ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി

തിരുവനന്തപുരം കോവളത്ത് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റിയ രണ്ടുപേര്‍ അറസ്റ്റില്‍. വള്ളക്കടവ് സ്വദേശികളായ അഷ്‌കര്‍, നാദിര്‍ഷാ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയാണ് സുരക്ഷാവീഴ്ചയുണ്ടായത്. തിരുവനന്തപുരത്തെ ശ്രീ ഉത്രാടം തിരുനാള്‍ (എസ്.യു.ടി) അക്കാഡമി ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായും ഉപരാഷ്ട്രപതി പങ്കെടുത്തു. ബാലരാമപുരം റെയ് വിജയ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു ചടങ്ങ് നടന്നത്.
ബാലരാമപുരത്തെ ഔദ്യോഗിക പരിപാടിക്കുശേഷം വിമാനത്താവളത്തിലേയ്ക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. തിരുവല്ലം ഭാഗത്തുനിന്നായിരുന്നു ബൈക്ക് വന്നത്. കോവളം ജംഗ്ഷനില്‍വച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്തിയില്ല. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കാഞ്ഞിരംകുളത്ത് വച്ച് യുവാക്കളെ പിടികൂടുകയായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഒരു ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ ഇന്നലെയാണ് കേരളത്തിലെത്തിയത്. മാതാ അമൃതാനന്ദമയിയുടെ 73ാം ജന്മദിനത്തോടനുബന്ധിച്ച് കൊല്ലം മാതാ അമൃതാനന്ദമയി മഠത്തില്‍ സംഘടിപ്പിച്ച വിശ്വസേവാ ദിനാഘോഷങ്ങളില്‍ പങ്കെടുത്തു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ പരിപാടിയില്‍ വിവിധ ജീവകാരുണ്യ പദ്ധതികള്‍ക്കും അദ്ദേഹം തുടക്കമിട്ടു.
https://www.facebook.com/Malayalivartha























