സിപിഎം പ്രവര്‍ത്തകര്‍ മാവോയിസ്റ്റുകളാണെന്നു സമ്മതിച്ചു; കോഴിക്കോട് അറസ്റ്റിലായ വിദ്യാര്‍ഥികളായ അലനും താഹയും മാവോയിസ്റ്റുകളാണെന്ന് സമ്മതിച്ചതായി പോലീസ് എഫ്ഐആര്‍; ജാമ്യാപേക്ഷ പരിഗണിക്കവെ, കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറിലാണ് പോലീസ് ഇക്കാര്യം പറയുന്നത്

കോഴിക്കോട് അറസ്റ്റിലായ വിദ്യാര്‍ഥികള്‍ മാവോയിസ്റ്റുകളാണെന്ന് സമ്മതിച്ചതായി പോലീസ് എഫ്ഐആര്‍. സിപിഎം പ്രവര്‍ത്തകരായ രണ്ട് വിദ്യാർത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെ, കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറിലാണ് പോലീസ് ഇക്കാര്യം പറയുന്നത്. യുഎപിഎ ചുമത്തിയതിനെ ന്യായീകരിക്കുന്നതാണ് എഫ്ഐആര്‍.
ഇവരില്‍ നിന്ന് മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയുടെ ലഘുലേഖ പിടിച്ചെടുത്തെന്ന് എഫ്ഐആറില്‍ പറയുന്നു. ബുക്കുകളുടെ പുറംചട്ടയിൽ കോഡ് ഭാഷയിൽ എഴുത്തുകൾ ഉണ്ട്. മരട് ഫ്ലാറ്റുകളുമായി ബന്ധപ്പെട്ട ലേഖനം പിടിച്ചെടുത്തെന്നും എഫ്ഐആറിൽ പറയുന്നു.
പട്രോളിംഗിനിടയില്‍ സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ ചോദ്യം ചെയ്തത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അലന്റെ ബാഗില്‍നിന്നു മാവോവാദി അനുകൂല നോട്ടീസുകള്‍ പിടിച്ചെടുത്തു. അലന് ഷുഹൈബിന്റെ കൈയിലുണ്ടായിരുന്ന ബാഗില്‍നിന്നാണു ലഘുലേഖകള്‍ കണ്ടെടുത്തത്. അലന് ഷുഹൈബും താഹയും സിപിഐ മാവോയിസ്റ്റുകളാണെന്നു സമ്മതിച്ചതെന്നും പോലീസ് എഫ്ഐആറില്‍ വ്യക്തമാക്കുന്നു.
വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് യുഎപിഎ പ്രത്യേക കോടതി കൂടിയായ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ബുധനാഴ്ചത്തേക്കു മാറ്റിയിരുന്നു. വിദ്യാര്‍ഥികള്‍ക്കുമേല്‍ ചുമത്തിയ യുഎപിഎ നീക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് ഗവ. പ്ലീഡര്‍ കോടതിയില്‍ അറിയിച്ചു. യുഎപിഎ ഒഴിവാക്കുന്നതു സംബന്ധിച്ചു സര്‍ക്കാരില്‍നിന്നു നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നു പ്രോസിക്യൂഷന് കോടതിയെ ബോധിപ്പിച്ചു.
കണ്ണൂര്‍ പാലയാട്ടെ സര്‍വകലാശാലാ കാന്പസ് നിയമവിദ്യാര്‍ഥി അലന് ഷുഹൈബ് (20), കണ്ണൂര്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസം വിദ്യാര്‍ഥി താഹ ഫൈസല്‍ (24) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. യുഎപിഎ ചുമത്തിയതിനെതിരെ അലന്റെ അച്ഛനമ്മമാരായ ഷുഹൈബും സബിതയും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha


























