്റം സാധ്യമായേക്കാം.
പിണറായി വിജയൻ തന്നെയാണ് മന്ത്രിസഭായോഗത്തിൽ ചർച്ച തുടങ്ങി വച്ചത്. മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ അന്വേഷണത്തിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. മദ്യപിച്ചും അമിതമായ വേഗതയിലുമാണ് ശ്രീറാം കാർ ഓടിച്ചതെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തെ അറിയിച്ചു. സി പി ഐ മന്ത്രിമാർക്ക് കണക്കിന് നൽകാനും പിണറായി മറന്നില്ല.
തുടർന്ന് നടന്ന പത്രസമ്മേളനത്തിലും ശ്രീറാം അമിത വേഗത്തിലാണ് വണ്ടിയോടിച്ചാണ് അപകടമുണ്ടായത് എന്ന് എല്ലാവര്‍ക്കും അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു . കൃത്യസമയത്ത് രക്തപരിശോധന നടത്തുന്നതിൽ അടക്കം പൊലീസിന് ഉണ്ടായ വീഴ്ചകൾ പ്രത്യേകം പരിശോധിക്കുമെന്ന് മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. നടപടികളിലുണ്ടായ വീഴ്ച അന്വേഷിക്കാനും വേണ്ട നടപടി നിര്‍ദ്ദേശിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കും. സര്‍ക്കാരിന്‍റെ അധികാരം ഉപയോഗിച്ച് ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസിൽ നിന്ന് സസ്പെന്‍റ് ചെയ്തു. കേസ് അന്വേഷണത്തിലും നിയമനടപടിയിലും വെള്ളം ചേര്‍ക്കാൻ ആരേയും അനുവദിക്കില്ല. അത്തരം ശ്രമം ആരെങ്കിലും നടത്തിയാൽ അവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും ആരേയും വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് സി പി ഐ യെ കൂടി ഉദ്ദേശിച്ചാണ് പറഞ്ഞത്. സി പി ഐ പ്രമുഖൻ മന്ത്രി ചന്ദ്രശേഖരൻ ശ്രീറാമിനോട് പ്രതിപത്തി പുലർത്തുന്ന ആളാണ്. മൂന്നാറിലെ കുരിശുമറിക്കലിന്റെ കാലം മുതൽ തുടങ്ങിയ ബന്ധമാണ് ഇത്. അപകടം ഉണ്ടായില്ലായില്ലായിരുന്നെങ്കിൽ മന്ത്രി ചന്ദ്രശേഖരന്റെ 5 വകുപ്പുകൾ ഇയാൾ ഭരിച്ചേനെ.
മദ്യപിച്ചിരുന്നില്ലെന്ന് ശ്രീറാം വെങ്കിട്ടരാമൻ മാത്രമെ പറയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു . എന്താണ് സംഭവിച്ചതെന്ന് പൊതുവെ എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്. രക്തത്തിൽ മദ്യത്തിന്‍റെ അംശം ഇല്ലാതാക്കാൻ മരുന്ന് കഴിച്ചെന്ന ആക്ഷേപത്തിൽ അടക്കം വിശദമായ അന്വേഷണം നടക്കുമെന്നും പിണറായി വിജയൻ അറിയിച്ചു. എന്നാൽ ഒൻപത് മണിക്കൂർ കഴിഞ്ഞ് രക്ത പരിശോധന നടത്തിയതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതിരിക്കാനും മുഖ്യമന്ത്രി പ്രത്യേകം ശ്രദ്ധിച്ചു.
ശ്രീറാം വിഷയത്തിൽ മാധ്യമങ്ങൾക്ക് ഒപ്പം നിൽക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. തന്റെ മൂക്കിന് കീഴിലിരുന്ന് തന്റെ ഹിതത്തിന് വിരുദ്ധമായി പ്രവർത്തിച്ച പോലീസ് ഉദ്യോഗസ്ഥരെ മുഖ്യൻ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ പിണറായിക്ക് വേണ്ടപ്പെട്ട ചില ഉദ്യോഗസ്ഥരുമുണ്ട്. എന്നാൽ അതൊന്നും മുഖ്യമന്ത്രി കാര്യമാക്കുന്നില്ല. ശ്രീറാമിനെ സഹായിച്ചവരെ തന്റെ ശത്രുക്കളായി തന്നെയാണ് മുഖ്യമന്ത്രി കാണുന്നത്. ഹൈക്കോടതിയിൽ സർക്കാർ ഫയൽ ചെയ്ത ഹർജിയെ വളരെ ഗൗരവത്തോടെയാണ് മുഖ്യമന്ത്രി കാണുന്നത്. ഹൈക്കോടതിയിൽ ജയിക്കാനാണ് സർക്കാരിന്റെ ശ്രമം. ജാമ്യം റദ്ദായി കിട്ടിയാൽ മാധ്യമങ്ങൾ തനിക്കൊപ്പം നിൽക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശ്വസിക്കുന്നു.
മാധ്യങ്ങളുമായി നഷ്ടപ്പെട്ട ഊഷ്മള ബന്ധം തിരികെ കൊണ്ടു വരാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ശ്രീറാം മുഖ്യമന്ത്രിക്ക് കിട്ടിയ ഒരു കച്ചിതുരുമ്പാണ്. പോലീസ് ശ്രീറാമിനെ സഹായിച്ചിട്ടും ആരോപണങ്ങൾ മുഖ്യമന്ത്രിക്കെതിരെ തിരിയാത്തത് അദ്ദേഹത്തിന്റെ തന്ത്രപരമായ നീക്കത്തിന്റെ ഫലമായാണ്.
https://www.facebook.com/Malayalivartha
























