ആളൂരിന്റെ ഭീതി പരത്തും മുന്‍പ് നിങ്ങളിത് അറിയണം; എന്തുകൊണ്ട് ആളൂര്‍ ? അഡ്വ ശ്രീജിത്ത് പെരുമന എഴുതുന്നു...

കേരളം ചര്‍ച്ചചെയ്യപ്പെട്ട പല സുപ്രധാന കേസുകളിലും പ്രതിക്കുവേണ്ടി കോടതിയില്‍ ഹാജരാകുന്നത് വഴി ശ്രദ്ധ നേടിയ അഭിഭാഷകനാണ് അഡ്വ. ആളൂര്‍. കൂടത്തായി കൊലപാതക കേസിൽ പ്രതിയായ ജോളിക്കുവേണ്ടി ആളൂര്‍ കോടതിയില്‍ ഹാജരാകുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ജോളിക്കുവേണ്ടി 'കുപ്രസിദ്ധ അഭിഭാഷകന്‍' എന്ന വിശേഷണം ആളൂരില്‍ ചാര്‍ത്തുന്നതിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വരുകയാണ് അഭിഭാഷകനായ ശ്രീജിത് പെരുമന എന്താണ് ഒരു അഭിഭാഷകന്റെ ജോലിയെന്നും, പ്രതിക്കു വേണ്ടി ഹാജരാകുന്നതിലൂടെ ഒരു അഭിഭാഷന്‍ നീതിവ്യവസ്ഥയില്‍ ചെയ്യുന്ന ഇടപെടലുകളെ കുറിച്ചും ദീര്‍ഘമായി ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരിക്കുകയാണ് അദ്ദേഹം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ ;
ആളൂരിന്‍െറ ഭീതി പരത്തും മുന്‍പ് നിങ്ങളിത് അറിയണം. (ഒരുപാടുണ്ട് എങ്കിലും കഴിയുമെങ്കില്‍ പൂര്‍ണമായും വായിക്കണം; നാളെ ഉപയോഗ പ്രദമാകാം . മുഴുവന്‍ വായിച്ചിട്ടുമാത്രം സംശയങ്ങള്‍ ചോദിക്കണം ). കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യ പ്രതി ജോലിക്ക് വേണ്ടി അഡ്വ ബി എ ആളൂര്‍ വക്കാലത്ത് എടുത്തു എന്നും, ജോളിക്ക് വേണ്ടി നാളെ കോടതിയില്‍ ഹാജരാകും എന്ന വാര്‍ത്ത കുപ്രസിദ്ധ അഭിഭാഷകന്‍ എന്നുള്ള വിശേണവും, "ആളൂര്‍ വരുന്നു" എന്ന ഭീകരതയുമൊക്കെ പരത്തുന്ന ആളുകളോടും, മാധ്യമങ്ങളോടും ചിലതു പറയാതെ വയ്യ !
1 . ആരാണ് ഒരു അഭിഭാഷകന്‍ ❓
1961 ലെ അഡ്വക്കേറ്റ്സ് ആക്റ്റ് പ്രകാരം നിയമം പ്രാക്റ്റിസ് ചെയ്യുന്ന ജോലിയിലേര്‍പ്പെടുന്ന ആളുകളെയാണ് അഡ്വക്കേറ്റ്സ് എന്ന് വിളിക്കുന്നത്.
2. ഏതൊക്കെ കേസുകളില്‍, ആര്‍ക്കൊക്കെ വേണ്ടി, ഏതൊക്കെ കോടതികളിലാണ് ഒരു അഭിഭാഷകന് കേസുകള്‍ നടത്താന്‍ സാധിക്കുക ❓
ഈ രാജ്യത്തെ കോടതികളില്‍ ഫയല്‍ ചെയ്യപ്പെടുന്ന ഏതൊരു സിവില്‍, ക്രിമിനല്‍, ഭരണഘടന കേസുകള്‍, പൊതുതാത്‌പര്യ ഹര്ജികള്‍, കുടുംബ കേസുകള്‍ തുടങ്ങി എല്ലാവിധ കേസുകളിലും ഏതൊരു അഭിഭാഷകനും ഏതൊരു കക്ഷിക്ക് വേണ്ടിയും, വിചാരണ കോടതി മുതല്‍ സുപ്രീംകോടതിവരെ കേസുകള്‍ നടത്താവുന്നതാണ്.
3 . അഭിഭാഷകര്‍ എങ്ങനെയാണ് കക്ഷികളെ (Clients ) കണ്ടെത്തുന്നത് ❓
പലര്‍ക്കും അജ്ഞതയുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു ചോദ്യമാണത്. മെഡിക്കല്‍/എന്‍ജിനീയറിങ്/ഐടി പ്രൊഫഷനുകളില്‍ നിന്നും വ്യത്യസ്തമായി ഏതൊരു അഭിഭാഷകനും ഏതൊരു രീതിയിലുള്ള പരസ്യത്തിലൂടെയും (പത്രത്തിലൂടെയോ, ടെലിവിഷനിലൂടെയോ മറ്റേതെങ്കിലും മാര്‍ഗ്ഗങ്ങളിലൂടെയോ) പ്രത്യക്ഷമായോ പരോക്ഷമായോ കക്ഷികളെ സ്വാധീനിക്കാനോ, പരസ്യം ചെയ്യാനോ പാടില്ലെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ റൂള്‍സ് 36 ല്‍ വളരെ കൃത്യമായി പറയുന്നു.
4 . എങ്ങനെയാണപ്പോള്‍ അഭിഭാഷകര്‍ കക്ഷികളെ കണ്ടെത്തുന്നത് ❓
"friend of a friend" സുഹൃത്തിന്റെ സുഹൃത്ത് വഴിയുള്ള ബന്ധങ്ങളിലൂടെയും, വാദിച്ച കേസുകളിലൂടെയും, അഭിഭാഷകരെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നതിലൂടെയും, ലീഗല്‍ എഴുതുകളിലൂടെയും മറ്റുമാണ് പൊതുജനങ്ങള്‍ക്ക് അഭിഭാഷകരെ കണ്ടെത്താന്‍ സാധിക്കുന്നത്, എന്നാല്‍ 2008 കൊണ്ടുവന്ന ഒരു ഭേദഗതി പ്രകാരം ഇപ്പോള്‍ അഭിഭാഷകര്‍ക്ക് അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ചുരുങ്ങിയ വിവരങ്ങള്‍ വെച്ചുകൊണ്ട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാവുന്നതാണ്. എന്നാല്‍ അതൊരിക്കലും പരസ്യമായി മാറരുത്.
5 . എന്തുകൊണ്ടാണ് ഇത്തരമൊരു നിയമം ഉള്ളത് ?
മറ്റെല്ലാ ജോലികളില്‍ നിന്നും വ്യത്യസ്തമായി അഭിഭാഷകവൃത്തി എന്നത് ഒരു "noble profession " എന്ന കാഴ്ചപ്പാടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ തുടങ്ങിവെച്ച ഒരു നിയമപരമായ കീഴ്വഴക്കമാണ്.
ഇനി ആളൂരിലേക്ക് വരാം...
6 . ആരാണ് ബി എ ആളൂര്‍ ❓
കേരളത്തിലെ തൃശൂരില്‍ ജനിച്ച് , മഹാരാഷ്ട്ര ഹൈക്കോടതിയിലും പൂനെയിലും, സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ പ്രാക്ടീസ് ചെയുന്ന
മുകളില്‍ പറഞ്ഞ എല്ലാ നിയമപരമായ അധികാരവുമുള്ള ക്രിമിനല്‍ അഭിഭാഷകനാണ് അഡ്വ ബി എ ആളൂര്‍.
