നിലവിളിച്ച് ദേ തിരിച്ചെത്തി... അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേര് മാറ്റാനുള്ള ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധം; അവസാനം പഴയതുപോലെ മലക്കം മറിഞ്ഞ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; പാല്‍പ്പായസത്തിന്റെ പേര് മാറ്റാന്‍ അറിഞ്ഞോ അറിയാതെയോ ദേവസ്വം ബോര്‍ഡ് തീരുമാനം എടുത്തിട്ടില്ലത്രെ... എങ്ങനെയുണ്ട്?

മലയാളികളില്‍ പലരും കുടിച്ചിട്ടില്ലെങ്കിലും കൊതിയോടെ കേട്ടിരുന്ന പേരാണ് അമ്പലപ്പുഴ പാല്‍പ്പായസം. ഇതിന്റെ പേരുമാറ്റി ഗോപാല കഷായമെന്ന് ചേര്‍ക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ തന്നെയാണ് പറഞ്ഞത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. അവസാനം പഴയതുപോലെ പദ്മകുമാര്‍ കാല് മാറി.
അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേരുമാറ്റുമെന്ന പ്രചാരണം തെറ്റിദ്ധാരണ മൂലമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. പാല്‍പ്പായസത്തിന്റെ പേര് മാറ്റാന്‍ അറിഞ്ഞോ അറിയാതെയോ ദേവസ്വം ബോര്‍ഡ് തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴ പാല്‍പ്പായസത്തിന് പേറ്റന്റിന് കൊടുത്ത കൂട്ടത്തില്‍ ഗോപാലകഷായം എന്ന പേര്‍ കൂടി കൊടുക്കാനാണ് ആലോചിച്ചത്. അതിന്റെ ആവശ്യമില്ലെന്നാണ് നാട്ടുകാരുടെ തീരുമാനമെങ്കില്‍ അതിനുവേണ്ടി വാശിപിടിക്കില്ല.
അമ്പലപ്പുഴ ക്ഷേത്രത്തോടും പാല്‍പ്പായസത്തോടുമുള്ള വിശ്വാസ്യത പലരും മുതലെടുക്കുന്നത് കണ്ടിട്ടാണ് അമ്പലപ്പുഴ പേറ്റന്റ് എടുക്കാന്‍ തീരുമാനിച്ചത്. പല സദ്യകളിലും അമ്പലപ്പുഴ പാല്‍പ്പായസമെന്ന് തെറ്റിദ്ധാരണയുണ്ടാക്കി പായസം വിതരണം നടത്തുന്നുണ്ട്. ക്ഷേത്രത്തിലെ നിവേദ്യമെന്ന ധാരണയുണ്ടാക്കി പായസം വില്‍പ്പന നടത്തുന്നവരുണ്ട്. അത്തരം മുതലെടുപ്പ് തടയുന്നതിനുള്ള ശ്രമമല്ലാതെ മറ്റൊന്നും ദേവസ്വം ബോര്‍ഡ് ആലോചിച്ചിട്ടില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം അമ്പലപ്പുഴ പാല്‍പ്പായസത്തിന് പേറ്റന്റ് നേടുകയെന്നത് അഭിനന്ദനാര്‍ഹമാണെന്ന് അഖിലേന്ത്യാ ബ്രാഹ്മണ ഫെഡറേഷന്‍ കേരള ഘടകം ചൂണ്ടിക്കാട്ടി. പാല്‍പ്പായസം നിവേദ്യ പ്രസാദമാകയാല്‍ അതിനുവേണം പ്രാധാന്യവും പേറ്റന്റും നേടേണ്ടത്. ഗോപാല കഷായമെന്നത് വൈദികവിധി പ്രകാരം നിവേദ്യവസ്തുവല്ല. പാല്‍പ്പായസമെന്നത് ആത്മനിര്‍വൃതി നല്‍കുന്ന മധുരതരമായ ഭഗവത്പ്രസാദമാണ്. കഷായമെന്നത് ഭൗതികപ്രാധാന്യമുള്ള ഔഷധത്തെയാണ് സൂചിപ്പിക്കുന്നത്. ക്ഷേത്രങ്ങളില്‍ ആത്മീയതയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്.
അമ്പലപ്പുഴ പാല്‍പായസത്തിന്റെ പേര് മാറ്റാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണുണ്ടായത്. ഇതിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് എം.എം ഹസനും രംഗത്തെത്തി. ഹസന്റെ വ്യാഖ്യാനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഗോപാല കഷായം എന്ന് പേര് മാറ്റാനുള്ള തീരുമാനം സി.പി.ഐ.എം നേതാവ് ആയിരുന്ന എ.കെ ഗോപാലന്റെ സ്മരണയ്ക്കാണെന്നാണ് എം.എം ഹസന്‍ പറഞ്ഞത്.
ഗോപാല കഷായം എന്ന പേരിട്ട് എ.കെ.ജിയുടെ സ്മരണ ഉണര്‍ത്തുന്ന പദ്മകുമാര്‍ പടിയിറങ്ങും മുമ്പ് എരുമേലിയിലോ പമ്പയിലോ മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു പ്രതിമ കൂടി സ്ഥാപിക്കണമെന്നും അതിന്റെ ചുവട്ടില്‍ ശബരിമലയില്‍ 'നവോത്ഥാനം' നടപ്പാക്കിയ വിപ്ലവകാരി' എന്നെഴുതി വയ്ക്കണമെന്നും ഹസന്‍ പരിഹസിച്ചു.
ഇത്തരത്തില്‍ ചെയ്താല്‍ പദ്മകുമാറിന്റെ കാലഘട്ടത്തില്‍ എ.കെ.ജിക്കും പിണറായിക്കും സ്മാരകങ്ങള്‍ ഉണ്ടാക്കിയതായി ചരിത്രത്തില്‍ രേഖപ്പെടുത്താമെന്നും എം.എം ഹസന്‍ പറഞ്ഞു.
അതേസമയം അമ്പലപ്പുഴ പാല്‍പായസത്തിന്റെ പേര് മാറ്റാനുള്ള തീരുമാനത്തിന് എതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പി, പ്രയാര്‍ ഗോപാലകൃഷ്ണന്‍, അമ്പലപ്പുഴ ക്ഷേത്രത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുള്ള ഡോ അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവരും രംഗത്ത് എത്തിയിരുന്നു. അവസാനമാണ് നമ്മുടെ പ്രസിഡന്റിന്റെ നിലവിളിയും മനം മാറ്റവും. അവസാനം പാല്‍പ്പായസം ജനങ്ങള്‍ക്കും കഷായം പ്രസിഡന്റിനും കിട്ടി.
https://www.facebook.com/Malayalivartha


























