' ബൈക്ക് സ്പ്ലെന്‍ഡര്‍ ആണോ, ഞാന്‍ കൊണ്ടു പോയിരിക്കും' എന്ന് പിടിയിലായ ബൈക്ക് കള്ളന്!
പൊന്‍കുന്നം മുസ്ലിം പള്ളി മൈതാനത്ത് വച്ചിരുന്ന ബൈക്ക് മോഷണം പോയ കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്ന കോട്ടയം വടവാതൂര്‍ സ്വദേശി ഉണ്ണിക്കൃഷ്ണനെ (20) ചൊവ്വാഴ്ച രാവിലെ പൊന്‍കുന്നം പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. വൈകിട്ട് 4 മണിയോടെ കാഞ്ഞിരപ്പള്ളി കോടതിയില്‍ എത്തിച്ച പ്രതി കോടതി വരാന്തയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. കനത്ത മഴയില്‍ കോടതിയുടെ പിന്‍ഭാഗം വഴി രക്ഷപ്പെട്ട പ്രതിക്കായി പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
പോലീസ് സംഘം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം പ്രത്യേക ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തി വരികയായിരുന്നു. കോടതി വരാന്തയില്‍ നിന്ന് ഓടിപ്പോയ പ്രതി പൊന്‍കുന്നം ഗവ.ഹൈസ്കൂളിന് എതിര് വശത്ത് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്പ്ലെന്‍ഡര്‍ ബൈക്ക് തട്ടിയെടുത്തു. ബൈക്കും മോഷ്ടിച്ച് കടക്കുമ്പോള്‍ മണര്‍കാട് വച്ച് നാട്ടുകാരുടെ സഹായത്തോടെ പൊന്‍കുന്നം പൊലീസ് ഇയാളെ വീണ്ടും പിടികൂടുകയായിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും.
വീണ്ടും പിടിയിലായപ്പോള്‍ 20-കാരനായ പ്രതി പോലീസിനോട് പറഞ്ഞത് ഇങ്ങനെയാണ്, ' ബൈക്ക് സ്പ്ലെന്‍ഡര്‍ ആണോ, ഞാന്‍ കൊണ്ടു പോയിരിക്കും'!
https://www.facebook.com/Malayalivartha