അന്വേഷണം മുറുകുമ്പോള്‍... എല്ലാ ആരോപണങ്ങളും കാര്യസ്ഥന് നേരെ തിരിയുമ്പോള്‍ തന്റെ ഭാഗം ന്യായീകരിച്ച് കാര്യസ്ഥന്‍ രവീന്ദന്‍ നായര്‍; സ്വത്തു വീതം വച്ചത് ജയമാധവന്‍ നായര്‍; കുടുംബത്തിലെ ആറു മരണങ്ങള്‍ക്ക് ശേഷം അവസാനത്തെ അവകാശിയായ ജയമാധവന്‍ നായര്‍ മരണമടഞ്ഞപ്പോള്‍ സംഭവിച്ചതെന്ത്?

തിരുവനന്തപുരം കരമനയില്‍ കൂടത്തില്‍ തറവാട്ടിലെ 7 ദുരൂഹ മരണങ്ങള്‍ കേരളത്തെ ചൂടുപിടിപ്പിക്കുകയാണ്. തറവാട്ടിലെ സ്വത്തുക്കള്‍ കാര്യസ്ഥന്‍ കൈക്കലാക്കി എന്ന തരത്തിലാണ് പരാതിയുമുള്ളത്. അതേസമയം ഇതിനെതിരെ ആരോപണ വിധേയനായ കാര്യസ്ഥന്‍ രവീന്ദന്‍ നായര്‍ രംഗത്തെത്തി. സ്വത്തുക്കള്‍ ജയമാധവന്‍ നായര്‍ ഒന്‍പതായി വിഭജിച്ചു നല്‍കുകയായിരുന്നെന്നും അതിലൊരു ഭാഗമാണു തനിക്കു ലഭിച്ചതെന്നും കാര്യസ്ഥന്‍ വ്യക്തമാക്കി. ഇപ്പോഴത്തെ പരാതിക്കാരിയും, കൂടത്തില്‍ കുടുംബത്തിന്റെ ബന്ധുവുമായ പ്രസന്നകുമാരിയുടെ ആവശ്യത്തെത്തുടര്‍ന്നാണു സ്വത്തുക്കള്‍ ഭാഗംവച്ചതെന്നും രവീന്ദ്രന്‍ നായര്‍ പറഞ്ഞു. കാലടി കൂടത്തില്‍ ഉമാമന്ദിരം വീട്ടിലെ ഗൃഹനാഥനായിരുന്ന ഗോപിനാഥപിള്ളയുടെ ജ്യേഷ്ഠന്‍ വേലുപ്പിള്ളയുടെ മകന്‍, പരേതനായ ഉണ്ണിക്കൃഷ്ണന്റെ ഭാര്യയാണു പ്രസന്നകുമാരി. കുടുംബത്തിലെ ആറു മരണങ്ങള്‍ക്കു ശേഷം, അവസാനത്തെ അവകാശിയായിരുന്നു ജയമാധവന്‍ നായര്‍. കാലടിയിലെ 55 സെന്റ് സ്ഥലവും വീടുമാണ് ഇപ്പോള്‍ രവീന്ദ്രന്‍ നായരുടെ പേരിലുള്ളത്.
മറ്റൊരു ഗുരുതര ആരോപണവും രവീന്ദ്രന്‍ നായര്‍ ഉന്നയിക്കുന്നു. മരിച്ചവരെ ഒരിക്കല്‍പ്പോലും തിരിഞ്ഞുനോക്കിയിട്ടില്ലാത്തവര്‍ ഇപ്പോള്‍ സ്വത്തിനുവേണ്ടിയാണ് ആരോപണമുന്നയിക്കുന്നതെന്നു രവീന്ദ്രന്‍ നായര്‍ പറയുന്നു. അയല്‍പക്കത്തു താമസിച്ചിരുന്ന തനിക്കു കൂടത്തില്‍ വീടുമായി ചെറുപ്പം മുതലുള്ള ബന്ധമാണ്. അക്കാലത്ത് പത്രംവരുത്തുന്നതു കൂടത്തില്‍ വീട്ടിലായിരുന്നു. പത്രം വായിക്കാനായി പതിവായി വരുമായിരുന്നു. അങ്ങനെ വീട്ടിലെ സഹായിയായി. പഠിപ്പുകഴിഞ്ഞ് സര്‍ക്കാര്‍ ജോലി കിട്ടിയപ്പോഴും അതു തുടര്‍ന്നു.
