'പൊതു ഇടം എന്‍റേതും';നിർഭയ ദിനത്തിൽ നൈറ്റ് വാക്കിനൊരുങ്ങി സ്ത്രീകൾ

രാത്രികാലങ്ങളിൽ പേടി കൂടാതെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമാണ് ഇന്ന് മിക്ക സ്ത്രീകളും ആഗ്രഹിക്കുന്ന ഏറ്റവും വലിയ അവകാശം. പകൽ സമയങ്ങളിൽപോലും സുരക്ഷിതരല്ലാത്ത സ്ത്രീകൾ ഏറ്റവും ഭയക്കുന്നത് ഇരുൾ വീണു തുടങ്ങുമ്പോഴാകും. തുറിച്ചു നോട്ടങ്ങൾ മുതൽ പീഡനം വരെ സ്ത്രീകൾ ഏത് സമയത്തും നേരിടേണ്ടതായി വരുന്നു. ക്രൂരമായ പീഡനവും പീഡനകൊലപാതകങ്ങളും ഇന്ന് നിത്യ വാർത്തകളാണ്. എന്നാൽ രാത്രികാലങ്ങളിൽ സ്ത്രീകളോട് മോശമായി പെരുമാറുന്നവരെ കയ്യോടെ പിടിക്കാനൊരുങ്ങുകയാണ് കേരളാപോലീസ്. ഇതിനൊരു മുന്നറിയിപ്പെന്നോണം വനിത–ശിശുവികസന വകുപ്പ് നൈറ്റ് വാക് സംഘടിപ്പിക്കുന്നു. നിർഭയ ദിനമായ 29 മുതലാണ് സ്ത്രീകൾ രാത്രി നടത്തം ആരംഭിക്കുന്നത്. 'പൊതു ഇടം എന്‍റേതും’ എന്ന മുദ്രാവാക്യത്തോടെ സ്ത്രീകൾ ആരംഭിക്കുന്ന പുതിയ മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത് ആരോഗ്യമന്ത്രി കെ കെ ശൈലജ ആണ്.
'രാത്രി നടത്തത്തിന് പിന്നില്‍ പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്. രാത്രികാലങ്ങളില്‍ പുറത്ത് ഇറങ്ങി നടക്കുന്നതില്‍ സ്ത്രീകള്‍ക്ക് മാനസികമായ പ്രയാസങ്ങളും അകാരണമായ പേടിയുമുള്ള അവസ്ഥയാണ് നിലനില്‍ക്കുന്നത്. അതില്‍ നിന്നും അവരെ മാറ്റിയെടുക്കുക എന്നതാണ് ആദ്യത്തേത്. ചിലരെങ്കിലും, സമൂഹത്തിലെ വളരെ ഒരു നൂനപക്ഷമെങ്കിലും രാത്രികാലങ്ങളില്‍ സ്ത്രീകളെ കണ്ടാല്‍ അവരെ ശല്യപ്പെടുത്താനായി മുന്നോട്ടു വരുന്ന അവസ്ഥയാണുള്ളത്. ഇങ്ങനെയുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ അപ്പോള്‍ തന്നെ പോലീസിന് കൊടുക്കുകയും അവര്‍ക്കെതിരെ കേസെടുത്ത് കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് രണ്ടാമത്തേത്'- മന്ത്രി കെ കെ ശൈലജ തന്റ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
ആദ്യദിനം മുനിസിപ്പാലിറ്റി, കോർപറേഷൻ പ്രദേശങ്ങളിലെ 100 കേന്ദ്രങ്ങളിൽ രാത്രി 11 മുതൽ പുലർച്ചെ ഒന്നുവരയാണ് നടത്തം സംഘടിപ്പിക്കുന്നത്. ഒറ്റയ്‌ക്കോ രണ്ടോ മൂന്നോ അംഗങ്ങൾ ഉൾപ്പെടുന്ന സംഘമായിട്ടോ സ്ത്രീകൾക്ക് പങ്കെടുക്കാം. എല്ലാ സുരക്ഷയും ഉറപ്പാക്കിയാണ് രാത്രിനടത്തത്തിന് അവസരമൊരുക്കുന്നത്. ജനമൈത്രി പോലീസിന്റെ മേൽ നോട്ടത്തിലായിരിക്കും നടത്തം. ഈ രാത്രികാല നടത്തം ഡിസംബര്‍ 29ന് ശേഷം പ്രചാരണം നൽകാതെ 100 നഗരങ്ങളില്‍ വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ആഴ്ച തോറും സംഘടിപ്പിക്കുമെന്നും മന്ത്രി പറയുന്നു. എന്നാല്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വളരെയധികം വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha























