ഡല്‍ഹിയിലെ രണ്ട് പീഡനങ്ങളില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

2012ല്‍ നടന്ന നിര്‍ഭയ കേസിന് സമാനമായി അടുത്തിടെ ഡല്‍ഹിയിലുണ്ടായ രണ്ട് പീഡനങ്ങളില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് ഡല്‍ഹി വരെ ബസില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവവും ഡല്‍ഹിയിലെ ഒരു പാര്‍ക്കില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവവും മുന്‍നിര്‍ത്തിയാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍.
രാജ്യതലസ്ഥാനത്ത് ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും അവ തടയുന്നതില്‍ സുരക്ഷാ സേനകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. പിന്നാലെയാണ് രണ്ട് വിഷയങ്ങളിലും സ്വമേധയാ കേസെടുക്കാന്‍ നിര്‍ദേശിച്ചത്.
ഡല്‍ഹിയില്‍ പീഡനസംഭവങ്ങള്‍ തടയുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചു. ബസുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ പൊതുഇടങ്ങളില്‍ പോലും ആവശ്യത്തിന് നിരീക്ഷണ സംവിധാനങ്ങളോ സുരക്ഷാ സംവിധാനങ്ങളോ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി. ചില സ്ഥലങ്ങളില്‍ ഇരുട്ടില്‍ ആവശ്യത്തിന് വെളിച്ചം നല്‍കാനുള്ള സംവിധാനങ്ങള്‍ പോലുമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ടിട്ട് മാത്രം കാര്യമില്ല. നടപടിയാണ് വേണ്ടത്. നടപടിയെടുക്കുന്ന കാര്യത്തില്‍ പൊലീസിന്റെ ഭാഗത്ത് വലിയ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. ഇതിനൊക്കെ ആരാണ് ഉത്തരവാദിയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും കോടതി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha























