അന്ന് പറഞ്ഞത് അതാണ്... സഹോദരിയുടെ മകനെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതോടെ രംഗത്തെത്തിയ സജിത മഠത്തിലിന് സോഷ്യല്‍ മീഡിയ അറ്റാക്ക്; അയ്യപ്പ കോപമാണെന്ന് സോഷ്യല്‍മീഡിയ ആണയിടുമ്പോള്‍ മറുപടിയുമായി സജിത രംഗത്ത്

ഒരു മണ്ഡലകാലം കൂടി പിറക്കുകയാണ്. ഇതിനിടെ ഉണ്ടായ സംഭവവികാസങ്ങള്‍ ശബരിമലയുമായി കൂട്ടിക്കുഴയ്ക്കുകയാണ്. മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശംവച്ചെന്നാരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെക്കുറിച്ച് അമ്മയുടെ സഹോദരിയും നടിയുമായ സജിത മഠത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ ചര്‍ച്ചയായിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സജിത മഠത്തിലിന് നേരെ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. മുന്‍പ് ശബരിമല വിഷയത്തില്‍ സജിത എടുത്ത നിലപാടിനുള്ള ശിക്ഷയാണ്,? അല്ലെങ്കില്‍ ശാപമാണ് അലനെ അറസ്റ്റ് ചെയ്തതിലൂടെ താരത്തിന് കിട്ടിയതെന്ന് വരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ അന്ന് സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നും ഇന്ന് തന്റെ അനിയത്തിയുടെ മകന്റെ വിഷയത്തില്‍ ഇടപെടുന്നത് അവന്റെ വല്ല്യമ്മ എന്ന നിലയിലാണെന്നും അങ്ങനെ അവരോടൊപ്പം നില്‍ക്കുന്ന സമയത്ത് സോഷ്യല്‍മീഡിയ അറ്റാക്ക് ചെയ്യുന്നു എന്നത് തന്നെ സംബന്ധിച്ച് വിഷയമേ അല്ലെന്നും സജിത പ്രതികരിച്ചു.
എന്നെ സോഷ്യല്‍മീഡിയ അറ്റാക്ക് ചെയ്യുന്നു എന്നത് എന്നെ സംബന്ധിച്ച് വിഷയമല്ല. ഞാന്‍ അതേ കുറിച്ച് ആശങ്കാകുലയല്ല. എന്നെ ഇപ്പോള്‍ അലട്ടുന്നത് അലനെതിരേ യു.എ.പി.എ ചുമത്തി അവനെ അറസ്റ്റ് ചെയ്തു എന്ന വിഷയം മാത്രമാണ്.എന്റെ പല രാഷ്ട്രീയ നിലപാടുകളുടെയും പേരില്‍ ശാപം കിട്ടുമെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ ആയിക്കോട്ടെ. ഞാനത് എടുക്കാന്‍ തയ്യാറാണ്. എന്നെ സംബന്ധിച്ച് ഞാന്‍ മുന്നോട്ട് വച്ച രാഷ്ട്രീയ ബോധങ്ങള്‍ ശരിയാണെന്ന് തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. അതില്‍ നിന്ന് പുറകോട്ട് ഞാന്‍ പോവില്ല. ആ രാഷ്ട്രീയബോധം കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് സന്തോഷം തോന്നുകയാണെങ്കില്‍ എനിക്കിത്രയേ പറയാനുള്ളൂ. നിങ്ങളുടെ വീട്ടിലും ഈ പ്രായത്തിലുള്ള കുട്ടികളുണ്ട്. ശ്രദ്ധിച്ചോളൂ... ഇതേ പോലെ 10 25 പൊലീസുകാര്‍ നിങ്ങളുടെ വീട്ടിലേക്ക് ഇടിച്ചുകയറുന്നത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പ്രത്യേകിച്ച് ഈ രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍. സജിത പറഞ്ഞു.
അലന്റെ വല്ല്യമ്മയും നടിയുമായ സജിത മഠത്തിന് അലനെപ്പറ്റി ഓര്‍ക്കുമ്പോള്‍ നൂറ് നാവാണ്. കശ്മീരിലെ ജനങ്ങള്‍ ഒറ്റപ്പെട്ടപ്പോള്‍ അവന്‍ പരീക്ഷയെഴുതാന്‍ വരെ ബുദ്ധിമുട്ടി ഡിപ്രഷന്‍ വരുന്നെന്ന് പറഞ്ഞിരുന്നുവെന്ന് സജിത ഓര്‍ക്കുന്നു.
ആ പ്രായത്തിലുള്ള കുട്ടികളേക്കാള്‍ എംപതി കൂടുതലുള്ള പയ്യനാണ്അലന്‍. പ്രളയകാലത്ത്വീട്ടിലേക്കു പോലും വരാതെ തുടര്‍ച്ചയായി പണിയെടുക്കുകയായിരുന്നു. ദുരിതാശ്വാസ ക്യാമ്ബിലായിരുന്നു അവന്‍. കശ്മീര്‍ വിഷയത്തില്‍ അവിടുത്തെ ജനം ഒറ്റപ്പെട്ടപ്പോള്‍ എനിക്ക് പരീക്ഷയെഴുതാന്‍ പറ്റണില്ല ഡിപ്രഷന്‍ തോന്നുന്നു എന്ന് അവന്‍ എന്നോട് പറഞ്ഞിരുന്നു', സജിത മഠത്തില്‍ പറഞ്ഞു. അലനെ അറസ്റ്റ് ചെയ്ത അവസരത്തില്‍ തനിക്കെതിരേ ഉയരുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ചും സജിത മഠത്തില്‍ പ്രതികരിച്ചു.
ഓഗസ്റ്റില്‍ 20 വയസ്സായി അലന്. അലന്‍ നല്ല സാമൂഹിക ബന്ധമുള്ള വ്യക്തിയാണ്. അവന് അറിയാത്ത ആളുകള്‍ തിരുവണ്ണൂരില്‍ ഉണ്ടാവില്ല. കോഴിക്കോടും നല്ല സാമൂഹിക ബന്ധങ്ങളവനുണ്ട്. ആ ഇടപഴകലില്‍ രാഷ്ട്രീയ വ്യത്യാസമില്ല. പാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തകനാണ്. ബാലസംഘത്തിലുണ്ടായിരുന്നു. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ എന്നിവയിലെല്ലാമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനപ്പുറത്ത് നല്ല വായനയുള്ളയാളാണ് അലന്‍. ആ വായനയിലൂടെ പല അന്വേഷണങ്ങളും നടത്താന്‍ ശ്രമിക്കുന്ന വ്യക്തിയുമാണ്. ഈ പ്രായത്തില്‍ എനിക്ക് കണ്ട് പരിചയുമുള്ള കുട്ടികളില്‍ നിന്ന് വ്യത്യസ്തന്‍. 20 വയസ്സിന്റെ കൗതുകവും ജിജ്ഞാസയുമെല്ലാമുണ്ട്. പക്ഷെ അതുകൊണ്ടാണോ അവന്‍ എന്തോ അപകടം ചെയ്യുന്ന പയ്യനാണെന്ന് പോലീസിന് തോന്നിയതെന്നറിയില്ല. എന്നൊക്കെയാണ് സജിതാ മഠത്തില്‍ പറയുന്നത്.
https://www.facebook.com/Malayalivartha


























