ഇസ്ലാഹിയ പള്ളി പരിസരത്ത് മൂന്ന് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ചത് 21 വയസുള്ള മാതാപിതാക്കൾ; കോഴിക്കോട് വിമാനത്താവളത്തിലെ കടയിലെ ജീവനക്കാരിയായ യുവതിക്ക് കുഞ്ഞിനെ ഉപേക്ഷിക്കാൻ ബുദ്ധി ഉപദേശിച്ച യുവാവ് വിദേശത്തേയ്ക്ക് കടന്നുകളഞ്ഞു; സോഷ്യൽ മീഡിയയിൽ ചർച്ചയായ കുഞ്ഞിന്റെ അമ്മയെ തേടി ബന്ധു വീട്ടിൽ എത്തിയതോടെ എല്ലാവരും ഞെട്ടിത്തരിച്ചു- പ്രസവക്കഥ ചുരുളഴിഞ്ഞത് ഇങ്ങനെ

മാങ്കാവ് തിരുവണ്ണൂര്‍ മാനാരിക്ക് സമീപം ഇസ്ലാഹിയ പള്ളിയിൽ കുഞ്ഞിനെ പടിക്കെട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ . തൃശൂർ സ്വദേശിയായ യുവതിയെ ബന്ധുവീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് പന്നിയങ്കര പൊലീസ് പിടികൂടിയത്. കോഴിക്കോട് വിമാനത്താവളത്തിലെ കടയിൽ ജോലി ചെയ്യുന്ന യുവതിയാണ് യുവാവിനൊപ്പം ചേർന്ന് കുഞ്ഞിനെ ഉപേക്ഷിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവം കഴിഞ്ഞയുടനെ യുവതി യുവാവിനൊപ്പം കോഴിക്കോട്ടെത്തുകയായിരുന്നു. പിന്നാലെ കുഞ്ഞിനെ ഉപേക്ഷിക്കാൻ ഇരുവരും ചേർന്ന് പ്ലാൻ ചെയ്യുകയായിരുന്നു. യുവാവിന്റെ നിർദേശപ്രകാരമായിരുന്നു കുട്ടിയെ പള്ളിയിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഇരുപത്തൊന്ന് വയസ്സാണ് അറസ്റ്റിലായ യുവതിയുടെയും കുഞ്ഞിന്റെ അച്ഛന്റെയും വയസ്. സംഭവത്തിന് പിന്നാലെ യുവാവ് വിദേശത്തേക്ക് കടന്നു കളഞ്ഞു.
രാവിലെ ഇരുവരും ബൈക്കിൽ പള്ളിക്കുമുന്നിലെത്തി കുട്ടിയെ കിടത്തി കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പൊലീസ് സംഘം ജില്ലയിലെയും പുറത്തെയും ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുട്ടിയെ ഉപേക്ഷിച്ച സ്ഥലത്തേക്ക് എത്തുന്ന വഴികളിലെ സിസി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചപ്പോഴാണ് 2 പേർ ബൈക്കിൽ വരുന്ന ദൃശ്യങ്ങൾ നിർണായകമായത്. കുട്ടിയെ ഉപേക്ഷിച്ച ശേഷം ഇവർ പോകാവുന്ന വഴികളിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നേരത്തെ ദൃശ്യത്തിൽ കണ്ട ബൈക്ക് കണ്ടെത്തി. അതിൽ നിന്ന് ബൈക്കിന്റെ നമ്പർ പൊലീസിനു ലഭിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെ പറ്റി വിവരം ലഭിച്ചു. ഇയാളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിൽ യുവതിയെക്കുറിച്ചും വിവരം ലഭിച്ചു. യുവതിയെ തിരഞ്ഞ് തൃശൂരിലെ വീട്ടിലെത്തിയപ്പോൾ അവർ ബന്ധുവീട്ടിലാണെന്ന് അറിഞ്ഞു. അവിടെയെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്ന കാരണം എന്താണെന്നു ബന്ധുക്കൾ തിരക്കിയപ്പോഴാണ് യുവതി പ്രസവിച്ചെന്നും കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ചെന്നും അറിയുന്നത്.
കഴിഞ്ഞ മാസമാണ് മൂന്ന് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ പള്ളി പരസത്തുള്ള ഇസ്ലാഹിയ സ്കൂളിലേക്ക് വന്ന ഓട്ടോയിലെ പ്രൈമറി വിദ്യാർഥികൾ കണ്ടത്. ഈ കുഞ്ഞിന് നിങ്ങൾ ഇഷ്ടമുള്ള പേരിടണം. അള്ളാഹു തന്നതാണെന്നു കരുതി നിങ്ങൾ ഇതിനെ നോക്കണം. ഞങ്ങൾക്കു തന്നത് അള്ളാഹുവിനു തന്നെ തിരികെ കൊടുക്കുന്നു. കുഞ്ഞിന് ബിസിജിയും പോളിയോ വാക്സിനും ഹെപ്പറ്റൈറ്റിസ് ബി1 വാക്സിനും കൊടുക്കണം’ എന്ന് എഴുതിയ ഒരു കുറിപ്പും കുഞ്ഞിന് സമീപം കണ്ടെത്തിയിരുന്നു. തുടർന്ന്
വനിതാ പൊലീസും ശിശുസംരക്ഷണ സമിതി പ്രവർത്തകരുമെത്തി കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു. കുട്ടിയുടെ അച്ഛനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ശാരീരികാസ്വാസ്ഥ്യം ഉണ്ടായപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ മൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി. ഇനി ഡിഎൻഎ പരിശോധന നടത്തും. പന്നിയങ്കര ഇൻസ്പെക്ടർ ഇ.രമേശ്, എസ്ഐ എസ്.സുഭാഷ്, എഎസ്ഐ പി.സദാനന്ദൻ എന്നിവരാണ് അന്വേഷണം നടത്തിയത്.
https://www.facebook.com/Malayalivartha


























