വാഹന പരിശോധനയ്ക്കായി കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ യുവാവിന്റെ വീട്ടിലെത്തി പിഴയീടാക്കി!

തൃശ്ശൂരില്‍ വാഹന പരിശോധനയ്ക്കായി കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ യുവാവിനെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പൊക്കി. ഹെല്‍മറ്റില്ലാതെ എത്തിയ കോടാലി സ്വദേശി അഖിലാണ് വാഹന പരിശോധന നടക്കുന്നത് കണ്ടതും ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നു കളഞ്ഞത്.
എന്നാല്‍ ഉദ്യോഗസ്ഥര്‍ സ്മാര്‍ട്ട് ട്രേസര്‍ വഴി വിലാസം കണ്ടെടുത്തു. കുറച്ച് മണിക്കൂറുകള്‍ കഴിഞ്ഞ് മെല്ലെ വീട്ടിലെത്തിയ അഖില്‍ കണ്ടത് വാഹനപരിശോധനയ്ക്ക് കൈകാണിച്ച ഉദ്യോഗസ്ഥര്‍ വീടിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്നതാണ്. വിരുതനെ കുടുക്കാന്‍ അല്‍പം കാത്തിരിക്കേണ്ടിവന്നുവെങ്കിലും പതിനായിരം രൂപ പിഴയീടാക്കിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോകുകയോ അപകടകരമായി വാഹനം ഓടിച്ചു പിടികൂടുകയോ ചെയ്യുന്നവരെ ഒരാഴ്ച താലൂക്ക് ആശുപത്രിയില്‍ സന്നദ്ധ സേവനത്തിനും നിയോഗിക്കുകയാണ് ചെയ്യുകയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തൃശ്ശൂരില്‍ മാത്രം മൂന്ന് പേരെ ഇത്തരത്തില്‍ ആശുപത്രി സേവനത്തിന് അയച്ചിട്ടുണ്ട്. ബൈക്ക് അപകടങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ ഹെല്‍മെറ്റ് പരിശോധന ശക്തമാക്കിയത്.
https://www.facebook.com/Malayalivartha


























