കോപ്പിയടിച്ചെങ്കില്‍ അതെന്‍റെ കഴിവ്, ഒന്നുപോടെയ്; കോപ്പിയടിച്ചെങ്കില്‍ അതു തന്‍റെ കഴിവാണെന്നു പിഎസ്‌സി പരീക്ഷാ തട്ടിപ്പുകേസിലെ പ്രതിയായ നസീം

കോപ്പിയടിച്ചെങ്കില്‍ അതു തന്‍റെ കഴിവാണെന്നു പിഎസ്‌സി പരീക്ഷാ തട്ടിപ്പുകേസിലെ പ്രതിയായ നസീം. ഫേസ്ബുക്കില്‍ പുതിയ ചിത്രം അപ്ഡേറ്റ് ചെയ്തതിന് ഒരാള്‍ നല്‍കിയ കമന്‍റിനുള്ള മറുപടിയിലാണു നസീം നിയമത്തെ കൊഞ്ഞനം കുത്തുന്ന രീതിയില്‍ മറുപടി നല്‍കിയത്.
"തോല്‍ക്കാന്‍ മനസില്ലെന്ന് ഞാന്‍ മനസില്‍ തീരുമാനിച്ച നിമിഷമായിരുന്നു, ഞാന്‍ ആദ്യമായി വിജയിച്ചത്' എന്ന അടിക്കുറിപ്പോടെയാണു കഴിഞ്ഞ ദിവസം നസീം ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രത്തിന് ലൈക്കുകളും കമന്‍റുകളും കുമിഞ്ഞുകൂടി. എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി പേര്‍ തട്ടിപ്പുകാരന് പിന്തുണയുമായി രംഗത്തെത്തി. നസീമിനെതിരേ വിമര്‍ശനങ്ങള്‍ ചൊരിഞ്ഞ ചിലര്‍ക്കെതിരേ സംഘടിത ആക്രമണവുമുണ്ടായി.
"നീയൊക്കെ എങ്ങനെ തോല്‍ക്കാന്‍, അമ്മാതിരി കോപ്പിയടിയല്ലേ' എന്നായിരുന്നു ഒരാളുടെ കമന്‍റ്. ഇതിനു നല്‍കിയ മറുപടിയിലാണ് "കോപ്പിടിച്ചെങ്കില്‍ അതെന്‍റെ കഴിവ്' എന്നു നസീം മറുപടി നല്‍കിയത്. നസീമിന്‍റെ ഈ മറുപടിയെ പിന്തുണച്ച് നിരവധി എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി എന്നതും ശ്രദ്ധേയമാണ്.
പരീക്ഷാ തട്ടിപ്പ് കേസില്‍ ജയിലിലായിരുന്ന നസീം അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതോടെയാണ് ഇരുവര്‍ക്കും സ്വാഭാവികജാമ്യം ലഭിച്ചത്. പിഎസ് സി പരീക്ഷയിലെ ക്രമക്കേട് സ്ഥിരീകരിച്ച് വിജിലൻസ് റിപ്പോർട്ട്. യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ മുൻ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട സിവിൽ പോലീസ് ഓഫിസർ പിഎസ്സി റാങ്ക് ലിസ്റ്റിൽ ക്രമക്കേട് നടന്നതായാണു വിജിലൻസ് കണ്ടെത്തൽ.
ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവർക്കെതിരേയാണ് ക്രമക്കേട് ആരോപണം ഉയർന്നത്. പരീക്ഷാസമയത്ത് ഇവർ മൂന്നുപേരും മൊബൈൽ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണു വിജിലൻസിനു ലഭിച്ചിരിക്കുന്ന സൂചന. പരീക്ഷയുടെ ഉത്തരങ്ങൾ ഇവർക്ക് എസ്എംഎസ് വഴിയോ വാട്സ്ആപ്പ് വഴിയോ ലഭിച്ചുവെന്നാണ് വിജിലൻസ് നിഗമനം. ഇതിന് യൂണിവേഴ്സിറ്റി കോളജിലെത്തിയ ശേഷം അധ്യാപകരുടെ സഹായം ലഭിച്ചതായും സംശയിക്കുന്നു.
ഇതേതുടർന്ന് പിഎസ്സി റാങ്ക് പട്ടികയിൽനിന്ന് ഇവരെ ഒഴിവാക്കി. മൂന്നുപേരെയും പിഎസ്സി പരീക്ഷകളിൽനിന്ന് സ്ഥിരമായി വിലക്കാനും തീരുമാനിച്ചു. പോലീസ് അന്വേഷണത്തിന് പിഎസ്സി ആവശ്യപ്പെടണമെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ശിവരഞ്ജിത് ഉൾപ്പെട്ട പോലീസ് റാങ്ക് ലിസ്റ്റിലെ നടപടികൾ സുതാര്യമായിരുന്നെന്ന് പിഎസ്സി വാദിച്ചിരുന്നത്.
കേസിലെ ഒന്നാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റുമായിരുന്ന ശിവരഞ്ജിത്ത് റാങ്ക് പട്ടികയിൽ ഒന്നാമനായും രണ്ടാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന എ.എൻ.നസീം പട്ടികയിലെ 28-ാം റാങ്കുകാരനായും ഇടം നേടിയതാണ് വിവാദമായത്. പട്ടികയിലെ രണ്ടാം റാങ്കുകാരൻ പി.പി. പ്രണവും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു.
അതേസമയം കേസില്‍ സ്വതന്ത്ര ഏജന്‍സിയുടെ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സമീപകാലത്തെ എല്ലാ പിഎസ്‌സി നിയമനങ്ങളും അന്വേഷിക്കണമെന്നും എങ്കില്‍മാത്രമേ ആ സ്ഥാപനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാനാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കി. എസ്എഫ്‌ഐ നേതാക്കള്‍ പ്രതിയായ പരീക്ഷാ ക്രമക്കേടു കേസില്‍ നാലാംപ്രതി സഫീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പിഎസ്‌സി മുഖാന്തരം അനര്‍ഹര്‍ ജോലിയില്‍ കയറുന്നത് തടയണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. നിലവിലെ അവസ്ഥ നിരാശാജനകമാണ്. സ്വതന്ത്ര ഏജന്‍സിയുടെ നിഷ്പക്ഷമായ അന്വേഷണമാണ് ഇക്കാര്യത്തില്‍ വേണ്ടത്. എങ്കില്‍മാത്രമേ വിശ്വാസ്യത വീണ്ടെടുക്കാനാവൂ ഹൈക്കോടതി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