1991 മുതലാണ് ദുരൂഹതയുണ്ടെന്ന് ഇപ്പോള്‍ ആരോപിക്കുന്ന മരണങ്ങളുണ്ടായത്. ഓരോ അസുഖങ്ങള്‍ ബാധിച്ചാണ് ഓരോരുത്തരും മരിച്ചത്. അവസാനം വീട്ടില്‍ ജയപ്രകാശന്‍ നായരും ജയമാധവന്‍ നായരും മാത്രമായതോടെ, 2012നു ശേഷമാണ് കുടുംബത്തില്‍ കൂടുതല്‍ ഉത്തരവാദിത്വമുണ്ടായത്. അവര്‍ എല്ലാ ആവശ്യത്തിനും വിളിച്ചിരുന്നത് എന്നെയാണ്. രാവിലെ ജോലിക്കു പോകുന്നതിനു മുമ്പും വൈകിട്ടും വീട്ടിലെത്തി കാര്യങ്ങള്‍ നോക്കും. ഭക്ഷണമുള്‍പ്പെടെ എല്ലാം എത്തിച്ചുനല്‍കുകയും ചെയ്തിരുന്നു.
ലീല എന്ന ജോലിക്കാരിയുണ്ടായിരുന്നു. സഹോദരനെ പോലെയാണ് അവരെന്നെ കണ്ടിരുന്നത്. ജയപ്രകാശന്‍ നായര്‍ ഒരു രാത്രി വായില്‍നിന്നു നുരയും പതയും വന്ന് കിടക്കുന്നതായി അയല്‍വാസിയായ ചന്ദ്രന്‍നായരാണു ഫോണിലൂടെ അറിയിച്ചത്. ഉടന്‍ വണ്ടിയുമായെത്തി മെഡിക്കല്‍ കോളജിലെത്തിച്ചു. രക്തസമ്മര്‍ദം കൂടി തലയിലെ ഞരമ്പ് പൊട്ടിയെന്നാണു ഡോക്ടര്‍ പറഞ്ഞത്. പിറ്റേന്ന് മരിച്ചു.
അദ്ദേഹത്തിന്റെ ശവസംസ്‌കാരത്തിന് എത്തിയപ്പോഴാണു പ്രസന്നകുമാരിയെ ആദ്യം കാണുന്നത്. 1976ല്‍ ഉണ്ണിക്കൃഷ്ണനുമായി വേര്‍പിരിഞ്ഞ ഇവരെ ജയമാധവന്‍നായര്‍ക്കു പോലും അറിയില്ലായിരുന്നു. സംസ്‌കാരച്ചടങ്ങുകള്‍ക്കു ശേഷം അവര്‍ ജയമാധവന്‍നായരെ കണ്ട് തന്റെ മകന് എന്തെങ്കിലും നല്‍കണമെന്നു പറഞ്ഞു. തുടര്‍ന്ന് സ്വത്തുക്കള്‍ എല്ലാവര്‍ക്കും നല്‍കണമെന്നു പറഞ്ഞ് ജയമാധവന്‍ ഒന്‍പതായി വിഭജിക്കുകയായിരുന്നു. എട്ടു കുടുംബാംഗങ്ങള്‍ക്കും, ഒരു വിഹിതം എനിക്കുമാണ് എഴുതിയത്. അദ്ദേഹത്തെ നോക്കുന്നതിനു വേണ്ടിയായിരുന്നു അത്.
സ്വത്തുവിഹിതം കിട്ടിയവര്‍ പിന്നീട് തിരിഞ്ഞുനോക്കിയില്ല. ഒരിക്കല്‍ രാവിലെ പാലുമായി ഞാന്‍ വീട്ടിലെത്തിയപ്പോഴാണ് കട്ടിലില്‍നിന്നു വീണ നിലയില്‍ ജയമാധവന്‍ നായരെ കണ്ടത്. ഉടന്‍തന്നെ അയല്‍വാസിയായ സഹദേവനെയും കൂട്ടി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ മരണകാരണം അറിയാം.
ഇപ്പോള്‍ പരാതിക്കാരായിരുന്നവര്‍ എന്റെ പേരില്‍ ജയമാധവന്‍നായര്‍ എഴുതിവച്ച സ്ഥലത്തിന്റെ വിഹിതം ആവശ്യപ്പെട്ട് സമീപിച്ചിരുന്നു. മൂന്നു സെന്റ് വീതം നാലുപേര്‍ക്ക് വേണമെന്നായിരുന്നു ആവശ്യം. അതു നിരസിച്ചതോടെയാണു പരാതിയുണ്ടായിരിക്കുന്നത്. എനിക്ക് ആരെയും ഭയക്കേണ്ടതില്ല. ഞാന്‍ കുറ്റം ചെയ്തിട്ടില്ല. പ്രസന്നകുമാരിയുടെ മകന്‍ രംഗത്ത് വരാത്തത് എന്തുകൊണ്ടാണ്. ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമുണ്ടാകട്ടെ. കേസ് അന്വേഷണം നടക്കട്ടെയെന്നും രവീന്ദ്രന്‍ നായര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























