ചക്കരക്കല്ലില്‍ കൂട്ടുകാരികള്‍ ജീവനൊടുക്കിയത് കളിയാക്കലിന്റെ പേരിലെന്ന് പൊലീസ്, ഇരുവരും മാതാപിതാക്കള്‍ക്ക് ഏറെ നാള്‍ കാത്തിരുന്ന് കിട്ടിയ മക്കള്‍

ക്ലാസ് മുറിയില്‍ സഹപാഠികള്‍ തമ്മിലുണ്ടായ ചില നിസ്സാര കളിയാക്കലുകളെ തുടര്‍ന്നാണ് കണ്ണൂര്‍ ചക്കരക്കല്ലില്‍ പ്ലസ്ടു വിദ്യാര്‍ഥിനികളായ കൂട്ടുകാരികള്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ചില സഹപാഠികള്‍ കളിയാക്കിയതായി മൃതദേഹങ്ങള്‍ക്കു സമീപത്തു നിന്നു കിട്ടിയ കത്തില്‍ പരാമര്‍ശമുണ്ട്.
ഗൗരവമുള്ള സംഭവങ്ങളുണ്ടായിട്ടില്ലെന്ന് അവരെ ചോദ്യം ചെയ്ത പൊലീസ് വ്യക്തമാക്കി. മരിച്ച പെണ്‍കുട്ടികളില്‍ ഒരാളുടെ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണില്‍ പെണ്‍കുട്ടിയുമായി നടത്തിയ വാട്‌സാപ് ചാറ്റിങ് ഉണ്ടെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലും പെണ്‍കുട്ടികള്‍ എന്തെങ്കിലും തരത്തിലുള്ള ചൂഷണങ്ങള്‍ക്കു വിധേയരായതായി കണ്ടെത്തിയിട്ടില്ല.
ഹൈസ്‌കൂള്‍ തലം മുതല്‍ പെണ്‍കുട്ടികള്‍ രണ്ടു പേരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും ഇരുവീടുകളിലും സ്ഥിരമായി എത്താറുണ്ട്. ശനിയാഴ്ച ഉച്ച വരെ സ്‌കൂളില്‍ സ്‌പെഷല്‍ ക്ലാസില്‍ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ കുട്ടികള്‍ മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. ഏറെ നേരം കഴിഞ്ഞും പുറത്തു വരാത്തതിനെ തുടര്‍ന്നു വീട്ടുകാര്‍ നോക്കിയപ്പോഴാണു മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
സ്‌കൂളിലും ഇരുവരെക്കുറിച്ചും നല്ല അഭിപ്രായമാണ്. എന്‍എസ്എസ് വൊളന്റിയര്‍മാരായ ഇരുവരും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. മാതാപിതാക്കള്‍ക്ക് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ കുട്ടികളാണ് ഇരുവരും. വീട്ടില്‍ എന്തെങ്കിലും തരത്തിലുള്ള സമ്മര്‍ദം ഇരുവര്‍ക്കും ഉണ്ടായിരുന്നില്ലെന്നാണു ബന്ധുക്കള്‍ പറയുന്നത്.
ചക്കരക്കല്ലില്‍ വിദ്യാര്‍ഥിനികളുടെ ആത്മഹത്യയെത്തുടര്‍ന്നു വാട്‌സാപില്‍ പ്രചരിച്ച വാര്‍ത്തകള്‍ വ്യാജമെന്നു പൊലീസ്. സൗഹൃദ ഗ്രൂപ്പുകളിലെ ചാറ്റുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങളാണു മരണകാരണമെന്നു സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒന്നും ഉണ്ടായിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























