കേരളത്തിലുമൊരുങ്ങുന്നു തടങ്കല്‍ പാളയങ്ങള്‍; ജയിലില്‍ക്കഴിയുന്ന വിദേശികളെ പാര്‍പ്പിക്കാന്‍ തടങ്കല്‍ കേന്ദ്രം നിര്‍മിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് കേരള സര്‍ക്കാറിന്റെ നീക്കം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ ഷാക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. കേരള സര്‍ക്കാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ആളിപ്പടരുമ്പോള്‍ അസമിലേതു പോലുള്ള തടങ്കല്‍ പാളയം കേരളത്തിലുമൊരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. ദ ഹിന്ദു ദിനപത്രത്തിന്റേതാണ് റിപ്പോര്‍ട്ട്. ജയിലില്‍ക്കഴിയുന്ന വിദേശികളെ പാര്‍പ്പിക്കാന്‍ തടങ്കല്‍ കേന്ദ്രം നിര്‍മിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് കേരളാ സര്‍ക്കാറിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട് രാജ്യത്തെ കരുതല്‍ തടങ്കല്‍ കേന്ദ്രങ്ങളെക്കുറിച്ചുള്ള വാദങ്ങളും പ്രതിവാദങ്ങളും കൊടുമ്ബിരിക്കൊണ്ടിരിക്കെയാണ് കേരള സര്‍ക്കാര്‍ നീക്കമെന്നത് ഏറെ വിമര്‍ശനത്തിനിടയാക്കിയേക്കും.
സാമൂഹ്യനീതി വകുപ്പിനാണ് ഇതു നിര്‍മിക്കാനുള്ള ചുമതല. ഇതിനായി ശിക്ഷിക്കപ്പെട്ടതോ വിവിധ കുറ്റങ്ങളില്‍പ്പെട്ട് നാടുകടത്തേണ്ടതോ ആയ വിദേശികളുടെ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. അതു ലഭിച്ചാല്‍ നിര്‍മാണം സംബന്ധിച്ച നീക്കവുമായി വകുപ്പ് മുന്നോട്ടുപോകും. തടങ്കല്‍ കേന്ദ്രം നിര്‍മിക്കുന്നതിന്റെ ഭാഗമായി വിദേശികളുടെ എണ്ണമെടുക്കാന്‍ സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയ്ക്ക് സാമൂഹ്യ നീതി വകുപ്പ് കത്തെഴുതിയിരുന്നെങ്കിലും കാര്യമുണ്ടായില്ല. ഏറ്റവുമൊടുവിലായി കഴിഞ്ഞമാസം 26നാണ് വകുപ്പ് കത്തെഴുതിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നാടുകടത്തല്‍ കാത്തിരിക്കുന്ന വിദേശികളുടെയും അനധികൃത കുടിയേറ്റക്കാരുടെയും സഞ്ചാരം നിയന്ത്രിക്കുന്നതിനായി തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തെഴുതിയിരുന്നു. ഇതു സംബന്ധിച്ച് മാതൃകാ തടങ്കല്‍ കേന്ദ്രത്തിന്റെ രൂപരേഖയും അവര്‍ അയച്ചിരുന്നു. ജനുവരിയിലായിരുന്നു ഇതെന്ന് രാജ്യസഭാ വെബ്‌സൈറ്റിലെ വിവരങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, നിര്‍മാണത്തിനായി കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ല. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്നു തന്നെയായിരിക്കും തടങ്കല്‍ പാളയത്തിന്റെ നിര്‍മാണം.
46 കോടി രൂപ ചെലവിലാണ് അസമിലെ മാറ്റിയയില്‍ തടങ്കല്‍പാളയം നിര്‍മ്മിക്കുന്നത്. ഏകദേശം 3,000 പേരെ ഇവിടെ പാര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 15 നിലകളുള്ള കെട്ടിടമാണ് പണിയുന്നത്. ഇതില്‍ 13 നിലകള്‍ പുരുഷന്‍മാര്‍ക്കും രണ്ട് നിലകള്‍ സ്ത്രീകള്‍ക്കുമാണുള്ളത്. 2018ലാണ് തടങ്കല്‍പാളയം പണിയുന്നതിന് ആഭ്യന്തരമന്ത്രാലയം പണം അനുവദിച്ചത്.
