മുദ്രാവാക്യം വിളിച്ച് വരൻ; ഏറ്റുചൊല്ലി വധു; വിവാഹപ്പന്തലിലെ പ്രതിഷേധം; വീഡിയോ വൈറലാകുന്നു

വിവാഹ വീട്ടിലെ വേറിട്ട പ്രതിഷേധം വൈറലാകുന്നു. പൗരത്വ ബില്ലിനും ദേശീയ പൗര റജിസ്റ്ററിനുമെതിരായ മുദ്രാവാക്യം വിളിച്ചാണ് വരനും വധുവും താരമായത്. വരൻ മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നതും വധുവും മറ്റുള്ളവരും ഏറ്റുചൊല്ലുന്നതും ആണ് വിഡിയോയിൽ.
മലപ്പുറം കരുവാരകുണ്ട് പുൽവെട്ടിയിലെ കൊറ്റങ്ങോടൻ അഹ്സൻ തന്റെ വിവാഹപ്പന്തലിൽനിന്ന് വിളിക്കുന്ന ഹിന്ദി മുദ്രാവാക്യങ്ങൾക്ക് വധു സുമയ്യ പർവീണും മറ്റുള്ളവരും ‘ആസാദി’ എന്ന് ഏറ്റുവിളിക്കുന്ന വിഡിയോ ആണ് ഹിറ്റായിരിക്കുന്നത്. ഡൽഹി സർവകലാശാലാ വിദ്യാർഥിയായിരുന്ന അഹ്സൻ ഇപ്പോൾ മധ്യപ്രദേശിലാണ് ജോലി ചെയ്യുന്നത്. സുമയ്യ ബെംഗളൂരു അസിം പ്രേംജി സർവകലാശാലയിൽ എംഎ വിദ്യാർഥിനിയുമാണ്. ‘സിഎഎ – എൻആർസി തള്ളിക്കളയുക’, ‘ഇന്ത്യ ജയിക്കട്ടെ’ എന്നീ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളും ഇവർ കയ്യിലേന്തിയിരുന്നു. പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ നിരവധി പ്രക്ഷോഭങ്ങൾ രാജ്യത്തുടനീളം നടന്നിരുന്നു. ബില്ലിനെതിരെയുള്ള സേവ് ദി ഡേറ്റ് ചിത്രങ്ങളും തരംഗമായിരുന്നു. കേന്ദ്ര സർവകലാശാലകളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികൾ കഴിഞ്ഞ ദിവസം മലപ്പുറത്ത് ഒത്തുചേർന്ന് പ്രകടനം നടത്തിയിരുന്നു. മലപ്പുറം ജില്ലയിലെ വമ്പൻ സെവൻസ് ഫുട്ബോൾ സ്റ്റേഡിയങ്ങളിലൊന്നായ ഒതുക്കുങ്ങലിൽ സ്റ്റേഡിയം ഒന്നാകെ ആസാദി എന്ന് മുദ്രാവാക്യം വിളിച്ചതും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
https://www.facebook.com/Malayalivartha























