കോടതി വെറുതെ വിട്ട വാളയാർ പ്രതിയെ പഞ്ഞിക്കിട്ടു; കോടതി വെറുതെവിട്ടെങ്കിലും ഇയാളെ നാട്ടില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്ന് ഒരുകൂട്ടം നാട്ടുകാര്‍; ഇയാളുടെ ദേഹാസകലം പരിക്കേറ്റിട്ടുണ്ടെങ്കിലും പരിക്കുകളൊന്നും ഗുരുതരമല്ല

തെലങ്കാനയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന പ്രതികളെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തിയ വാർത്ത രാജ്യം സമ്മിശ്ര പ്രതികരണത്തോടുകൂടിയാണ് ഏറ്റെടുത്തത്. അപ്പോഴും കേരളത്തിൽ മുഴങ്ങിയത് വാളയാർ പെൺകുട്ടികളുടെ നീതിക്കുവേണ്ടിയുള്ള ശബ്ദമാണ്. തെലങ്കാനയിൽ സംഭവിച്ച സമാന രീതിയിൽ വാളയാർ പ്രതികളെയും വെടിവച്ച് കൊള്ളണം എന്ന ശബ്ദം സോഷ്യൽ മീഡിയയിൽ ഉയർന്നു. ഈ സാഹചര്യം നിലനിൽക്കെയാണ് വാളയാര്‍ പീഡനക്കേസില്‍ കോടതി വിട്ടയച്ച മൂന്നാം പ്രതിക്ക് നേരെ ആക്രമണം നടന്നു എന്ന വാർത്ത പുറത്തു വരുന്നത്.
അട്ടപ്പള്ളത്ത് വച്ചാണ് മൂന്നാം പ്രതിയായ വി മധുവിന് നേരെ ആക്രമണമുണ്ടായത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡരികില്‍ കിടന്ന മധുവിനെ പൊലീസാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. നാട്ടുകാരില്‍ ചിലര്‍ പ്രദേശത്ത് താമസിക്കാന്‍ പാടില്ലെന്ന് ഇയാളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രിയാണ് സംഭവം. എന്നാല്‍ ആരാണ് മര്‍ദ്ദിച്ചതെന്ന് വ്യക്തമല്ല. ഇയാളുടെ ദേഹാസകലം പരിക്കേറ്റിട്ടുണ്ടെങ്കിലും പരിക്കുകളൊന്നും ഗുരുതരമല്ല. കേസിലെ മൂന്നാം പ്രതിയായ ഇയാള്‍ക്കെതിരെ ഭീഷണിയുണ്ടായിരുന്നു. കോടതി വെറുതെവിട്ടെങ്കിലും ഇയാളെ നാട്ടില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഒരുകൂട്ടം നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇതിന്‍റെ ഭാഗമായാണോ ഈആക്രമണമെന്ന് വ്യക്തമല്ല. പൊലീസ് അല്‍പ്പസമയത്തിനുള്ളില്‍ ഇയാളുടെ മൊഴിയെടുക്കും. ഇതിന് ശേഷം മാത്രമേ മര്‍ദ്ദിച്ചവരെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമാകൂ.
കേരളത്തിന്‍റെ മനഃസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു വാളയാറിലെ സഹോദരിമാരായ രണ്ടു പെൺകുട്ടികളുടെ മരണം. കേസിലെ പ്രതികളായ വി മധു, ഷിബു, എം മധു എന്നിവരെയാണ് ഒക്ടോബർ 25-ന് പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടത്. പെൺകുട്ടികൾ പീഡനത്തിനിരയായെന്നു കണ്ടെത്തിയെങ്കിലും പ്രതികൾ ഇവർ തന്നെയാണെന്ന് എന്ന് തെളിയിക്കുന്നതിൽ അന്വേഷണസംഘത്തിന് വീഴ്ച പറ്റി എന്ന് നിരീക്ഷിച്ചാണ് കോടതി പ്രതികളെ വെറുതെവിട്ടത്.
ബലാത്സംഗം, ആത്മഹത്യാ പ്രേരണ, ബാലപീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. പ്രായപൂർത്തിയാവാത്ത ഒരാൾ അടക്കം കേസിൽ അഞ്ച് പ്രതികൾ ഉണ്ടായിരുന്നു. മൂന്നാം പ്രതി പ്രദീപ്കുമാറിനെ തെളിവില്ലെന്ന് കണ്ട് നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.
2017 ജനുവരി 13-നാണ് അട്ടപ്പള്ളത്ത് 13 വയസ്സുകാരിയേയും പിന്നീട് രണ്ട് മാസത്തിന് ശേഷം മാർച്ച്-4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. രണ്ടു പെൺകുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. എന്നാൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. പ്രതികളുടെ രാഷ്ട്രീയസ്വാധീനം തുടക്കം മുതലേ കേസിനെ വിവാദമാക്കിയിരുന്നു.
അതേസമയം വാളയാറില്‍ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ രക്ഷിക്കാൻ മുൻ എംപിയും സിപിഎം നേതാവുമായ എംബി രാജേഷ് ഇടപെട്ടെന്ന് അഡ്വ എ ജയശങ്കറിന്റെ ആരോപണം ഉയർന്നിരുന്നു. ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് ഇത്തരമൊരു ആരോപണം അഡ്വ എ ജയശങ്കര്‍ ഉന്നയിച്ചത്. ഇതിന് പിന്നാലെ ന്യൂസ് അവര്‍ ചര്‍ച്ചയിലേക്ക് വിളിച്ച എംബി രാജേഷ്, താൻ നിയമനടപടി സ്വീകരിക്കുമെന്നും എ ജയശങ്കറിനെ മര്യാദ പഠിപ്പിക്കുമെന്നും പ്രതികരിച്ചു. ഹൈദരാബാദിൽ ദിശ കേസിലെ പ്രതികൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ നടന്ന ചര്‍ച്ചയ്ക്കിടെയാണ് അഡ്വ എ ജയശങ്കര്‍ ഗുരുതരമായ ആരോപണം സിപിഎമ്മിന്റെ പ്രമുഖ നേതാവിനെതിരെ ഉന്നയിച്ചത്.
https://www.facebook.com/Malayalivartha