അഭയാർഥികൾക്കും അനധികൃതമായി എത്തപ്പെട്ട വിദേശികൾക്കുമായി ഒരു തടങ്കൽ പാളയമെങ്കിലും സജ്ജീകരിക്കണമെന്ന് കഴിഞ്ഞ ജൂലൈയിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. ആധുനിക സജ്ജീകരണങ്ങളോടെയും ദീർഘകാല താമസ സൗകര്യങ്ങളോടെയും ഒരു തടങ്കൽ കേന്ദ്രമെങ്കിലും തയാറാക്കണമെന്നാണ് നിർദേശം നൽകിയിരുന്നത്. 2019 മാതൃക ഡിറ്റൻഷൻ മാനുവൽ എന്ന പേരിൽ പതിനൊന്നു പേജുകളുള്ള നിർദേശങ്ങളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്. എമിഗ്രേഷൻ ചെക്ക് പോസ്റ്റുകളോട് അനുബന്ധിച്ച് നഗരത്തിലോ ജില്ലാ കേന്ദ്രങ്ങളിലോ ഒരു കുടുംബത്തിനുതന്നെ ഒരുമിച്ചു കഴിയാവുന്ന വിധത്തിൽ ഒരു തടങ്കൽ കേന്ദ്രമെങ്കിലും തയാറാക്കണമെന്നാണ് നിർദേശിച്ചിരുന്നത്.
ഭരണഘടനയിലെ 258(1) വകുപ്പനുസരിച്ച് രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്ന വിദേശികളെ കയറ്റിവിടാനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണ്. ആസാമിൽ പൗരത്വ രജിസ്ട്രേഷൻ നടപ്പാക്കുന്നതിനുള്ള തീയതി കഴിഞ്ഞ ഓഗസ്റ്റ് 31 വരെ സുപ്രീംകോടതി ദീർഘിപ്പിച്ചതിനു പിന്നാലെയാണ് കേന്ദ്രസർക്കാർ തടങ്കൽകേന്ദ്രങ്ങൾ സംബന്ധിച്ചു നിർദേശം നൽകിയത്. പശ്ചിമബംഗാളിൽ ഉൾപ്പെടെ ഇതിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവെന്നാണ് റിപ്പോർട്ട്. പൗരത്വ രജിസ്‌ട്രേഷന്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ല. ക്യാബിനറ്റിന്‍റെ മുന്നില്‍ വന്നിട്ടുമില്ല. എന്നിട്ടും അതിനു ചെലവാകുന്ന തുക സംബന്ധിച്ചും, കരുതല്‍ തടവ് സംബന്ധിച്ചും അര്‍ബന്‍ നക്‌സലുകളും കോണ്‍ഗ്രസും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നാണ് മോദി കുറ്റപ്പെടുത്തിയത്.
മാതൃക ഡിറ്റന്‍ഷന്‍ മാനുവല്‍ നിര്‍ദേശ പ്രകാരം തടങ്കല്‍ കേന്ദ്രം സ്ഥാപിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കോ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി ആവശ്യമില്ല. എല്ലാ തടങ്കല്‍ കേന്ദ്രങ്ങളിലും വിദേശ അഭയാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട എംബസിയേയോ കോണ്‍സുലേറ്റിനേയോ കുടുംബത്തെയോ ബന്ധപ്പെടാന്‍ ഒരു സെല്‍ ഉണ്ടായിരിക്കണം. തടങ്കല്‍ കേന്ദ്രങ്ങളില്‍ നൈപുണ്യ കേന്ദ്രങ്ങളും കുട്ടികള്‍ക്ക് ക്രഷും ഉണ്ടായിരിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. ജയില്‍ വളപ്പുകള്‍ക്കു പുറത്തായിരിക്കണം ഇവ നിര്‍മിക്കുന്നത്. ചുറ്റുമതിലും വൈദ്യൂതീകരിച്ച വേലികളും ഉണ്ടായിരിക്കണം. ചുറ്റു മതിലിന് വലിയ ഗേറ്റും പത്തടി ഉയരവും ഉണ്ടായിരിക്കണം. തടങ്കല്‍ കേന്ദ്രങ്ങള്‍ക്ക് എന്തു പേരിടണം എന്നത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്നും മാനുവലില്‍ പറയുന്നു. ആസാമിലെ തടങ്കല്‍ കേന്ദ്രത്തിന്‍റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പൊതു പ്രവര്‍ത്തകന്‍ ഹര്‍ഷ മന്ദര്‍ സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha























