തൊഴിലാളിയുടെ കഴുത്തിൽ പെരുമ്പാമ്പ് ചുറ്റി; ശ്രമങ്ങൾക്കിടയിൽ പാമ്പിനെ ചാക്കിലാക്കി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി

പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെ തൊഴിലാളിയുടെ കഴുത്തിൽ പാമ്പ് ചുറ്റി. തൊഴിലുറപ്പ് ജോലിക്കിടെ നെയ്യാർഡാം കിക്മ കോളജ് അങ്കണത്തിൽ കാടുവെട്ടിത്തെളിക്കുകയായിരുന്ന പെരുംകുളങ്ങര പത്മ വിലാസത്തിൽ ഭുവന ചന്ദ്രൻനായ(61)രുടെ കഴുത്തിലാണ് പാമ്പ് പിടിമുറുക്കിയത്. നിസാരപരുക്കുകളോടെ ഇദ്ദേഹം അപകടത്തിൽനിന്നു രക്ഷപ്പെട്ടു.
പകല്‍ പതിനൊന്ന് മണിയോടെ കാട് മൂടിക്കിടന്ന സ്ഥലം വെട്ടിത്തെളിക്കുന്നതിനിടെയാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വനപാലകരെ വിവരമറിയിച്ചെങ്കിലും പെരുമ്പാമ്പ് രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതോടെയാണ് തൊഴിലാളികള്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചത്. 10 അടിയിലെറെ നീളമുള്ള പാമ്പിനെ ചാക്കിലാക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അറുപത്തൊന്നുകാരനായ തൊഴിലാളിയുടെ കഴുത്തില്‍ പാമ്പ് ചുറ്റിയത്.
വനപാലകരെത്തും മുൻപേ 10 അടിയിലേറെ നീളമുള്ള പാമ്പിനെ ഇവർ പിടികൂടി ചാക്കിലാക്കാൻ ശ്രമിക്കുന്നതിനിടെ പാമ്പിന്റെ മധ്യഭാഗം പിടിച്ചിരുന്ന ഭുവനചന്ദ്രൻനായരുടെ കയ്യിൽ നിന്ന് പാമ്പിലുള്ള പിടിവിട്ടു. ഇതോടെ പാമ്പ് വാൽ കഴുത്തിൽ ചുറ്റി. ആദ്യം പകച്ചെങ്കിലും ഇവർ ധൈര്യം കൈവിട്ടില്ല. ഒപ്പമുണ്ടായിരുന്ന തൊഴിലാളികളുടെ സഹായത്തോടെ പാമ്പിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. കഴുത്തിന് നിസാര പരുക്കുണ്ട്. പെരുമ്പാമ്പിനെ ഭുവനചന്ദ്രൻനായരും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് ചാക്കിലാക്കി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. കഴുത്തില്‍ പാമ്പ് ചുറ്റിവരിഞ്ഞ് പരിക്കേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ലെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്.
https://www.facebook.com/Malayalivartha

