7 . അദ്ദേഹം ക്രൂരനായ മനുഷ്യത്വമില്ലാത്ത നിയമവിരുദ്ധനായ ഒരാളാണോ ❓
ആളൂരിനെ തെറിപറയുന്നവര്‍ക്കുള്ള പെറ്റിക്കേസുപോലും തന്റെ പേരില്‍ ഇല്ലാത്ത തികച്ചു നിയമപരമായി ജോലി ചെയ്യുന്ന ഒരാളാണ് ആളൂര്‍. ഇതുവരെ ബലാത്സംഗ, കൊലപാതക, മോഷണ, അടിപിടി, തട്ടിക്കൊണ്ടുപോകല്‍, കൊള്ള, ക്വട്ടേഷന്‍ തുടങ്ങി യാതൊരുവിധ കേസിലും അദ്ദേഹം പ്രതിയല്ല. നിയമവിരുദ്ധമായ ഒരു ജോലിയിലുമല്ല അദ്ദേഹം ഏര്‍പ്പെട്ടിരിക്കുന്നത്.
8 . ബലാത്സംഗവീരന്മാര്‍ക്കും, കൂട്ട കൊലപാതകികള്‍ക്കും,ഏറ്റവും ഹീനമായ പ്രവര്‍ത്തികള്‍ ചെയ്തവര്‍ക്കും വേണ്ടിയല്ലേ അയാള്‍ വാദിക്കുന്നത് ❓
അതെ. അങ്ങനെയുള്ള പ്രതികള്‍ക്ക് വേണ്ടി വാദിക്കുന്നത് നിയമ വിരുദ്ധമോ, ക്രിമിനല്‍ കുറ്റമോ അല്ല. മറിച്ച് പ്രൊഫഷണല്‍ ഉത്തരവാദിത്വമാണ്.
9 . പക്ഷെ ബലാത്സംഗികള്‍ക്കും, കൊലപാതകികള്‍ക്കും വേണ്ടി വാദിക്കുന്നത് ധാര്‍മ്മികമായി ശരിയാണോ ❓
ഒരു അഭിഭാഷകനെന്നുള്ള നിലയില്‍ ശരിയാണെന്നു മാത്രമല്ല, നിയമവാഴ്ചയുടെ പൂര്‍ണ്ണത കൈവരാന്‍ പ്രതികളുടെ ഭാഗം പറയാനുള്ള പൂര്‍ണ്ണമായ അവസരം ലഭിക്കേണ്ടതുണ്ട്.
10 . ഇത്തരം പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കാതിരിക്കുന്നതല്ലേ ധാര്‍മ്മികത ❓
അത് പൊതു സമൂഹത്തിന്റെ അലിഖിത ധാര്‍മ്മികത. ഇവിടെ നിയമവാഴ്ചയില്‍ നീതിയുക്ത വിചാരണയ്ക്കുള്ള അവകാശം പ്രതികള്‍ക്ക് നല്‍കപ്പെട്ടില്ലെങ്കില്‍ ജനാധിപത്യവും, ശരീഅത്ത് നിയമങ്ങളും മത നിയമങ്ങളും, പട്ടാള ഭരണങ്ങളും, രാജ ഭരണങ്ങളുമുള്ള രാജ്യങ്ങളും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലാതെപോകും.
11 . അഭിഭാഷകര്‍ ഹാജരായില്ലെങ്കില്‍ പ്രതിക്ക് ശിക്ഷ കൊടുക്കാന്‍ സാധിക്കില്ലേ ❓
ഇല്ല. എത്ര ഹീനമായ കുറ്റകൃത്യം ചെയ്തു എന്നാരോപിക്കപ്പെടുന്ന പ്രതിയാണെങ്കിലും പ്രതിഭാഗം പ്രതിരോധിക്കാനോ, പറയുന്നതിനോ അവകാശം നല്‍കാതെ നടത്തുന്ന വിചാരണ നീതിയുക്തമായ വിചാരണ അല്ലെന്നു സുപ്രീംകോടതി വിവിധ വീഥികളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അത്തരത്തില്‍ നീതിയുക്തമല്ലാത്ത അഥവാ" fair trial " നടത്താതെയുള്ള ശിക്ഷാവിധി സുപ്രീംകോടതി റദ്ദാക്കുകയും പ്രതികളെ വെറുതെ വിടുകയും ചെയ്യും. അത്തരത്തില്‍ വിചാരണയിലുണ്ടായ പിഴകളുടെ അടിസ്ഥാനത്തിന് പ്രതികളെ വെറുതെവിട്ട നിരവധി കേസുകള്‍ നമുക്ക് മുന്‍പിലുണ്ട്.
12 . അതായത് അഭിഭാഷകര്‍ ഇല്ലെങ്കില്‍ വിചാരണ നടക്കില്ല എന്നാണോ ❓
അല്ല. അഭിഭാഷകര്‍ ഇല്ലെങ്കില്‍ പ്രതിക്ക് താന്‍ ഈ കേസ് സ്വയം വാദിക്കുകയാണ് എന്ന് കോടതിയെ എന്നാല്‍ കോടതിയുടെ അനുമതിയോടെ മാത്രമേ ഒരാള്‍ക്ക് സ്വയം കേസ് വാദിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ക്രിമിനല്‍ കേസുകളില്‍ അഭിഭാഷകര്‍ ഇല്ലെങ്കില്‍ പ്രസ്തുത പ്രതിക്ക് അഭിഭാഷകനെ നല്‍കേണ്ട ബാധ്യത സ്റ്റേറ്റിനുണ്ട്. ഉദാഹരണത്തിന് നിരവധി ആളുകളെ വെടിവെപ്പിലൂടെ കൊലപ്പെടുത്തിയ പാകിസ്ഥാന്‍ തീവ്രവാദി അജ്മല്‍ കസബിനു പോലും വിചാരണക്ക് വേണ്ടി അദ്ദേഹത്തിന്റെ ഭാഗം പ്രതിരോധിക്കാന്‍ ഇന്ത്യ സൗജന്യമായി അഭിഭാഷകരുടെ സേവനം നല്‍കിയിരുന്നു.
അഭിഭാഷകനില്ലാതെ ക്രിമിനല്‍ കേസിലെ പ്രതികളെ വിചാരണ ചെയ്ത് ശിക്ഷിക്കാന്‍ പാടില്ലെന്ന് പാറ്റ്ന ഹൈക്കോടതിയുടെ ചരിത്ര വിധി ഈ വര്‍ഷമാണ് സുപ്രീംകോടതി ശരിവെച്ചത്
അഭിഭാഷകനെ നിയമിക്കാന്‍ പ്രതിക്ക് പ്രാപ്തിയിലെങ്കില്‍ സര്‍ക്കാരിന്റെ ചിലവില്‍ പ്രതിക്ക് വേണ്ടി അഭിഭാഷകനെ നിയമിക്കണം. പട്ടിണിമൂലം അഭിഭാഷകനെ വെക്കാന്‍ കാശില്ലാതെ അഭിഭാഷകനില്ലാതെ വിചാരണ നേരിട്ട കൊലക്കേസ് പ്രതിയുടെ ശിക്ഷയാണ് പാറ്റ്ന ഹൈക്കോടതി റദ്ദാക്കിയത്.
മുഹമ്മദ് റഹിം റാസ റഹ്മാനി എന്ന കൊലക്കേസ് പ്രതിയെ വിചാരണക്കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കുകയായിരുന്നു. എന്നാല്‍ വിചാരണഘട്ടത്തിലൊന്നും പണമില്ലാത്തതുമൂലം പ്രതിരോധത്തിനായി ഒരു അഭിഭാഷകനെ വെക്കാന്‍ പ്രതിക്ക് സാധിച്ചില്ല. വിചാരണ നടത്തിയ സെഷന്‍സ്‌കോടതിയും അഭിഭാഷകനെ നിയമിക്കാതെ വിചാരണ നടത്തുകയായിരുന്നു. ഇതാണ് ഗുരുതരമായ മൗലികാവകാശ ലംഘനമായി ഹൈക്കോടതി കണ്ടെത്തിയത്.
പട്ടിണിമൂലമോ മറ്റ് പ്രാപ്തിയില്ലായ്മകൊണ്ടോ ഒരു പ്രതിക്ക് തന്റെ ഭാഗം പ്രതിരോധിക്കുന്നതിനായി അഭിഭാഷകനെ വെക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് സര്‍ക്കാരില്‍ ചിലവില്‍ നല്കാന്‍ സംസ്ഥാനത്തിന് ഉത്തരവാദിത്വമുണ്ടെന്നും മജിസ്‌ട്രേറ്റ് കോടതികളും, സെഷന്‍സ് ജഡ്ജും പ്രതിഭാഗത്തിനു അഭിഭാഷകനുണ്ടെന്നു ഉറപ്പു വരുത്തേണ്ടതില്‍ പരാജയപ്പെട്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെയും ലംഘനമാണ്. ആയതിനാല്‍ വിചാരണക്കോടതി വിധി റദ്ദാക്കുന്നതായും കോടതി ഉത്തരവിട്ടു.
ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിലെ 303 , 304 വകുപ്പുകളുടെ കടുത്ത ലംഘനമാണ് വിചാരണകോടതിയില്‍ നടന്നിട്ടുള്ളതെന്നു ഹൈക്കോടതി പറഞ്ഞു. അക്കാരണത്താല്‍ പ്രതിക്ക് തന്റെ ഭാഗം പറയാനോ പ്രതിരോധിക്കാനോ സാധിച്ചില്ല ഇത് ഗുരുതരമായ അവസ്ഥയാണെന്നും ഭരണഘടനാ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു
ജസ്റ്റിസ് ആദിത്യ കുമാര്‍ ത്രിവേദിയും, ജസ്റ്റിസ് രാജേന്ദ്ര കുമാര്‍ മിശ്രയുമടങ്ങിയ ബെഞ്ചാണ് ക്രിമിനല്‍ വിചാരണകളില്‍ നാഴികക്കല്ലാകുന്ന ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
13 . എന്തുകൊണ്ട് ആളൂര്‍ ❓ വേറെ അഭിഭാഷകരില്ലേ ❓
മറ്റൊരു പ്രധാനപ്പെട്ട ചോദ്യമാണ്. ഞാന്‍ നേരത്തെ പറഞ്ഞല്ലോ അഭിഭാഷകര്‍ക്ക് നേരിട്ടോ അല്ലാതെയോ പരസ്യം ചെയ്യുന്നതിന് കര്‍ശനമായ വിലക്കുണ്ട് എന്ന്. പക്ഷെ കേസുകളിലൂടെ പൊതുജനങ്ങള്‍ അറിയുന്ന അഭിഭാഷകരെ തേടി കക്ഷികള്‍ അതാതു വിഷയങ്ങളില്‍ സമീപിക്കാറുണ്ട്. ഇവിടെ സമീപകാലത്ത് ഏറ്റവും പ്രമാദമായ ക്രിമിനല്‍ കേസുകളില്‍ നിരവധി പ്രതികള്‍ക്ക് ജാമ്യം നല്‍കിയതും, വധ ശിക്ഷ ജീവപര്യന്തമായി കുറച്ചതുമെല്ലാം ആളൂര്‍ വാദിച്ചിട്ടാണ്. തുടര്‍ന്ന് വലിയ മാധ്യമശ്രദ്ധ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്ന പ്രതികള്‍ ആളൂരിനെ വക്കാലത് ഏല്‍പിക്കുന്നത്. ഒരു പ്രതിയും തന്റെ ഭാഗം തോല്‍ക്കാന്‍ വേണ്ടി കഴിവ് കുറഞ്ഞ അഭിഭാഷകരെ കേസ് ഏല്‍പ്പിക്കില്ലല്ലോ ?
14 . ഏതൊരു കേസിലും അഭിഭാഷകരെ തിരഞ്ഞെടുക്കുക എന്നത് പ്രതിയുടെ അവകാശമാണോ ❓
നൂറു ശതമാനം. പ്രതിയുടെ അല്ലെങ്കില്‍ കുറ്റം ചാര്‍ത്തപ്പെട്ട ആളുടെ മൗലികാവകാശമാണ് ഈ രാജ്യത്തെ ലക്ഷക്കണക്കിന് അഭിഭാഷകരില്‍ നിന്നും ഏതു അഭിഭാഷകനെ വക്കാലത്ത് ഏല്‍പ്പിക്കണം എന്നുള്ളത്. രാജ്യത്തെ ഒരു സംവിധാനത്തിനും പ്രതിയുടെ ഈ അവകാശത്തെ ലംഘിക്കാന്‍ സാധ്യമല്ല.
15 . പ്രതി ആവശ്യപ്പെട്ടാലും അഭിഭാഷകര്‍ക്ക് ആവശ്യമെങ്കില്‍ ഇത്തരം കേസുകള്‍ ഏറ്റെടുക്കാതിരുന്നുകൂടെ❓
തീര്‍ച്ചയായും. ഏത് കേസ് ഏറ്റെടുക്കണം ഏത് ഏറ്റെടുക്കേണ്ട എന്നത് അഭിഭാഷകരുടെ പ്രൊഫഷണല്‍ സ്വാതന്ത്ര്യമാണ്. ഏതെങ്കിലും കേസില്‍ എതിരഭിപ്രായമോ ധാര്‍മ്മികമായി ശരിയല്ലെന്നു തോന്നിയാല്‍ കക്ഷികളോട് വക്കാലത്ത് ഏറ്റെടുക്കുന്നതില്‍ നിന്നും വിസമ്മതിക്കാം
16 . ഒരു അഭിഭാഷന് മറ്റൊരു അഭിഭാഷകനോടോ, ബാര്‍ കൗണ്‍സിലിനോ, ബാര്‍ അസോസിയേഷനോ എല്ലാ അഭിഭാഷകരോടുമോ ഒരു പ്രത്യേക കേസില്‍ വക്കാലത്ത് എടുക്കരുത് എന്ന് പറയാനോ, ഉത്തരവിടാനോ സാധിക്കുമോ ❓
ഉത്തരം ഒരു വലിയ NO ആണ്. ഇന്ത്യ മഹാരാജ്യത്ത് ഒരു അഭിഭാഷകനോടും ഒരാള്‍ക്കും ഒരു പ്രത്യേക കേസ് ഏറ്റെടുക്കരുത് എന്നോ ഏറ്റെടുക്കണമെന്നോ പറയാന്‍ സാധിക്കില്ല. സമീപകാലങ്ങളില്‍ തമിഴ്‌നാട്ടിലും, ഉത്തരാഖണ്ഡിലും ഇത്തരത്തില്‍ ബാര്‍ അസോസിയേഷന്‍സ് നല്‍കിയ സര്‍ക്കുലര്‍ ഹൈകോടതികളും, സുപ്രീംകോടതിയും ശക്തമായി എതിര്‍ക്കുകയും അത്തരം നടപടികള്‍ മേലില്‍ സ്വീകരിക്കരുതെന്നു താക്കീത് ചെയ്യുകയും ചെയ്തിട്ടുണ്ട്.
17 . ആളൂര്‍ വക്കീല്‍ ഹാജരായാല്‍ ജോളിയെ പോലുള്ള പ്രതികള്‍ രക്ഷപെടുകയില്ലേ ❓
ഏതൊരു ക്രിമിനല്‍ കേസിലും ഹാജരാകുന്ന അഭിഭാഷകരുടെ പേരോ, നാളോ നോക്കിയിട്ടല്ല കേസില്‍ വിധി പറയുന്നത് സമര്‍പ്പിക്കപ്പെട്ട തെളിവുകയുടെയും, വസ്തുതകളുടെയും, സാഹചര്യങ്ങളുടെയും, സാക്ഷികളുടെയും അടിസ്ഥാനത്തിലാണ് ഓരോ കേസും വിധി പറയുന്നത്.
https://www.facebook.com/Malayalivartha